
ചെന്നൈ: കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂളിൽ ആർത്തവമുള്ള ദളിത് വിദ്യാർഥിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി. കിണത്തുകടവിനടുത്തുള്ള സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയെയാണ് ക്ലാസ് മുറിയ്ക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചത്. സംഭവത്തിൽ മാതാപിതാക്കളാണ് സ്വകാര്യ സ്കൂളിനെതിരെ പരാതി നൽകിയത്. തുടര്‍ന്ന് അന്വേഷണവിധേയമായി പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. ആർത്തവം കാരണം വിദ്യാർഥിയെ ക്ലാസ്മുറിയിലെ തന്നെ ഒരു ഇരിപ്പിടത്തിൽ തനിയെ ഇരുത്തണമെന്ന് മാതാപിതാക്കൾ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ പെൺകുട്ടിയെ ക്ലാസ് മുറിയിൽ കയറ്റാൻ അനുവദിക്കാതെ പുറത്തിരുത്തി പരീക്ഷ എഴുതിക്കുകയായിരുന്നു. തുടർച്ചയായി രണ്ട് ദിവസം നടപടി ആവർത്തിച്ചതായാണ് പരാതി.
പെൺകുട്ടിയുടെ അമ്മ സ്കൂളിൽ എത്തിയപ്പോഴാണ് മകൾ പുറത്തിരുന്ന് പരീക്ഷ എഴുതുന്നത് കണ്ടത്. ഇതോടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ആർത്തവമായതിനാൽ പ്രിൻസിപ്പാലിന്റെ നിർദേശപ്രകാരമാണ് പുറത്തിരുത്തിയതെന്ന് പെൺകുട്ടി പറഞ്ഞു. ഇവയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പാലിനെതിരെ നടപടി എടുത്തത്. സംഭവത്തിൽ പൊള്ളാച്ചി എ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അരുന്ധതിയാര്‍ സമുദായത്തില്‍പ്പെടുന്നതാണ് പെണ്‍കുട്ടി. കോയമ്പത്തൂരിലെ ഗ്രാമപ്രദേശമായ സെന്‍ഗുട്ടിപാളയത്ത് പ്രവര്‍ത്തിക്കുന്ന സ്വാമി ചിദ്ഭാവനന്ദ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂളിലെ സ്റ്റെയര്‍കേസിലിരുന്നാണ് പെണ്‍കുട്ടി പരീക്ഷയെഴുതിയത്.
വകുപ്പുതല അന്വേഷണത്തിന് ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തതായി തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി റിപ്പോര്‍ട്ട് ചെയ്തു. "സ്വകാര്യ സ്‌കൂളിനെതിരേ വകുപ്പുതല അന്വേഷണം നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. കുട്ടികളെ ഏതെങ്കിലും വിധത്തില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അനുവദിക്കുകയില്ല. പ്രിയപ്പെട്ട വിദ്യാര്‍ഥിക്ക് വേണ്ടി ഞങ്ങള്‍ ഇവിടെയുണ്ട്. എപ്പോഴും ഞങ്ങള്‍ ഇവിടെയുണ്ടാകും," എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മന്ത്രി പറഞ്ഞു.