
തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസ് ഇടിച്ച് പുള്ളിമാൻ ചത്തു. സംഭവത്തെ തുടർന്ന് ബസ് വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ബസാണ് മാനിനെ ഇടിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് നായാട്ട് കുറ്റം ചുമത്തി കേസ് എടുത്തു.
ഇന്നലെ രാവിലെ ആറോടെ ദേശീയപാത 766ൽ കല്ലൂരിനും മുത്തങ്ങയ്ക്കും ഇടയിൽ എടത്തറയിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നു വന്ന ബസ് ബത്തേരി ഡിപ്പോയിൽ യാത്രക്കാരെ ഇറക്കി ബെംഗളൂരുവിലേക്കു യാത്ര തുടരുകയായിരുന്നു. കല്ലൂർ പിന്നിട്ട് വനമേഖല തുടങ്ങുന്ന ഭാഗമെത്തിയപ്പോൾ മാനുകൾ കൂട്ടത്തോടെ റോഡ് കുറുകെ കടക്കവെയാണ് അതിലൊന്നിനെ ബസ് ഇടിച്ചത്. പിന്നാലെയെത്തിയ ബൈക്ക് യാത്രികരാണ് ബസിനടിയിൽ മാൻ കുടുങ്ങിയ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ വനപാലകർ തുടർ നടപടികൾ സ്വീകരിച്ചു. ബസ് കസ്റ്റഡിയിലായതോടെ പെരുവഴിയിലായ യാത്രക്കാരെ പുറകെയെത്തിയ മറ്റൊരു ബസിൽ കയറ്റി വിടേണ്ടി വന്നു. ഇടിച്ച ബസ് ഇനി നിരത്തിലിറക്കണമെങ്കിൽ ബോണ്ട് കെട്ടിവയ്ക്കേണ്ടി വരും.
English summary:
KSRTC Scania bus hits and kills a spotted deer; bus taken into custody by Forest Department; case filed under poaching charges.