
എന്നെന്നുമോർക്കാനൊരു
അമ്മപ്പാട്ട് "അമ്മേ അമ്മേ അവിടുത്തെ മുൻപിൽ ഞാനാര് ദൈവമാര്...."
മലയാളത്തിന്കിട്ടിയ എക്കാലത്തെയും ഹൃദയസ്പർശിയായൊരു ചലച്ചിത്രഗാനം.
മലയാളത്തിന്റെ പ്രിയകവിയും, ഗാനരചയിതാവുമായിരുന്ന വയലാർരാമവർമ്മ സ്വന്തംഅമ്മയ്ക്കുവേണ്ടി എഴുതിയ ഗാനമാണിത്.
പിന്നീട്, ചായം എന്ന ചിത്രത്തിനുവേണ്ടി ദേവരാജൻമാസ്റ്റർ ഈണംനൽകിയപ്പോൾ
മലയാളിക്ക്ലഭിച്ചത്ഒരു അനുഗ്രഹീത ഗായകനെക്കൂടിയായിരുന്നു.
അയിരൂർസദാശിവൻ.
ഒരൊറ്റഗാനത്തിന്റെ മേൽവിലാസത്തിൽ
ഒരുപാട് പ്രശസ്‌തനാവുകയായിരുന്നു
അയിരൂർ സദാശിവൻ.
ഈചിത്രത്തിൽ “ശ്രീവൽസം മാറിൽചാർത്തിയ....”എന്നൊരു ഗാനംകൂടി
അയിരൂർ സദാശിവൻ പാടിയിട്ടുണ്ട്. അതും ഹിറ്റായിരുന്നു.
പത്തനംതിട്ടജില്ലയിലെ അയിരൂരിൽ ഗായകനായിരുന്ന പദ്മനാഭന്റെയും കുഞ്ഞിക്കുട്ടിയുടേയും
അഞ്ചുമക്കളിൽ ഏറ്റവുംമൂത്തയാളായിരുന്നു സദാശിവൻ.
അച്ഛന്റെപാട്ടുകൾ കേട്ടാണ് സദാശിവൻ വളർന്നത്. കലാകുടുംബത്തിൽ
ജനിച്ചതുകൊണ്ടുതന്നെ സദാശിവന് സംഗീതം ജന്മസിദ്ധമായി ലഭിച്ച കലയായിരുന്നു.
അഞ്ചാം വയസ്സുമുതൽ കെ.എസ്.കുട്ടപ്പൻ ഭാഗവതരിൽ നിന്ന് സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചുതുടങ്ങി.
ഡാൻസർ ചന്ദ്രശേഖരൻനായരുടെ ഓപ്പറാഹൗസിൽ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീത്തിലാണ്
സദാശിവൻ ആദ്യമായി പാടി തുടങ്ങിയത്.
തുടർന്ന് ചങ്ങനാശേരി ഗീഥയിലും, കെപിഎസിയിലും, കോട്ടയം നാഷണൽ തിയേറ്റേഴ്സിലും പാടിയ സദാശിവനെ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് കൊണ്ടുവന്നത് ദേവരാജൻമാസ്റ്ററാണ്.
ആദ്യഗാനം ഹിറ്റായതോടെ ദേവരാജൻ മാസ്റ്റർ അടുത്ത അവസരംനൽകി.
മരം എന്നചിത്രത്തിൽ യൂസഫലികേച്ചേരി രചിച്ച
"മൊഞ്ചത്തിപെണ്ണേ നിൻചുണ്ട്..." എന്നമാപ്പിളപ്പാട്ട് ശൈലിയിലുള്ള ഗാനവും സൂപ്പർ ഹിറ്റായതോടെ
ഭാഗ്യഗായകൻ എന്നവിളിപ്പേരും വീണുസദാശിവന്.
പിന്നീട് അനേകം ഗാനങ്ങൾ അദ്ദേഹത്തിന്റെ സ്വരത്തിൽ മലയാളികൾ കേട്ടു.
"ഉദയ സൗഭാഗ്യ താരകയോ...."
(അജ്ഞാതവാസം) "അല്ലിമലർതത്തേ....."
(ശാപമോക്ഷം)
"അങ്കത്തട്ടുകളുയർന്ന നാട്..."
(അങ്കത്തട്ട്)
"കസ്തൂരിഗന്ധികൾ....."
(സേതുബന്ധനം)
"പാലംകടക്കുവോളം നാരായണാ...."
(കലിയുഗം)
"ചന്ദനക്കുറിചാർത്തി...."
(അലകൾ)
"ഇതിലേപോകും കാറ്റിനുപോലും...."
(വിപഞ്ചിക)
തുടങ്ങിയഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ആദ്യത്തെ ഗാനങ്ങൾ പോലെ ഹിറ്റുകളായില്ല.
മാത്രവുമല്ല, തമാശപ്പാട്ടുകളും കോറസ്പാട്ടുകളുമാണ് പിന്നെ ഏറെയും അദ്ദേഹത്തിന്
പാടാനായി കിട്ടിയത്.
1982 ൽ ചലച്ചിത്ര പരിഷത്ത്കമ്മിറ്റി ഏർപ്പെടുത്തിയ വിലക്കാണ് അയിരൂർസദാശിവനെ
സിനിമയിൽനിന്ന് തഴയപ്പെടാൻ കാരണമാകുന്നത്.
ബോംബെ മലയാളി അസോസിയേഷൻ നടത്തിയ
ഒരു സ്റ്റാർ നൈറ്റുമായി ബന്ധപ്പെട്ട് കമ്മിറ്റിയെധിക്കരിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ മേൽ
ചാർത്തിയകുറ്റം.
എന്നാൽ വിലക്കിനെ അദ്ദേഹം പുല്ലു പോലെ അവഗണിച്ചു.
"സിനിമയിൽപാടിക്കില്ല എന്നല്ലേയുള്ളൂ.
ഈഭൂമിയിലൊരിടത്തും പാടിക്കാതിരിക്കാൻ കമ്മറ്റിയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ"
എന്നദ്ദേഹം തിരികെചോദിക്കുകയുണ്ടായത്രേ.
പിന്നീട് അനേകം നാടകങ്ങളിലും ഗാനമേളകളിലും കൂടുതൽ സജീവമാവുകായിരുന്നു
അദ്ദേഹം.
അയിരൂർസദാശിവന്റെ "സൂപ്പർമെലഡി" എന്നഗാനമേള ട്രൂപ്പ് കേരളത്തിലുടനീളം
പ്രോഗ്രാമുകൾ നടത്തിയിരുന്നു.
കേരളത്തിലെ സ്റ്റേജ്കലാകാരന്മാരുടെ സംഘടനയായ "സവാക്കി"ന്റെ വൈസ്പ്രസിഡന്റുമായിരുന്നു.
ആകാശവാണിയിൽ വർഷങ്ങളോളം സംഗീതസംവിധായകനും, ഓഡിഷൻകമ്മറ്റി അംഗമായും
അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ഒരുപാട്ലളിതഗാനങ്ങൾക്ക് അദ്ദേഹം ഈണംപകർന്നിട്ടുണ്ട്.
സിനിമയിൽനിന്നും ആരും അദ്ദേഹത്തിന് പിന്നീട് അവസരങ്ങൾ നൽകിയില്ല.
ആരോടും അദ്ദേഹം അവസരം ചോദിച്ചതുമില്ല.
1984ൽനിർമ്മിച്ച, റിലീസായിട്ടില്ലാത്ത
"വിപഞ്ചിക" എന്നചിത്രത്തിലെ ഗാനങ്ങൾക്ക് ഈണംപകർന്ന്, ഒരുഗാനവുമാലപിച്ചുകൊണ്ട്
സിനിമയിൽ വീണ്ടുമെത്തി അദ്ദേഹം മധുര പ്രതികാരം ചെയ്തു.
“ഇതിലേപോകും കാറ്റിനുപോലും...” എന്നഗാനം ഹിറ്റാവുകയുംചെയ്തു.
രാജഹംസം എന്ന ചിത്രത്തിലെ
"സന്യാസിനീ നിൻ
പുണ്യാശ്രമത്തിൽഞാൻ..." എന്നഗാനം
ആദ്യം പാടി റെക്കോഡ്ചെയ്തത് അയിരൂർ സദാശിവന്റെ ശബ്ദത്തിലായിരുന്നു.
പുറത്തുവന്നത് യേശുദാസിന്റെ സ്വരത്തിലും.
2015ഏപ്രിൽ 9ന് എറണാകുളത്തെ ഗാനമേള പ്രോഗ്രാം കഴിഞ്ഞുവരും വഴി ചങ്ങനാശേരി-ആലപ്പുഴ
എ.സി.റോഡിലുണ്ടായ വാഹനാപകടത്തിലാണ് ആ സംഗീത സ്നേഹി യാത്രയായത്.
മകൻ ശ്രീകുമാർ ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോവുകയായിരുന്നു.
കാലമെത്രമാറിയാലും അമ്മയെക്കുറിച്ചുള്ള ഒരൊറ്റപ്പാട്ടിന്റെ മേൽവിലാസത്തിൽ അയിരൂർ സദാശിവനെ മലയാളികൾ എന്നുമെന്നുംസ്മരിക്കും.