
ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ 71 ആൽഫ പാർക്കിംഗ് ബേയിൽ വെച്ചായിരുന്നു അപകടം. ടെമ്പോ ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് കരുതുന്നു.
ആകാശ എയർ ജീവനക്കാരെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഗ്ലോബ് ഗ്രൗണ്ട് ഇന്ത്യ കമ്പനിയുടെ ടെമ്പോ ട്രാവലറാണ് അപകടം വരുത്തിയത്. വാഹനം ഇടിച്ചതിന് ശേഷമാണ് ഡ്രൈവർ ഉണർന്നത്. അപകട സമയത്ത് ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ.
സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ച് രക്ഷാപ്രവർത്തനം നടത്തി. എൻജിൻ തകരാറിനെ തുടർന്ന് 2022 മുതൽ പ്രവർത്തനരഹിതമായി പാർക്ക് ചെയ്തിരുന്ന ഇൻഡിഗോയുടെ എ 320 വിമാനത്തിലാണ് ടെമ്പോ ട്രാവലർ ഇടിച്ചത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഇൻഡിഗോ വിമാന കമ്പനി അറിയിച്ചു.
English summary:
Dramatic incident at Kempegowda Airport; tempo traveller crashes into parked IndiGo aircraft.