
റിയാദ്: സൗദി അറേബ്യയിലെ തബൂക്കിന് സമീപം ദുബ (DUBA) യിലുണ്ടായ റോഡപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. ഐക്കരപ്പടി വെണ്ണായൂര്‍ കുറ്റിത്തൊടി ശരീഫിന്റെ മകന്‍ ഷെഫിന്‍ മുഹമ്മദ് (26) ആണ് മരിച്ച മലയാളി. രാജസ്ഥാന്‍ സ്വദേശി ഇര്‍ഫാന്‍ അഹമ്മദ്(52) ആണ് മരിച്ച മറ്റൊരു ഇന്ത്യക്കാരന്‍.
തബൂക്കില്‍ നിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ശിഖി എന്ന സ്ഥലത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ മുന്നിലുണ്ടായിരുന്ന ടിപ്പര്‍ ലോറിയില്‍ കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങള്‍ ദുബ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ ആണുള്ളത്. മരിച്ച ഷെഫിന്‍ മുഹമ്മദിന്റെ പിതൃസഹോദരന്‍ റിയാദില്‍നിന്ന് ദുബയിലേക്ക് തിരിച്ചിട്ടുണ്ട്.