
തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദ ഫ്‌ലോട്ടിങ് പാലം കോവളത്തേക്ക് മാറ്റിയേക്കും. വര്‍ക്കല ബീച്ച് ഫ്‌ലോട്ടിംഗ് പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസാധ്യമായതിനാല്‍, ടൂറിസം വകുപ്പ് അത് കോവളത്തേക്ക് മാറ്റാന്‍ ആലോചിക്കുന്നു. കോഴിക്കോട് എന്‍ഐടിയില്‍ നിന്നുള്ള സുരക്ഷാ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക.
കുട്ടികളുള്‍പ്പെടെ 15 ഓളം പേര്‍ക്ക് പരിക്കേറ്റ അപകടത്തെ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വര്‍ക്കലയിലെ വിവാദ ഫ്‌ലോട്ടിംഗ് പാലം അടച്ചത്. വെള്ളിയാഴ്ചയുണ്ടായ ശക്തമായ തിരമാലകളില്‍ പാലം വീണ്ടും തകര്‍ന്നു. വിദഗ്ധ സംഘത്തിന്റെ സുരക്ഷാ പരിശോധനയ്ക്കായി വെള്ളിയാഴ്ച പുലര്‍ച്ചെ ശരിയാക്കിയ പാലമാണ്, ശക്തമായ തിരമാലയില്‍ തകര്‍ന്നത്.
ഇതോടെയാണ് വര്‍ക്കലയിലെ പാലത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നത്. സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത്, വര്‍ക്കലയില്‍ മുമ്പ് അപകടം നടന്ന സ്ഥലത്തു തന്നെ വീണ്ടും ഫ്‌ലോട്ടിംഗ് പാലം സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. എന്‍ഐടിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് വര്‍ക്കല എംഎല്‍എ വി ജോയ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഫ്‌ലോട്ടിംഗ് പാലം സ്ഥാപിക്കുന്നതിനായി തുടക്കത്തില്‍ നാല് വ്യത്യസ്ത സ്ഥലങ്ങളാണ് തെരഞ്ഞെടുത്തിരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഫ്‌ലോട്ടിംഗ് പാലം തകര്‍ന്നതിനെത്തുടര്‍ന്ന് ഒരു സ്ഥലം ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപകടത്തിന് ശേഷം ഫ്‌ലോട്ടിംഗ് പാലം പ്രവര്‍ത്തിപ്പിക്കാനുള്ള രണ്ടാമത്തെ ശ്രമമാണിത്. ഫ്‌ലോട്ടിംഗ് പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാതെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് വി ജോയ് പറഞ്ഞു.
കാലാവസ്ഥ അനുകൂലമെങ്കില്‍ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഏഴ് മാസത്തേക്ക് ഫ്‌ലോട്ടിംഗ് പാലങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കുന്നതിനായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്നാണ് കോവളം. വര്‍ക്കല പാപനാശം കടപ്പുറം പാലത്തിന് യോഗ്യമല്ലെങ്കില്‍, അത് കോവളത്തേക്ക് മാറ്റും. ഇതിനായി മന്ത്രിതലത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2023 ല്‍ അടിമലത്തുറയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇത് വര്‍ക്കലയിലേക്ക് മാറ്റിയത്.