
സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ചിലരുടെ ഒരു വിനോദമാണ്. ഏറ്റവും കൂടുതൽ ഇത്തരം വ്യാജവാർത്തകൾ വരുന്നത് സിനിമാ മേഖലയിലെ ആളുകളെ സംബന്ധിച്ചാണ്. നടീ നടൻമാർ, ഗായകർ സംവിധായകർ എന്നിവർ മരിച്ചു എന്ന രീതിയിലും അപകടം പറ്റി ഗുരുതരാവസ്ഥയിലാണെന്ന രീതിയിലും സമൂഹ മാദ്ധ്യമങ്ങളിൽ വാർത്തകൾ നിറയാറുണ്ട്. എവിടെ നിന്നു ലഭിക്കുന്നു എന്ന ചിന്തയില്ലാതെ നിരവധി പേർ ഇത്തരം വാർത്തകൾ ഷെയർ ചെയ്യുന്നതോടെ വാർത്ത വൈറലാകും. വാട്സ്ആപ്പുകൾ തോറും വാർത്തകൾ പ്രചരിച്ചു കഴിഞ്ഞിരിക്കും.
ഇത്തരത്തിലുള്ള ഒരു വാർത്തയുടെ വിഷമം പങ്കുവെയ്ക്കുകയാണ് പ്രശസ്ത ഗായകൻ ജി.വേണുഗോപാൽ. ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ എന്നാണ് വോണുഗോപാൽ ഫേയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത ശ്രദ്ധയിൽപ്പെട്ടത്. എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ആണ് വാർത്ത അയച്ചു തന്നത്. ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ് എന്നാണ് സുഹൃത്തുക്കൾ ചോദിക്കുന്നതെന്ന് തമാശയും ജി.വേണുഗോപാൽ കുറിപ്പിനൊപ്പം പങ്കുവെയ്ക്കുന്നു.
ജി.വേണുഗോപാലിൻറെ ഫേയ്സ്ബുക്ക് കുറിപ്പ്
അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ . ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ” ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….” എന്ന ശീർഷകത്തോടെ അയച്ച് തന്നത്.
ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ…. VG.
English summary:
"Should I hold a press conference to say that I’m not planning to die anytime soon?"; G. Venugopal