
കൊച്ചി: സംസ്ഥന സർക്കാരിന് കീഴിലുള്ള ഓൺലൈൻ സർവിസ് കേന്ദ്ര മായ അക്ഷയ സെൻ്ററിൽ കനത്ത ഫീസ് ഈടാക്കിയതിന് പിഴയിട്ടു. ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് അധിക സേവന നിരക്ക് ഈടാക്കിയതിന് ആണ് അക്ഷയ കേന്ദ്രത്തിന് അയ്യായിരം രൂപ സംസ്ഥാന അക്ഷയ ഡയറക്ടർ ഫൈൻ ഇട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ അക്ഷയ ജില്ലാ പ്രോജക്ട് മാനേജരിൽനിന്ന് റിപ്പോർട്ട് തേടിയ ശേഷം കലൂരിലെ അക്ഷയ കേന്ദ്രത്തിനെതിരേ ആണ് നടപടിയെടുത്തത്. കോഴിക്കോട് ദേവഗിരിയിലെ കെ.എ. മനോജിന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചത്.
ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ കലൂർ അക്ഷയകേന്ദ്രം വഴി സമർപ്പിച്ചപ്പോൾ മനോജിനോട് സർവീസ് ചാർജ് ഇനത്തിൽ 200 രൂപയാണ് വാങ്ങിയത്. അക്ഷയകേന്ദ്രത്തിൽ സർവീസ് ചാർജ് പ്രദർശിപ്പിച്ചിരുന്ന ബോർഡിൽ ലൈസൻസ് പുതുക്കൽ സേവനത്തിന് സർവീസ് ചാർജ് 45 രൂപ എന്നാണ് കൊടുത്തത്. ഇത് ചോദ്യം ചെയ്തതോടെ അക്ഷയ സംരംഭകയും മനോജും തമ്മിൽ വാക്കുതർക്കം ഉണ്ടായി.
പണം നൽകിയതിന്റെ രസീത് വാങ്ങി മടങ്ങിയ മനോജ്, പിന്നാലേ ആക്ഷയ ഡയറക്ടർക്ക് പരാതി നൽകി. കേസിൽ ജില്ലാ കളക്ടർ പരാതിക്കാരനെയും അക്ഷയ സംരംഭകയെയും കേട്ടു ഉപദേശിച്ചു.
സർക്കാർ ഉത്തരവ് പ്രകാരമുള്ള സേവന നിരക്കിനു പുറമേ അധിക സർവീസ് ചാർജ് ഈടാക്കിയാൽ അക്ഷയ കേന്ദ്രത്തിനെതിരേ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് ആണ് കളക്ടർ പറഞ്ഞത്.
കളക്ടറുടെ തീരുമാനത്തിൽ തൃപ്തനല്ലെന്നും പരാതിയിലെ വിഷയങ്ങൾ അഭിസംബോധന ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടി മനോജ്, സംസ്ഥാന അക്ഷയ ഡയറക്ടർക്ക് പരാതി നൽകി. ഇതേ തുടർന്ന് അക്ഷയ ഡയറക്ടർ ഇരു കക്ഷികളെയും ഓൺലൈൻ വഴി നേരിൽ കേട്ടു. ലൈസൻസ് പുതുക്കുന്നതിന് സർവീസ് ചാർജ് ആയി 200 രൂപ വാങ്ങിയതായി അക്ഷയ സംരംഭക സ്ഥിരീകരിച്ചതായി ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
ഈ സേവനത്തിന് സർവീസ് ചാർജ് ആയി 40 രൂപയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പ്രിന്റിങ്/സ്‌കാനിങ് കൂടി ഉൾപ്പെടുത്തിയാലും പരമാവധി 80 രൂപയാണ് സർവീസ് ചാർജായി ഈടാക്കാൻ കഴിയൂ എന്നും അമിതമായ തുകയാണ് മനോജിൽനിന്ന് ഈടാക്കിയതെന്നും ഡയറക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അയ്യായിരം രൂപ പിഴ ചുമത്തിയതിനൊപ്പം മനോജിൽ നിന്ന് അധികമായി വാങ്ങിയ 120 രൂപ മടക്കി നൽകാനും നിർദേശമുണ്ട്. ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടായാൽ അക്ഷയ ലൈസൻസ് റദ്ദുചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്നും ഡയറക്ടർ ഉത്തരവിൽ വ്യക്തമാക്കി. പല അക്ഷയ സെൻ്ററുകളിലും വൻ ഫീസ് നിരക്ക് ആണ് വങ്ങുന്നതെന്ന ആക്ഷേപം ശക്തമാണ്. ആധാർ സേവനങ്ങൾക്ക് പലതിനും ഫീസ് ഈടാക്കാൻ പാടില്ലെന്ന് ആണ് നിയമം എങ്കിലും പല കേന്ദ്രങ്ങളും ഫീസ് വങ്ങുന്നത് പതിവാണ്.