
എഴുതിയ കഥകളെല്ലാം ചുട്ടുചാമ്പലാക്കിയ ഒരു കൗമാരക്കാരൻ, പിന്നീട് മലയാളസാഹിത്യത്തിലെ പൊൻനക്ഷത്രമായി മാറിയ കഥ. തകഴി ശിവശങ്കരപ്പിള്ള കേരള മോപ്പസാങ്ങായ കഥയാണത്. സ്കൂൾ ഫൈനൽ പരീക്ഷ ജയിച്ച് ഇനി എന്തെന്നറിയാതെ ആശയക്കുഴപ്പത്തിലായ തകഴി, സംഘർഷത്തിെൻറ മൂർധന്യവസ്ഥയിൽ പല മാസികകളിലായി അച്ചടിച്ചു വന്ന തെൻറ കഥകൾ കൂട്ടിയിട്ടു കത്തിച്ചു. ഇൗ പ്രവൃത്തി ചെയ്യാനുണ്ടായ തകഴിയുടെ മാനസികാവസ്ഥയെയും പിന്നീടുള്ള അദ്ദേഹത്തിെൻറ ജീവിതത്തെ തന്നെയും മറ്റൊരു കഥയിലൂടെ അച്ഛൻ മാറ്റിയെടുക്കുകയായിരുന്നു. വാൽമീകിയുടെ കഥയിലൂടെ. ‘വിദ്വാനാകാൻ നീ പള്ളിക്കൂടത്തിലും കോളജിലും ഒന്നും പോകണമെന്നില്ല. അത് സരസ്വതീപ്രസാദം കൊണ്ട് ഉണ്ടാകുന്നതാണ്. എെൻറ മോന് വാൽമീകിയുടെ കഥയറിഞ്ഞുകൂടേ? കാട്ടാളനായ വാൽമീകി തപസുകൊണ്ട് മുനിയും മഹാകവിയുമായില്ലേ? അപ്പോൾ തപസുകൊണ്ട് വിദ്വാനാകാം, മഹർഷിയാകാം, എന്തുമാകാം.’ അച്ഛൻ മകനെ ഉപദേശിച്ചു. പിന്നീട് മരണംവരെയും ആ തപസ് നീണ്ടു. സാഹിത്യത്തിനായുള്ള തപസ്...
13-ാം വയസ്സിൽ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന് കഥകൾ രചിച്ചിട്ടുണ്ട്. കുട്ടനാടിന്‍റെ ഇതിഹാസകാരൻ എന്ന് വിശേഷിക്കപ്പെടുന്ന തകഴിയുടെ ആദ്യകാല കൃതികൾ പല കൈവഴികളിലൂടെ ഒഴുകുന്നതായി കാണാം. ചെക്കോവിന്‍റെയും ഗോർക്കിയുടെയും മോപ്പസാങ്ങിന്‍റെയുമൊക്കെ സ്വാധീനമുണ്ടായിരുന്നു അവയിൽ. തിരുവനന്തപുരം ലോ കോളജിലെ പഠനത്തിനു ശേഷം കേരള കേസരി പത്രത്തിൽ ജോലിക്കു ചേർന്നതോടെയാണ് തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്. കേസരി ബാലകൃഷ്ണ പിള്ളയുമായുള്ള സമ്പർക്കം അദ്ദേഹത്തിന്‍റെ ജീവിതത്തിൽ വഴിത്തിരിവായി. ഈ കാലയളവിൽ ചെറുകഥാരംഗത്ത് സജീവമായി. പിന്നീട് നോവലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1934ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുളള (കാത്ത) വിവാഹം നടന്നു. അതേ വർഷം ‘ത്യാഗത്തിനു പ്രതിഫലം’ എന്ന നോവൽ പ്രസിദ്ധീകരിച്ചു....
മസ്തിഷ്കത്തെ ഹൃദയവുമായി ചേർത്തുവെച്ചാണ് തകഴി രചനകൾ നടത്തിയത്. ലാളിത്യമായിരുന്നു തകഴി കഥകളുടെ മുഖമുദ്ര. വളച്ചുകെട്ടില്ലാത്ത അദ്ദേഹത്തിെൻറ ഭാഷ ശാന്തമായി ഒഴുകുന്ന പുഴ പോലെ അനുവാചക മനസ്സിൽ കുടിയേറി. നാടോടിത്തം തുളുമ്പുന്ന കഥനശൈലി തകഴിയുടെ കഥകളെയും നോവലുകളെയും എന്നും മലയാള മണ്ണിനോട് ചേർത്തു നിർത്തി. ഒരായുസ്സു മുഴുവൻ തകഴി പറഞ്ഞ കഥകൾ കുട്ടനാട്ടിലെ എക്കൽമണ്ണിെൻറ ചൂടും ചൂരും നിറഞ്ഞവയായിരുന്നു....
സ്വന്തം കാലത്തിന്‍റെ പ്രതിഫലനമായിരുന്നു തകഴി രചനകളിൽ നാം കണ്ടത്. ഏഴര വർഷം കൊണ്ടാണ് ഇരുനൂറു വർഷത്തിന്‍റെ വിസ്തൃതമായ കാലദൈർഘ്യത്തിൽ വിരിച്ചിട്ട ‘കയർ’ എന്ന വൻ നോവൽ അദ്ദേഹം നെയ്തു തീർത്തത്. കയർ സുദീർഘമായ ഒരു കാലഘട്ടത്തിെൻറ, കുട്ടനാട് എന്ന ഗ്രാമത്തിൽ തലമുറകളിലായി ജീവിച്ച മനുഷ്യരുടെ ചരിത്രമാണ്. ദേശത്തിന്‍റെ ചരിത്രം മനുഷ്യൻ എങ്ങനെ മണ്ണുമായി ബന്ധപ്പെട്ടു ജീവിച്ചു എന്നതിന്‍റെയാണെന്ന് തകഴി പറഞ്ഞു...
തൻ്റെ നാടിൻ്റെ സ്പന്ദനങ്ങൾ നന്നായി തകഴി മനസ്സിലാക്കി... അതുകൊണ്ടാണു നാലുദിക്കിലേക്കും നോക്കിയപ്പോൾ അദ്ദേഹം കഥകൾ മാത്രം കണ്ടത്. തകഴി എന്ന ഗ്രാമത്തിൻ്റെ അൽപം കിഴക്കോട്ടു പോയാൽ രണ്ടിടങ്ങഴി, പടിഞ്ഞാറോട്ട് പോയാൽ ചെമ്മീൻ, തെക്കോട്ടു പോയാൽ ഏണിപ്പടികൾ, വടക്കോട്ട് പോയാൽ തോട്ടിയുടെ മകൻ എന്ന് പറഞ്ഞാൽ തെറ്റില്ല. തകഴി നോക്കിയപ്പോൾ നാലു ചുറ്റിലും കഥകൾ. അമ്പലപ്പുഴ താലൂക്കിൻ്റെ ഇത്തിരി കിഴക്കുമാറിയാണു രണ്ടിടങ്ങഴിക്കു പശ്ചാത്തലമായ കുട്ടനാട്...
പടിഞ്ഞാറായുള്ള ആറാട്ടുപുഴ, നീർക്കുന്നം കടപ്പുറത്തെ കഥയാണു ചെമ്മീൻ, അഭിഭാഷകനവാൻ തിരുവനന്തപുരത്ത് പഠിക്കുമ്പോഴും തിരുവനന്തപുരത്ത് കേസരി ബാലകൃഷ്ണപിള്ളയോടൊപ്പം സഹകരിച്ച നാളുകളിലും സെക്രട്ടേറിയറ്റിനെ രചനാഭൂമികയാക്കി എഴുതിയതാണ് ഏണിപ്പടികൾ, അമ്പലപ്പുഴയ്ക്ക് വടക്കാണ് തോട്ടിയുടെ മകൻ്റെ കഥ നടക്കുന്ന കിടങ്ങാംപറമ്പും മുല്ലയ്ക്കലും ഉൾപ്പെടുന്ന ആലപ്പുഴ പട്ടണം. അവിടത്തെ തോട്ടിതൊഴിലാളികളിൽ നിന്നാണ് അദ്ദേഹം ഇശുക്കുമുത്തുവിനെയും മകൻ ചുടലമുത്തുവിനെയും ചുടലമുത്തുവിൻ്റെ മകൻ മോഹനനെയും കണ്ടെടുത്തത്...
പാവങ്ങളും പാവങ്ങളുടെ വിശപ്പും തകഴിയുടെ കൃതികളിൽ എന്നും മുന്നിട്ടുനിന്നു. തകഴി എപ്പോഴും മണ്ണിനെക്കുറിച്ചും മണ്ണിലിറങ്ങി കഷ്ടപ്പെട്ടിട്ടും വയർ നിറയാനുള്ളത് കിട്ടാത്തവരെക്കുറിച്ചും ചിന്തിച്ചു. കുട്ടനാട്ടിലെ കേരളത്തിൻ്റെ നെല്ലറ എന്നു കുട്ടികൾ പഠിച്ചു വയ്ക്കുമ്പോൾ തകഴി ചിന്തിച്ചത് അവിടെ നെല്ലില്ലാത്ത അറകൾ എവിടെയെല്ലാമാണുള്ളത്. ജന്മമിമാർ ഉണ്ണുമ്പോൾ കർഷകത്തൊഴിലാളിക്ക് മുണ്ടിൽ പറ്റിപിടിച്ചിരിക്കുന്ന നെന്മണി പോലും എടുക്കാൻ അവകാശമില്ലാത്തതിൻ്റെ നേർചിത്രമാണ് 'രണ്ടിടങ്ങഴി'.
കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായും കേന്ദ്ര സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗമായും പ്രവർത്തിച്ച അദ്ദേഹം ജ്ഞാനപീഠം പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾക്കും അർഹനായി. ശിവനെ മുഖ്യകഥാപാത്രമാക്കി എഴുതാൻ കരുതിയിരുന്ന നോവൽ പാതി വഴിയിൽ ഉപേക്ഷിച്ചാണ് 1999 ഏപ്രിൽ 10-ന് കേരളം കണ്ട മഹാനായ സാഹിത്യകാരൻ അന്തരിച്ചത്...