
പൊതുസ്ഥലങ്ങളിൽ നിന്നുള്ള ആക്രമണത്തേക്കാൾ കൂടുതലായി ഇന്ത്യയിലെ പെൺകുട്ടികൾ നേരിടുന്നത് സൈബർ ആക്രമണം ആണെന്ന കുറിപ്പ് പങ്കുവെച്ച് നിർമാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. സമൂഹ മാധ്യമങ്ങളിൽ നിന്ന് നേരിടുന്ന പീഡനം യാഥാർഥ്യമാണെന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു പഠന റിപ്പോർട്ട് പങ്കുവച്ചാണ് സുപ്രിയ പോസ്റ്റ് പങ്കുവെച്ചത്. ഇന്ത്യയിൽ 58% പെൺകുട്ടികളും ഓൺലൈൻ ആയി പീഡനം നേരിടുന്നുണ്ടെന്ന് സുപ്രിയ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
എമ്പുരാൻ സിനിമയുടെ റിലീസിനു ശേഷം കടുത്ത സൈബറാക്രമണവും വിമർശനവും സുപ്രിയ നേരിട്ടിരുന്നു. ഇത്തരത്തിൽ വിമർശനം ഉന്നയിച്ചവർക്കുള്ള മറുപടികൂടിയാണ് ഈ പോസ്റ്റ്. സമൂഹ മാധ്യമങ്ങളിലെ വിചാരണയ്ക്ക് ശേഷം പലരും അത്തരം പ്ലാറ്റ്ഫോമുകളിൽ നിന്നും നിശബ്ദരാവുകയാണ് പതിവെന്നും സുപ്രിയ പറയുന്നു. ‘പീഡനം യാഥാർഥ്യമാണ്! ഇന്ത്യയിലെ 58% പെൺകുട്ടികളും ഓൺലൈൻ പീഡനം നേരിടുന്നുണ്ട്. 50% പെൺകുട്ടികൾ പറയുന്നത് പൊതു ഇടങ്ങളെ അപേക്ഷിച്ച് സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള പീഡനം നേരിടുന്നുണ്ടെന്നാണ്.
സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള ആക്രമണം നേരിട്ടതിനു ശേഷം മൂന്നിലൊന്നു പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയോ നിശ്ശബ്ദരാവുകയോ ചെയ്യാറുണ്ട്.’ സുപ്രിയ കുറിച്ചു. എമ്പുരാൻ ചിത്രത്തിന്റെ റിലീസിന് ശേഷം വ്യാപകമായി വിമർശനങ്ങളാണ് സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിനും ഭാര്യ സുപ്രിയയ്ക്കും സംഘപരിവാർ നേതാക്കളിൽ നിന്നും നേരിടേണ്ടി വന്നിരുന്നത്. ഇതിനെല്ലാമുള്ള മറുപടിയാണ് താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ്.
English summery:
Abuse Is a Harsh Reality! Girls in India Are Not Safe Even in the Cyber World; Supriya's Story