
ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) ഒരുമിച്ച് മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. എഐഎഡിഎംകെ മേധാവി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ചെന്നൈയിൽ അമിത് ഷാ പറഞ്ഞു.
പളനിസ്വാമിയുടെയും സ്ഥാനമൊഴിയുന്ന ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ. അണ്ണാമലൈയുടെയും സാന്നിദ്ധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. "വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയും എൻഡിഎ സഖ്യവും ഒരുമിച്ച് മത്സരിക്കുമെന്ന് എഐഎഡിഎംകെ, ബിജെപി നേതാക്കൾ തീരുമാനിച്ചു," അമിത് ഷാ പറഞ്ഞു.
ആഴ്ചകൾ നീണ്ട പിന്നണി ചർച്ചകളാണ് ഇതോടെ അവസാനിക്കുന്നത്. ഇരു പാർട്ടികളും പ്രധാന വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് പൊതു അജണ്ടയിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും പൊതുമിനിമം പരിപാടി ഉണ്ടാക്കുമെന്നും അമിത് ഷാ പറഞ്ഞു.
സഖ്യത്തിന് മുമ്പ് അണ്ണാമലൈയെ സംസ്ഥാന ബിജെപി മേധാവി സ്ഥാനത്തു നിന്ന് നീക്കുകയാണോ എന്ന ചോദ്യത്തിന്, പുഞ്ചിരിയോടെയായിരുന്ന് അമിത് ഷായുടെ മറുപടി. 'അങ്ങനെയൊന്നുമില്ല. അണ്ണാമലൈ ഇന്നും സംസ്ഥാന പ്രസിഡന്റാണ്. അതുകൊണ്ടാണ് അദ്ദേഹം എന്റെ അരികിൽ ഇരിക്കുന്നത്. സമഗ്രവും ശക്തവുമായ ഒരു സഖ്യം കെട്ടിപ്പടുക്കാൻ മാത്രമായിരുന്നു കാലതാമസം,' അദ്ദേഹം പറഞ്ഞു.
അതേസമയം, തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തേക്ക് നൈനാര്‍ നാഗേന്ദ്രനിൽ നിന്ന് മാത്രമാണ് നാമനിർദ്ദേശം ലഭിച്ചതെന്ന് അമിത് ഷാ നേരത്തെ എക്സിൽ കുറിച്ചിരുന്നു.