Image

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ കഴിയും ; തിരഞ്ഞെടുപ്പ് രീതി പേപ്പര്‍ ബാലറ്റുകളിലേക്ക് മടക്കി കൊടുവരണമെന്ന് യു.എസ് ഇന്റലിജന്‍സ് മേധാവി

Published on 12 April, 2025
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ കഴിയും ; തിരഞ്ഞെടുപ്പ് രീതി പേപ്പര്‍ ബാലറ്റുകളിലേക്ക് മടക്കി കൊടുവരണമെന്ന് യു.എസ് ഇന്റലിജന്‍സ് മേധാവി

വാഷിങ്ടണ്‍: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നും പേപ്പര്‍ ബാലറ്റുകളിലേക്കു മടങ്ങണമെന്നും യു.എസ് ഇന്റലിജന്‍സ് മേധാവി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത യോഗത്തിലാണ് യുഎസ് ഡയറക്ടര്‍ ഓഫ് ഇന്റലിജന്‍സ് തുളസി ഗബ്ബാര്‍ഡ് ഇക്കാര്യം തുറന്നടിച്ചത്. വോട്ടിങ് യന്ത്രത്തിലെ സുരക്ഷാപിഴവുകള്‍ സംബന്ധിച്ച് തെളിവുകളും അവര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നതിന് തങ്ങളുടെ കൈവശം തെളിവുകളുണ്ട്. വോട്ടിങ് പ്രക്രിയയുടെ വിശ്വാസ്യത വീണ്ടെടുക്കണമെങ്കില്‍ പൂര്‍ണമായും പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്നും തുളസി ഗബ്ബാര്‍ഡ് പറഞ്ഞു. ഇവരുടെ പ്രസ്താവന സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സംബന്ധിച്ച ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്.

2020ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം നേരിടുന്ന സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ക്രിസ് കെര്‍ബ്‌സിനെതിരെ ഡോണള്‍ഡ് ട്രംപ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് ഗബ്ബാര്‍ഡിന്റെ പ്രതികരണം.

യുഎസ് ഇന്റലിജന്‍സ് മേധാവിയുടെ പ്രസ്താവന പുറത്തുവന്നതിനെ പിന്നാലെ ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയും ചര്‍ച്ചയായും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിരുന്നു.

എന്നാല്‍, ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ഇന്റര്‍നെറ്റ്, വൈ-ഫൈ എന്നിവയുമായി ബന്ധിപ്പിക്കാത്ത വോട്ടിങ് യന്ത്രങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഈ യന്ത്രങ്ങള്‍ സുപ്രീംകോടതി ഉള്‍പ്പടെ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്.

തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പടെ വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാറുണ്ട്. മോക്ക് പോള്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വോട്ടെടുപ്പിന് മുമ്പ് നടത്താറുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, പോള്‍ ചെയ്ത വോട്ടുകളും കൗണ്ട് ചെയ്ത വോട്ടുകളും തമ്മില്‍ പല തവണയായി വലിയ വ്യത്യാസം കണ്ടെത്തിയിരുന്നു. ഇത് എങ്ങിനെയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഇപ്പോഴും തിരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക