
തിരുവനന്തപുരം: കേരളത്തിലെ ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് എന്‍ പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മുന്നില്‍ ഹാജരായി തന്റെ ഭാഗം വിശദീകരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പ്രശാന്തിന്റെ ആരോപണം.
തന്നെ ലക്ഷ്യമിട്ട് ഡോ. ജയതിലക്, ഡോ ഗോപാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഗൂഢാലോചന നടന്നു. മാതൃഭൂമിയും ഇതിന്റെ ഭാഗമായിരുന്നു. ഈ ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇതുള്‍പ്പെടെ പരിഗണിച്ചായിരിക്കും ഇനിയുള്ള നടപടികള്‍ എന്നും പ്രശാന്ത് പ്രതികരിച്ചു.
ചീഫ് സെക്രട്ടറിക്ക് മുന്നില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ ആണ് ശ്രമിച്ചത്. ജോലിയില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ട് എങ്കില്‍ നടപടി എടുക്കുന്നതില്‍ തെറ്റില്ല. സോഷ്യല്‍ മീഡിയയിലെ ഭാഷയും വിമര്‍ശനങ്ങളും മറ്റൊരു തലമാണ്. തന്റെ വിമര്‍ശനങ്ങള്‍ വ്യക്തിപരമായി കാണരുത്. കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തി എന്ന നിലയില്‍ ആണ് അവിടെയുള്ള പ്രതികരണങ്ങള്‍. അത് സര്‍ക്കാര്‍ ഭാഷയല്ല, സോഷ്യല്‍ മീഡിയ സര്‍ക്കാര്‍ രീതിയല്ലെന്നും പ്രശാന്ത് മാധ്യമങ്ങളോട് വിശദീകരിച്ചു.
ചീഫ് സെക്രട്ടറിക്ക് എതിരായ വിമര്‍ശനങ്ങള്‍ പോലും വ്യക്തിപരമല്ലെന്നും പ്രശാന്ത് പറയുന്നു.