
അച്ഛൻ കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ മകൻ കിണറ്റിൽ വീണു മരിച്ച കേസിൽ അച്ഛന് 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കല്ലിയൂർ സ്വദേശി ബേബിയെ (63) ആണ് നരഹത്യയ്ക്ക് പത്തു വർഷം കഠിന തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്. ബേബിയുടെ മകൻ സന്തോഷ് (30) ആണ് കൊല്ലപ്പെട്ടത്.
2014 മാർച്ച് മാസം 27-ാം തീയതി പുലർച്ചെ 2 മണിക്കാണ് കേസിനാസ്പദമായ സംഭവം. പ്രതി ബേബി ഭാര്യയും മരണപെട്ട മകൻ സന്തോഷുമൊത്ത് പൊറ്റവിളയിലാണ് താമസിച്ചിരുന്നത്. സ്ഥിരം മദ്യപാനി ആയ ഭർത്താവ് ഭാര്യയെ സ്ഥിരം മർദ്ദിക്കുക പതിവാണ്. പിറ്റേന്ന് പുലർച്ച വരെ തുടർന്ന കലഹത്തിൽ വീട്ടിൽ ഉറങ്ങി കിടന്ന മകൻ സന്തോഷ് എഴുന്നേറ്റ് പിതാവിനെ തടഞ്ഞു നിർത്തി. തുടർന്ന് പ്രതി മകന്റെ നേർക്ക് കല്ലുകൾ വലിച്ചെറിഞ്ഞു. പരിക്കേൽക്കുന്നതിൽ നിന്നും രക്ഷപെട്ട് വീടിനു പുറത്തിറങ്ങിയ മകനെ പിതാവ് വീണ്ടും ആക്രമിച്ചു. സന്തോഷ് ഓടി രക്ഷപെടാൻ ശ്രമിക്കവേ പ്രതി പിന്നെയും കല്ലുമായി വിരട്ടി സമീപത്തെ പുരയിടത്തിലേക്ക് ഓടിച്ചു.
ഓടുന്നതിനിടയിൽ കൈവരി ഇല്ലാത്ത പൊട്ട കിണറ്റിൽ സന്തോഷ് വീഴുക ആയിരുന്നു. അച്ഛൻ മകനെ ആക്രമിക്കുന്നതും പുരയിടം വഴി ഓടിക്കുന്നതും നാട്ടുകാർ കണ്ടിരുന്നു. എന്നാൽ കിണറ്റിൽ മകൻ ഓടി വീണ വിവരം പ്രതി മറ്റുള്ളവരിൽ നിന്നും മറച്ചു വച്ചു. പിറ്റേന്ന് വൈകി നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പൊട്ടകിണറ്റിൽ സന്തോഷ് മരിച്ചു കിടക്കുന്നതു കണ്ടത്. ജാമ്യത്തിലായിരുന്ന പ്രതി ബേബിയെ ശിക്ഷിച്ചു കൊണ്ട് കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്തു. കൂടാതെ മരണപെട്ട സന്തോഷിന്റെ അമ്മയ്ക്കും, വിധവയായ ഭാര്യ മഞ്ജു വിനും വിക്ടിം കോമ്പൻസേഷൻ ആക്ട് പ്രകാരമുള്ള നഷ്ട പരിഹാരം നൽകുന്നതിനും ജില്ലാ ലീഗൽ അധികാരികൾക്ക് നിർദേശം നൽകി.
English summery:
Son who threw stones while chasing fell into well and died; father sentenced to 10 years rigorous imprisonment and fined.