
ന്യൂഡല്‍ഹി: ആര്‍.എസ്.എസ് ബന്ധമുള്ള കോഴിക്കോട്ടെ ജേണലിസം കോളേജിന് ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ (ജെ.എന്‍.യു) ഗവേഷണ സ്ഥാപനമെന്ന അംഗീകാരം. മഹാത്മാ ഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (മാഗ്‌കോം) എന്ന സ്ഥാപനത്തിന് ഗവേഷണ കേന്ദ്ര അംഗീകാരം നല്‍കിയത് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ.
ആര്‍.എസ്.എസിന്റെ മുഖവാരികയായ കേസരിയുടെ ആസ്ഥാനമായ കോഴിക്കോട് ചാലപ്പുറത്തെ കേസരി ഭവനിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോളജിന്റെ തലപ്പത്തുള്ളത് സംഘ്പരിവാര അനുഭാവിയാണ്. ‘ദേശീയ ബോധം ഉയര്‍ത്തിപ്പിടിക്കുന്ന പത്രപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുക’ എന്ന ലക്ഷ്യത്തോടെയാണ് കോളജ് സ്ഥാപിച്ചതെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്.
ജെ.എന്‍.യുവിന്റെ അംഗീകാരമുള്ള 23 ഗവേഷണ സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ മിക്കവയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രമുഖ സ്ഥാപനങ്ങളാണ്. ലഖ്‌നോയിലെ സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ബംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡല്‍ഹിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇമ്യൂണോളജി തുടങ്ങിയ അതിപ്രശസ്ത ഗവേഷണ കേന്ദ്രങ്ങളുടെ പട്ടികയിലാണ് സംഘ്പരിവാര്‍ ബന്ധമുള്ള കോളജും ഇടംനേടിയത്.
കേരളത്തില്‍നിന്ന് തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) നേരത്തേ ജെ.എന്‍.യു അംഗീകൃത ഗവേഷണ സ്ഥാപനമാണ്. എന്നാല്‍, കോഴിക്കോട്ടെ സ്ഥാപനത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ല. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പോലും ഇവിടെയില്ല.
ബിരുദത്തിനു ശേഷമുള്ള പി.ജി ഡിപ്ലോമ കോഴ്‌സുകളും പ്ലസ് ടു യോഗ്യതയുള്ള ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും മാത്രമാണുള്ളതെന്നാണ് വെബ്‌സൈറ്റിലുള്ളത്. വമ്പന്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ആര്‍.എസ്.എസ് ബന്ധമുള്ള സാധാരണ ജേണലിസം കോഴ്‌സ് സ്ഥാപനത്തിന് നല്‍കിയിരിക്കുന്നത്.
ഗവേഷണ സ്ഥാപനത്തിന് ആവശ്യമായ കെട്ടിട സൗകര്യമോ സ്ഥലസൗകര്യമോ ഇവിടെയില്ല. ജെ.എന്‍.യു ആദ്യമായാണ് ഒരു ജേണലിസം കോളജിന് ഗവേഷണ കേന്ദ്രമെന്ന അംഗീകാരം നല്‍കുന്നത്.
തങ്ങളുടെ പി.ജി ഡിപ്ലോമ കോഴ്‌സിന് ജെ.എന്‍.യുവിന്റെ അംഗീകാരമുണ്ടെന്നാണ് മാഗ്‌കോം നടത്തിപ്പുകാരുടെ അവകാശവാദം. എന്നാല്‍, ഔദ്യോഗികമായ അംഗീകാരമോ അഫിലിയേഷനോ ഇല്ലെന്നും അക്കാദമിക സഹകരണത്തിനായി ധാരണപത്രം ഒപ്പുവെക്കുക മാത്രമാണുണ്ടായതുമെന്ന് ജെ.എന്‍.യു അധികൃതരെ ഉദ്ധരിച്ച് ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു.