Image

പാഞ്ഞെത്തിയ ബസിനടിയില്‍ പെടാതെ കുഞ്ഞിന്റെ അത്ഭുതകരമായ രക്ഷപ്പെടൽ ; തുണയായത് ഡ്രൈവറുടെ കരുതൽ

Published on 02 February, 2026
പാഞ്ഞെത്തിയ ബസിനടിയില്‍ പെടാതെ കുഞ്ഞിന്റെ  അത്ഭുതകരമായ രക്ഷപ്പെടൽ ; തുണയായത് ഡ്രൈവറുടെ കരുതൽ

കോഴിക്കോട് ; മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ കുഞ്ഞ് റോഡ് മുറിച്ച് കടക്കാന്‍ ഓടുന്നതിനിടെ കുതിച്ചെത്തിയ ബസ്സിനടിയില്‍ പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ നിന്ന് കുഞ്ഞ് രക്ഷപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കോഴിക്കോട് കൊടിയത്തൂരിലാണ് അപകടത്തില്‍ നിന്ന് കുഞ്ഞ് തലനാരിഴക്ക് രക്ഷപ്പെട്ടത്. സ്വകാര്യ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞ് രക്ഷപ്പെടാന്‍ കാരണമായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി റോഡിന്റെ മറുഭാഗത്തേക്ക് കുഞ്ഞ് ഓടിപോവുകയായിരുന്നു. ഇതിനിടയിലാണ് സ്വകാര്യ ബസ് വന്നത്. കുഞ്ഞിനെ കണ്ടതും ബസ് ഡ്രൈവര്‍ ബസ് വലതുവശത്തേക്ക് അല്‍പ്പം മാറ്റി സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി. ബസിന്റെ പിന്‍ചക്രമുള്ള ഭാഗം കുഞ്ഞിനെ തൊട്ടുതൊട്ടില്ല എന്ന നിലയിലായിരുന്നു.

 ബസ് കണ്ടതും കുഞ്ഞ് ഉടനെ തിരിച്ച് ഓട്ടോ നിന്നിരുന്ന ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോയില്‍ വന്നിറങ്ങുകയായിരുന്നു. കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ച് കടന്നുപോയി. ഈ സമയം പിതാവ് ഓട്ടോയിലിരുന്ന് പണം നല്‍കുന്നതിനിടെ കുട്ടി അമ്മയുടെ അരികിലെത്താന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇതേസമയം നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നും ഇറങ്ങി ഓടിയെ കുട്ടിയെ കണ്ട് ബ്രേക്കിട്ട് വലത്തോട്ട് വെട്ടിക്കുകയായിരുന്നെന്ന് ബസ് ഡ്രൈവര്‍ ഷനോജ് പറഞ്ഞു. കുട്ടിയെ രക്ഷിച്ചത് തന്റെ കഴിവില്ലെന്നും ദൈവത്തിന്റെ കഴിവാണെന്നും ഡ്രൈവര്‍ മാധ്യമങ്ങളോട് പറഞ്ഞു.


'ഓട്ടോയില്‍ നിന്ന് ഇറങ്ങിയോടിയെ കുട്ടിയെ രക്ഷിച്ചത് എന്റെ കഴിവാണെന്ന് ഞാന്‍ പറയില്ല. അത് ദൈവത്തിന്റെ കഴിവ് ആണ്. കുട്ടി നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പെട്ടന്ന് കണ്ടതോടെ ബ്രേക്ക് ചവിട്ടി വലത്തോട്ട് തെറ്റിക്കുകയായിരുന്നു. അതുകൊണ്ട് കുട്ടിരക്ഷപ്പെട്ടു. റോഡിന്റെ മറുസൈഡില്‍ കുട്ടിയുടെ അമ്മ ഉണ്ടായിരുന്നു. വണ്ടിയുടെ തൊട്ടുമുന്നില്‍ എത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്. എന്റെ ചെറിയ മോളുടെ പ്രായമേയുളളൂ ആ കുട്ടിക്ക്. അതാ അപ്പോള്‍ ചിന്തിച്ചത്. പിന്നെ കാലും കൈയും വിറച്ചിട്ട് വണ്ടി ഓടിക്കാനായില്ല. പിന്നെ ഇന്നാണ് വണ്ടിയില്‍ കയറുന്നത്.' ഡ്രൈവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക