
ബംഗളുരുവിൽ സ്വയം വെടിയുതിർത്തു മരിച്ച മലയാളി ബിസിനസുകാരൻ സി.ജെ. റോയിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി റിപ്പോർട്ട്. ഒൻപതു പേജ് നീളുന്ന റിപ്പോർട്ടിൽ കുടുംബത്തോടും ബിസിനസിനോടുമുള്ള ക്ഷമാപണവും, ബിസിനസ് അനന്തരാവകാശി ആരെന്ന വിവരവും പരാമർശിക്കുന്നുണ്ടെന്നാണ് സൂചന . .
സംഭവത്തിന് പിന്നിലെ ദുരൂഹത വെളിപ്പെടുത്താൻ സഹായിക്കുന്ന സുപ്രധാന സൂചനകൾ മരണക്കുറിപ്പിൽ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഈ കുറിപ്പ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ പ്രധാന ഭാഗമാണെന്നും കേസ് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നും പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് അദ്ദേഹത്തെ ഏറെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിന് ശേഷമാണ് ജനുവരി 31ന് സഹോദരനെ ഫോണിൽ വിളിച്ചത് എന്ന് കർണാടകയിലെ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അദ്ദേഹം എഴുതിയതെന്ന് കരുതുന്ന കുറിപ്പ് എസ്.ഐ.ടി സൂക്ഷ്മമായി പരിശോധിക്കുകയാണ്. കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലുള്ളവരുടെയും അടക്കം വിശദമായ മൊഴിയെടുക്കുന്നതോടെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും.ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്നാണ് റോയ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം, മരണത്തിന് തൊട്ടുമുമ്പ് റോയിയും റെയ്‌ഡിനെത്തിയ ആദായ നികുതി ഉദ്യോഗസ്ഥരും തമ്മിൽ വഴക്കോ, തർക്കമോ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിഗമനം. സ്ഥാപനത്തിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നാണ് റിപ്പോർട്ട്.