
എടപ്പാളിൽ കാർ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിലിടിച്ച് നാല് വയസ്സുകാരി മരിച്ചു. ഉദിനിക്കര റോഡിൽ താമസിക്കുന്ന ജാബിറിന്റെ മകൾ അംറു ബിൻത് ജാബിറാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഷാഹിറിന്റെ മകൾ ആലിയ (5), സിത്താര (46), സുബൈദ (61) എന്നിവരാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പ്രായമായ ഉമ്മയെ കയറ്റാൻ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിക്കുകയായിരുന്നു. ഈ സമയം മതിലിന് സമീപം നിന്ന അംറു അടക്കമുള്ളവർ കാറിനും മതിലിനുമിടയിൽപ്പെട്ടു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അംറു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആലിയയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുന്നാൾ ആഘോഷത്തിനായി എത്തിയ ബന്ധുക്കൾ മടങ്ങാൻ ഒരുങ്ങവെയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞ് അംറുവിന്റെ പിതാവ് ജാബിര്‍ നാട്ടിലെത്തിയിട്ടുണ്ട്. ജാബിർ-സജ്‌ന ദമ്പതികളുടെ ഏക മകളാണ് മരിച്ച അംറു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം എടപ്പാൾ അങ്ങാടി ജുമാമസ്ജിദിൽ ഖബറടക്കും.
English summery:
Car loses control while reversing; tragic death of a four-year-old girl in Edappal.