
തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അറവ് മാലിന്യം ശാസ്ത്രിയമായി സംസ്‌ക്കരിക്കാനും അറവ് കേന്ദ്രീകൃതമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊതുസ്ഥലത്തെ അറവും ലൈസൻസ് ഇല്ലാത്ത സ്റ്റാളുകളും ബദൽ സംവിധാനം ഉറപ്പാക്കി ഒഴിവാക്കണം.
കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങൾക്ക് വിമാനത്താവളത്തിന്റെ സിഎസ്ആർ ഫണ്ട് കൂടി ഉപയോഗിക്കണം. മാലിന്യ നിക്ഷേപ സാധ്യതാ സ്ഥലങ്ങളിൽ സിസിടിവി നിരീക്ഷണം ഉറപ്പാക്കണം. ഹരിതകർമ്മ സേന ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കണം. അജൈവ മാലിന്യ സംസ്‌ക്കരണവും ശക്തിപ്പെടുത്തണം.
എയർപോർട്ട് പരിസര പ്രദേശം മുഴുവൻ സമ്പൂർണ മാലിന്യ മുക്തമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കണം. അറവ് മാലിന്യം ഉൾപ്പെടെ തള്ളുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണം.
കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങളൊക്കെ നടത്തേണ്ടത്. വിമാനത്താവള മാനേജ്‌മെന്റെ പ്രതിനിധി, കോർപ്പറേഷൻ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. മാതൃകാപരമായ ഭൂപ്രദേശമാക്കി എയർപോർട്ട് പരിസരത്തെ മാറ്റാനുള്ള നടപടികൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.