
ലണ്ടൻ: സ്ത്രീ എന്ന വിശേഷണത്തിൽ നിന്ന് ട്രാൻസ്ജൻഡർ സ്ത്രീകളെ ഒഴിവാക്കി യു.കെ സുപ്രീംകോടതിയുടെ നിർണായക വിധി. 2010ലെ തുല്യതാ ആക്ട് പ്രകാരം 'സ്ത്രീ' എന്ന പദം കൊണ്ടർഥമാക്കുന്നത്, ജൈവിക ലിംഗത്തെയാണെന്നും മറിച്ച് ജൻഡർ ഐഡൻറിറ്റി അല്ലെന്നുമാണ് കോടതി വിധി.
2018ൽ സ്കോട് ലാൻഡിൽ നിന്നുള്ള ഒരു കൂട്ടം പ്രവർത്തകർ ജൻമനാ തന്നെ സ്ത്രീ ലിംഗത്തിൽ ജനിക്കുന്നവർക്ക് മാത്രമേ സ്ത്രീകൾക്കുള്ള ആനുകൂല്യങ്ങൾ നൽകാവൂ എന്ന് വാദവുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ലിംഗ തിരിച്ചറിയൽ കാർഡുള്ള ട്രാന്സ്ജൻഡറിനെ സ്ത്രീ ആയി പരിഗണിക്കുമെന്ന് സ്കോട്ടിഷ് ഗവൺമെന്റ് ഉത്തരവിട്ടു. ബോർഡുകളിലെ സ്ത്രീകളുടെ എണ്ണം വർധിപ്പിക്കുന്നതിനു വേണ്ടി സ്കോട്ടിഷ് ഗവൺമെന്റ് തയാറാക്കിയ നിയമമാണ് ഈ കേസിൻറെ ആധാരം.
'2010 ലെ തുല്യതാ ആക്ടിൽ സ്ത്രീ, പുരുഷൻ, ലിംഗം എന്നിങ്ങനെ പദങ്ങളാണുള്ളത്. ഇതിൽ ലിംഗം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ജൈവികമായി ലിംഗത്തെയാണ്.' ലോഡ് ഹോഡ്ജ്, ലേഡി സിംലർ, ലേഡി ഹോഡ്ജ് എന്നിവർ സംയുക്തമായി നടത്തിയ വിധിയെ മറ്റു ജഡ്ജിമാരും അനുകൂലിച്ചു.