Image

ബസ് ബ്രേക്ക് ഡൗൺ ആയി; കെഎസ്ആർടിസി ടൂർ പാക്കേജിൽ ഗവിയിൽ കാടിനുള്ളിൽ കുടുങ്ങിയ സംഘത്തെ രക്ഷപ്പെടുത്തി

Published on 17 April, 2025
ബസ് ബ്രേക്ക് ഡൗൺ ആയി; കെഎസ്ആർടിസി ടൂർ പാക്കേജിൽ ഗവിയിൽ കാടിനുള്ളിൽ  കുടുങ്ങിയ സംഘത്തെ രക്ഷപ്പെടുത്തി

പത്തനംതിട്ട: കെഎസ്ആർടിസി ടൂർ പാക്കേജിൽ ഗവിക്ക് യാത്ര പോയി മണിക്കൂറുകളോളം വനത്തിൽ കുടുങ്ങിയ യാത്ര സംഘത്തെ തിരികെ എത്തിച്ചു. ബസ് കേടായതിനെ തുടർന്ന് 38 അംഗ സംഘം വന മേഖലയിൽ കുടുങ്ങുകയായിരുന്നു. കുട്ടികൾ ഉൾപ്പടെ യാത്ര സംഘത്തിലുണ്ടായിരുന്നു. രാവിലെ 11 മണിക്ക് വനത്തിൽ കുടുങ്ങിയ സംഘത്തെ വൈകീട്ട് അഞ്ചരയോടെയാണ് ജനവാസമേഖലയിൽ എത്തിച്ചത്.
പുലർച്ചെ കൊല്ലം ചടയമംഗലത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. പത്തനംതിട്ടയിൽ കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിച്ച ശേഷം ഗവിയിലേക്കുളള യാത്രയായിരുന്നു. മൂഴിയാറിലെത്തിയപ്പോൾ ബസ് ബ്രേക്ക് ഡൗൺ ആയത്.

മേഖല ഉൾവനപ്രദേശമാണ്. വനാതിർത്തി കടന്ന് പതിനഞ്ച് കിലോ മീറ്ററോളം സഞ്ചരിച്ച ശേഷമാണ് സംഭവം. മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ തന്നെ വിവരം അധികൃതരെ അറിയിക്കുന്നതിനും കാലതാമസം നേരിട്ടുവെന്നാണ് വിവരം.

ബസ് എത്തിക്കുന്നതിൽ അധികൃതർക്ക് വീഴ്ചപറ്റിയെന്ന് യാത്രക്കാർ പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് പകരം എത്തിച്ച ബസും തകർരാറിലായിരുന്നു.

തുടർന്ന് വൈകീട്ട് അഞ്ചരയോടെ കുമളിയിൽ നിന്നും പത്തനംതിട്ടയ്ക്ക് വന്ന കെഎസ്ആർടിസി ബസിലാണ് യാത്രക്കാരെ മൂഴിയാറിലെ ജനവാസമേഖലയിൽ എത്തിക്കാനായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക