Image

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്; മന്ത്രി ശിവൻകുട്ടിയുടെ വിമർശനത്തിന് മറുപടി നൽകി എൻസിഇആർടി

Published on 17 April, 2025
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്; മന്ത്രി  ശിവൻകുട്ടിയുടെ വിമർശനത്തിന് മറുപടി നൽകി  എൻസിഇആർടി

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകിയ എൻസിഇആർടിയെ വിമർശിച്ച കേരളാ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയായി എൻസിഇആർടി. പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെയും ക്ലാസിക്കൽ രാഗങ്ങളുടെയും പേരുകളാണ് നൽകിയതെന്നും ഇന്ത്യയുടെ സംഗീത പൈതൃകം പൊതുവായുള്ളതാണെന്നുമാണ് എൻസിഇആർടിയുടെ വിശദീകരണം.

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനം. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലിന്റെ ഉദാഹരണമാണ് നീക്കമെന്നും ഇംഗ്ലീഷ് തലക്കെട്ടുകൾ മാറ്റി, മൃദംഗ്, സന്തൂർ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് വഴിമാറ്റിയത് തീർത്തും ശരിയല്ലെന്നും മന്ത്രി തുറന്നടിച്ചിരുന്നു.

എൻസിആർടിയുടെ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള നടപടിയാണ്. പാഠപുസ്തകത്തിലെ തലക്കെട്ടുകൾ വെറും പേരല്ല. അവ കുട്ടികളുടെ തിരിച്ചറിവിനെയും ഭാവനയെയും രൂപപ്പെടുത്തുന്നു. ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്ക് ഇംഗ്ലീഷ് തലക്കെട്ടുകൾ അർഹമാണ്.

എൻസിആർടി ഈ തീരുമാനം പുനഃപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യണമെന്നും, എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേൽപ്പിക്കലുകൾക്ക് എതിരായി ഒരുമിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക