
കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ ഇടുക്കിയിലെ കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസിനെയും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെയും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്.
ഡീൻ കുര്യാക്കോസും സി.വി വർഗീസും തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലക്ഷങ്ങൾ വാങ്ങിയതായി കേസിലെ ഒന്നാം പ്രതി അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. കേസിൽ കോൺഗ്രസിന്റെ വനിതാ നേതാവ് ലാലി വിന്സന്റിനെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
കണ്ണൂരിൽ രജിസ്റ്റർചെയ്ത കേസിൽ ലാലി വിൻസന്റിനെ മൂന്ന് തവണയായി ഏഴ് മണിക്കൂറിലധികമാണ് ചോദ്യം ചെയ്തത്. നിയമോപദേശക എന്ന നിലയിലാണ് അനന്തു കൃഷ്ണനിൽ നിന്ന് 46 ലക്ഷം വാങ്ങിയതെന്നാണ് ലാലിയുടെ മൊഴി. എന്നാൽ, ഇതിൽ ചില പൊരുത്തക്കേടുകളുള്ളതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നു. അതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.
കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരായ നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.