Image

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം ; സമ്പൂര്‍ണ വീറ്റോ അധികാരമില്ലെന്ന് പ്രഖ്യാപിച്ച് സുപ്രിം കോടതി

Published on 12 April, 2025
രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം ; സമ്പൂര്‍ണ വീറ്റോ അധികാരമില്ലെന്ന് പ്രഖ്യാപിച്ച് സുപ്രിം കോടതി

ന്യൂദല്‍ഹി: രാഷ്ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ലെന്ന് പ്രഖ്യാപിച്ച് സുപ്രിം കോടതി. ഗവര്‍ണര്‍ക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ചു. മൂന്ന് മാസത്തിനകം രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഥവാ ബില്ലുകള്‍ പിടിച്ചുവെക്കുന്നുണ്ടെങ്കില്‍ അതിന് മതിയായ കാരണങ്ങള്‍ വേണമെന്നും കോടതി പറഞ്ഞു.

തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി തടഞ്ഞുവെച്ച നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി വീണ്ടും പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന് നേരത്തേ പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

2020 ജനുവരി മുതല്‍ 2023 ഏപ്രില്‍ വരെയുള്ള കാലയളവില്‍ സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട 12 ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി സംസ്ഥാന നിയമസഭ അയച്ചിരുന്നു.

എന്നാല്‍, ഗവര്‍ണര്‍ അവ പാസാക്കാതെ വൈകിപ്പിച്ചു. ഒടുവില്‍ 2023 നവംബറില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പിന്നാലെ ഗവര്‍ണര്‍ രണ്ട് ബില്ലുകള്‍ രാഷ്ട്രപതിക്ക് റഫര്‍ ചെയ്യുകയും ശേഷിക്കുന്ന 10 ബില്ലുകള്‍ പാസാക്കുന്നത് തടയുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനത്തില്‍ 10 ബില്ലുകള്‍ വീണ്ടും പാസാക്കുകയും ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കുകയും ചെയ്തു.

ഇതിനിടെ ആര്‍ട്ടിക്കിള്‍ 200ലെ ആദ്യ വ്യവസ്ഥ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ ഗവര്‍ണര്‍ 10 ബില്ലുകളും രാഷ്ട്രപതിയുടെ പരിഗണനക്കായി റഫര്‍ ചെയ്തു. തുടര്‍ന്ന് രാഷ്ട്രപതി ഒരു ബില്ലിന് അംഗീകാരം നല്‍കുകയും ഏഴ് ബില്ലുകള്‍ നിരസിക്കുകയുമായിരുന്നു.

ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. നേരത്തെ തമിഴ്‌നാട് സംസ്ഥാന നിയമസഭയുടെ പുനപരിശോധനയ്ക്ക് ശേഷവും ഗവര്‍ണര്‍ 10 ബില്ലുകള്‍ തടഞ്ഞുവെക്കുകയും രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തത് ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഗവര്‍ണര്‍ക്ക് രാഷ്ട്രപതിയുടെ അധികാരവും വീറ്റോ അധികാരവും ഇല്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക