
ഇടുക്കി തൊടുപുഴയിൽ വളർത്തുനായയോട് ഉടമയുടെ അതിക്രൂരമായ നടപടി. തൻ്റെ ആജ്ഞ അനുസരിച്ചില്ല എന്ന കാരണത്താൽ ഷൈജു തോമസ് എന്നയാൾ നായയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും പിന്നീട് തെരുവിൽ ഉപേക്ഷിക്കുകയും ചെയ്തു. ദേഹമാസകലം മുറിവേറ്റ നിലയിൽ തൊടുപുഴ മുതലക്കോടത്ത് നിന്നാണ് അനിമൽ റെസ്ക്യൂ ടീം ഈ നായയെ കണ്ടെത്തുന്നത്. വഴിയാത്രക്കാർ നൽകിയ വിവരത്തെ തുടർന്ന് കീർത്തിദാസ്, മഞ്ജു എന്നിവരടങ്ങുന്ന ടീം സ്ഥലത്തെത്തി നായയെ രക്ഷിച്ചു. തുടർന്ന് നായയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി.
ജില്ലയിൽ തെരുവിൽ അലയുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ മൃഗങ്ങൾക്ക് മതിയായ അഭയകേന്ദ്രങ്ങളോ ചികിത്സാ സൗകര്യങ്ങളോ ലഭ്യമല്ലെന്നും, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നുവെന്നും അനിമൽ റെസ്ക്യൂ ടീം ചൂണ്ടിക്കാട്ടി. ഈ സംഭവത്തിൽ അനിമൽ റെസ്ക്യൂ ടീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷൈജു തോമസിനെതിരെ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English summary:
Owner’s cruelty towards pet dog: abandoned on the street with injuries all over its body; police register case.