Image

കീമോതെറാപ്പി ചികിത്സയ്ക്കെത്തിയ കാൻസർ രോ​ഗിയുടെ പണം കവർന്നു ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

Published on 17 April, 2025
കീമോതെറാപ്പി ചികിത്സയ്ക്കെത്തിയ കാൻസർ രോ​ഗിയുടെ പണം കവർന്നു ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

ആശുപത്രിയിൽ കീമോതെറാപ്പി ചികിത്സയ്ക്കെത്തിയ കാൻസർ രോ​ഗിയുടെ പണം കവർന്നു. പുനലൂർ താലൂക്ക് ആശുപത്രിയിലെ കാൻസർ കെയർ സെന്ററിൽ എത്തിയ 68-കാരിയുടെ 8,600 രൂപയാണ് മോഷണം പോയത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

തിരുവല്ല പുളിയാറ്റൂർ തോട്ടപ്പുഴശ്ശേരിയിൽ ഷാജൻ ചാക്കോയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തതായി പുനലൂർ പൊലീസ് എസ്എച്ച്ഒടി രാജേഷ്കുമാർ പറഞ്ഞു.

ഇക്കഴിഞ്ഞ ഏഴാം തീയതി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. ആശുപത്രിയിലേക്ക് വന്ന ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡിലായിരുന്നു അടൂർ മരുതിമൂട്ടിൽ നിന്നെത്തിയ 68-കാരി പണം വച്ചിരുന്നത്. കീമോതെറാപ്പിക്ക് ശേഷം കഴിക്കാനുള്ള മരുന്ന് വാങ്ങിക്കുന്നതിനായി ഓട്ടോറിക്ഷ ഡ്രൈവർ മരുതിമൂട് സ്വദേശി അശോക് കുമാർ പണം പരിശോധിക്കുമ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.

ഉടനെ തന്നെ അദ്ദേ​ഹം ആശുപത്രി സൂപ്രണ്ടിനും പുനലൂർ പൊലീസിനും പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും എസ്എച്ച്ഒ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക