Image

'മാപ്പ് പറയുന്ന വീഡിയോ പ്രചരിപ്പിച്ചു', മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിന്റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍

Published on 16 April, 2025
'മാപ്പ് പറയുന്ന വീഡിയോ പ്രചരിപ്പിച്ചു', മുന്‍ സര്‍ക്കാര്‍  അഭിഭാഷകന്‍ പി ജി മനുവിന്റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍

കൊല്ലം: അഭിഭാഷകന്‍ പി ജി മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. പിറവം സ്വദേശി ജോണ്‍സണ്‍ ജോയി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നിരന്തരമായ ശല്യമാണ് മനുവിന്റെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് നിലപാട്.'

പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പി ജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയരുകയും അവരോട് മാപ്പ് പറയുന്ന വിഡിയോ പുറത്തു വരികയും ചെയ്തിട്ട് അധിക ദിവസമായിരുന്നില്ല. തൊഴുകൈയോടെ, തലതാഴ്ത്തി മാപ്പ് പറയുന്നതാണ് വിഡിയോയിലുണ്ടായിരുന്നത്.

കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വിഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘര്‍ഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ എന്നാണ് പൊലീസിന്റെ സംശയം. ഞായറാഴ്ച രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ പുറത്തുവന്ന ശേഷം മനു മനോവിഷമത്തില്‍ ആയിരുന്നെന്നാണ് അടുത്ത് ബന്ധമുള്ളവര്‍ പറയുന്നത്.

ഞായറാഴ്ചയായിരുന്നു മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ് പി ജി മനു കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചിരുന്ന മനു പീഡന കേസില്‍ പ്രതിയായതോടെ രാജിവെക്കുകയായിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു മനുവിന് എതിരായ കേസ്. കേസില്‍ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക