Image

ദൈവദാസി ഏലീശ്വ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്, ഇന്ത്യയിലെ ആദ്യ സന്ന്യാസിനീസഭയുടെ സ്ഥാപക

ജോയി കരിവേലി Published on 16 April, 2025
ദൈവദാസി ഏലീശ്വ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്, ഇന്ത്യയിലെ ആദ്യ സന്ന്യാസിനീസഭയുടെ സ്ഥാപക

വത്തിക്കാൻ സിറ്റി: ദൈവദാസി മദർ എലീശ്വയുടെ മദ്ധ്യസ്ഥതയാൽ നടന്ന ഒരു അത്ഭുതം അംഗീകരിക്കുന്ന പ്രഖ്യാപനം വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുറപ്പെടുവിച്ചു.

ഏപ്രിൽ 14-ന്, തിങ്കളാഴ്ച, ഈ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയെ കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ച ഫ്രാൻസീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് ഇതുൾപ്പടെ 6 പുതിയ പ്രഖ്യാപനങ്ങൾ ഈ സംഘം പുറപ്പെടുവിച്ചത്.

വൈപ്പിനിലെ, ഓച്ചന്തുരുത്തിൽ 1831 ഒക്ടോബർ 15-ന് ജനിച്ച ഏലിശ്വ കേരള കത്തോലിക്കാസഭയിലെ പ്രഥമ സന്ന്യാസിനിയും ഇന്ത്യയിലെ ആദ്യ സന്ന്യാസിനീസഭയുടെ സ്ഥാപകയുമാണ്. ഇന്ന് തെരേസ്യൻ കർമ്മലീത്ത സഹോദരികൾ എന്നറിയപ്പെടുന്ന നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭാസമൂഹമാണ് മദർ ഏലീശ്വ സ്ഥാപിച്ചത്. വിധവയും ഒരു പെൺകുഞ്ഞിൻറെ അമ്മയുമായിരുന്ന ഏലീശ്വ പുനർവിവാഹത്തിന് വിസ്സമ്മതിക്കുകയും ഏകാന്തതയിലും നീണ്ട പ്രാർത്ഥനകളിലും സാധുജനസേവനത്തിലുമായി ഏതാണ്ട് ഒരു പതിറ്റാണ്ടോളം ജീവിതം തുടരുകയും ചെയ്തു. പിന്നീടാണ് നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭാസമൂഹം സ്ഥാപിച്ചത്. ഇതിൻറെ സ്ഥാപന ചരിത്രം 1862 വരെ പിന്നോട്ടു പോകുന്നതാണ്.

1913 ജൂലൈ 18-ന് വരാപ്പുഴയിൽ വച്ച് മരണമടഞ്ഞ ദൈവദാസി ഏലീശ്വയുടെ മദ്ധ്യസ്ഥതയാൽ നടന്ന ഒരു അത്ഭുതം അംഗീകരിക്കപ്പെട്ടതോടെ ഈ ദൈവദാസിയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിനുള്ള വഴി തെളിഞ്ഞു. വിശുദ്ധ പദപ്രഖ്യാപനത്തിലേക്കുള്ള സോപാനത്തിൽ  അവസാനത്തെ പടിയാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം.

വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘം പുറപ്പെടുവിച്ച ഇതര 5 പ്രഖ്യാപനങ്ങളിൽ ഒരെണ്ണം റോമാക്കാരനായ ദൈവദാസൻ നത്സറേനൊ ലഞ്ചോത്തി എന്ന രൂപതാവൈദികൻറെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതാണ്. 1940 മാർച്ച് 3-ന് റോമിൽ ജനിച്ച അദ്ദേഹം 2001 ഫെബ്രുവരി 22-ന് ബ്രസീലിലെ സാവൊ പാവൊളൊയിൽ വച്ച് വിശ്വാസത്തെ പ്രതി വധിക്കപ്പെടുകയായിരുന്നു.

ഉപവിയുടെ സഹോദരർ, യേശുവിൻറെയും മറിയത്തിൻറെയും ഉപവിയുടെ സഹോദരകിൾ, യേശുവിൻറെ ബാല്യകാല സഹോദരകിൾ എന്നീ സമർപ്പിതജീവിത സമൂഹങ്ങളുടെ സ്ഥാപകനായ ബൽജിയം സ്വദേശി വൈദികൻ പീറ്റർ ജോസഫ് ട്രിയെസ്റ്റിൻറെയും (31/08/1760-24/06/1836), ഇറ്റലി സ്വദേശിയും വിശുദ്ധ കത്രീനയുടെ സമൂഹത്തിൻറെ സ്ഥാപകനുമായ രൂപതാവൈദികൻ ആഞ്ചെലൊ ബുഗേത്തി (27/08/1877-05/04/1935), ഇറ്റലിക്കാരൻ തന്നെയായ രൂപതാവൈദികൻ അഗൊസ്തീനൊ കൊത്സോളീനൊ (16/10/1928-02/11/1988), സ്പെയിൻ സ്വദേശിയായ അല്മായൻ അന്തോണിയൊ ഗൗദി ഇ കൊർണെത്ത് (25/06/1852-10/06/1926) എന്നീ ദൈവദാസരുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്നവയാണ് ശേഷിച്ച പ്രഖ്യാപനങ്ങൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക