Image

'0' വട്ടത്തിലൊരു മാധ്യമ പ്രവര്‍ത്തനം

Published on 24 October, 2013
'0' വട്ടത്തിലൊരു മാധ്യമ പ്രവര്‍ത്തനം
'0' വട്ടത്തിലൊരു മാധ്യമ പ്രവര്‍ത്തനം

(2013 പ്രസ് ക്ലബ് സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറില്‍ നിന്ന്‌)

പാലക്കാട് നിന്നും 30 മൈല്‍ അകലെ ഒരു കുടുംബത്തിലെ പത്തുപേര്‍ കൂട്ട ആത്മഹത്യ ചെയ്തു. പാലക്കാട് നിന്നും അച്ചടിക്കുന്ന മലയാള മനോരമ ആ വാര്‍ത്ത എങ്ങനെ കൊടുക്കും?

അകത്തെ പേജില്‍ ഒരു ചെറിയ വാര്‍ത്ത. കാരണം നിസാരം. ആത്മഹത്യ നടന്നത് തമിഴ്‌നാട്ടില്‍. മരിച്ചവരെല്ലാം തമിഴര്‍. മനോരമ വായനക്കാരായ മലയാളികള്‍ക്ക് തമിഴ്‌നാട്ടിലെ ആ കൂട്ട ആത്മഹത്യയെപ്പറ്റി അത്രയൊന്നും അറിയാന്‍ ഒരു ആകാംക്ഷയുമില്ല. അത്യാവശ്യ വിവരം കേട്ടാല്‍ മതി.

2009-മാര്‍ച്ചില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ആയിരക്കണക്കിന് അകലെ കാലിഫോര്‍ണിയയിലെ സാന്താ ക്ലാരായില്‍ മലയാളിയായ ദേവരാജന്‍ കളത്താട്ട് അഞ്ചു കുടുംബാംഗങ്ങളെ കൊന്നശേഷം ആത്മഹത്യ ചെയ്തു. സ്വന്തം മക്കളായ അഖില്‍ ദേവ്, 11, നേഹ, 4, ഭാര്യാ സഹോദരന്‍ അശോക് അപ്പു പുതംകണ്ടി, ഭാര്യ സുചിത്ര, അവരുടെ 11 മാസം പ്രായമുള്ള മകള്‍ അഹന എന്നിവരാണു മരിച്ചത്. ദേവരാജന്റെ ഭാര്യ ആഭ (വയനാട്ടിലെ പാടിവയല്‍ സ്വദേശിനി) കഷ്ടിച്ച് രക്ഷപ്പെട്ടു. വര്‍ഷങ്ങള്‍ക്കുശേഷവും അവര്‍ ചികിത്സയില്‍ തന്നെ. ഇപ്പോഴും അവ്രക്ക് അറിയില്ല ഭര്‍ത്താവ് ഇത് ചെയ്തത് എന്തിനെന്ന്.

ഈ വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസില്‍ ഒന്നാം പേജില്‍ തന്നെ വളരെ പ്രാധാന്യത്തോടെ വന്നു. ദൂരമോ മരിച്ചവര്‍ വെള്ളക്കാരോ കറുത്തവരോ അല്ല എന്നതു പ്രശ്‌നമായില്ല.

അമേരിക്കയെ മൊത്തം ബാധിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ സാന്താക്ലാരാ കൂട്ടമരണത്തി നുണ്ടായിരുന്നു. ദേവരാജന്‍ നിഷ്പ്രയാസം തോക്കുകള്‍ വാങ്ങിയത്, ഐ.ടി രംഗത്തുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങളാണോ ഇതിനു കാരണമായത്? (അല്ലെന്ന് പിന്നീടുള്ള വിവരങ്ങള്‍), വിദേശത്തുനിന്നു വരുന്നവര്‍ നേരിടുന്ന മാനസീക സംഘര്‍ഷം എന്നുവേണ്ട ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ ഈ സംഭവത്തിനു പിന്നിലുണ്ടെന്നു ടൈംസ് കണ്ടു

നേരേ മറിച്ച് തമിഴ്‌നാട്ടിലെ കൂട്ടക്കൊല ഒരു പ്രാദേശിക സംഭവം മാത്രം. തമിഴ് നാട് വളരെ അടുത്താണെങ്കിലും മാനസീകമായി വളരെ ദൂരത്ത്.

കേരളത്തിലേയും അമേരിക്കയിലേയും പത്രപ്രവര്‍ത്തനത്തിലെ പ്രധാന വ്യത്യാസമാണ് ഇവിടെ കണ്ടത്. അമേരിക്കയിലെ ദേശീയ പത്രങ്ങള്‍ക്ക് അമേരിക്ക മൊത്തം ആണ് ക്യാന്‍വാസ്. കേരളത്തിലെ ദേശീയ പത്രങ്ങളായ മനോരമക്കോ, മാതൃഭൂമിക്കോ ഒക്കെ പ്രധാന ക്യാന്‍വാസ് കേരളംമാത്രം.

പിന്നെ കുറച്ച് ദേശീയ രാഷ്ട്രീയം. മേമ്പൊടി പോലെ ചില അന്താരാഷ്ട്ര വാര്‍ത്തകള്‍. എത്ര ഇടുങ്ങിയ കാഴ്ചപ്പാടാണ് നാം പുലര്‍ത്തുന്നത്?

അമേരിക്കയിലെ പ്രാദേശിക പത്രങ്ങളും ഇതേ സ്ഥിതി തന്നെ പിന്തുടരുന്നു. ന്യൂയോര്‍ക്കിലിരിക്കുന്നയാള്‍ കാലിഫോര്‍ണിയയില്‍ പത്തു പേര്‍ ചത്തതും കെട്ടതും വളരെ വിശദമായി വായിച്ചിട്ട് എന്തു കാര്യമെന്ന ചോദ്യവും വരാം. അമേരിക്കയില്‍ നല്ലൊരു പങ്ക് പത്രം വായിക്കുന്നവരോ അടിസ്ഥാന വിജ്ഞാനം ഉള്ളവരോ അല്ലെന്നുള്ള ദുഖ സത്യവും മറക്കുന്നില്ല.

കേരളമാകുന്ന ചുരുങ്ങിയ ലോകത്തേക്ക് ഒതുങ്ങുന്ന മാധ്യമങ്ങള്‍ പിന്നെ അവിടെ വാര്‍ത്ത തേടി നെട്ടോട്ടമാണ്. 24 മണിക്കൂര്‍ വാര്‍ത്താ ചാനലുകള്‍ കൂടി വന്നതോടെ സ്ഥിതി വഷളായി. എന്തു പൊട്ടുംപൊടിയും വാര്‍ത്തയായി. എന്തു നടന്നാലും നടന്നില്ലെങ്കിലും വാര്‍ത്ത വരുമെന്നായി സ്ഥിതി. ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നു. കടുത്ത മത്സരം കൂടി വന്നതോടെ വാര്‍ത്തയുടെ പ്രധാന്യമോ സത്യാവസ്ഥയോ ഒന്നും പ്രശ്‌നമല്ലെന്നായി.

ഈ സ്ഥിതി മാറ്റാന്‍ മാധ്യമലോകത്തിനാകുമോ? ജനത്തിനു വേണ്ടതാണല്ലോ മാധ്യമങ്ങള്‍ കൊടുക്കേണ്ടത്. തമിഴ്‌നാട്ടിലെ ആത്മഹത്യാകാര്യം ജനത്തിനു വേണ്ടെങ്കില്‍ അതു വാരിവലിച്ചിട്ട് എന്തുകാര്യം?

മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുമ്പ് നമ്മുടെ സമ്മേളനത്തില്‍ തന്നെ പറഞ്ഞ കാര്യം ഓര്‍ക്കുന്നു. 1967-ല്‍ കോഴിക്കോട് മനോരമയുടെ എഡിഷന്‍ ആരംഭിക്കുന്ന കാലം. കോട്ടയത്തിനു പുറമേയുള്ള ആദ്യ പ്രിന്റിംഗ്യൂണിറ്റാണു. അവിടെ ആധിപത്യമുള്ള മാതൃഭൂമി മര്യാദയ്ക്ക് അന്താരാഷ്ട്ര-ദേശീയ വാര്‍ത്തകളൊക്കെ ഭംഗിയായി കൊടുത്തുവന്നിരുന്നു.

മനോരമ ചെന്നപാടെ പ്രാദേശിക കാര്യങ്ങള്‍ പൊക്കിക്കൊണ്ടു വരാന്‍ തുടങ്ങി. നഗരസഭാ കൗണ്‍സിലിലെ വാഗ്വാദം, കയ്യാങ്കളി, മിഠായി തെരുവിലെ അനാശാസ്യം, പിടിച്ചുപറി ഇതൊക്കെയായി ഒന്നാം പേജിലെ വാര്‍ത്തകള്‍.

ജനം ഇറാക്കിലെ ബോംബിംഗ് വായിക്കുമോ അതോ നഗരസഭാ കൗണ്‍സിലിലെ കയ്യാങ്കളി വായിക്കുമോ? മനോരമ അങ്ങനെ പ്രചാരത്തില്‍ അടിച്ചുകയറി. പിന്നീടൊരിക്കലും മാതൃഭൂമിക്ക് മലബാറില്‍ ഒന്നാം സ്ഥാനത്തുവരാന്‍ കഴിഞ്ഞിട്ടില്ല. ഇതിക്കെ പത്രപ്രവര്‍ത്തനത്തെ ഒരു പരുവത്തിലാക്കിഎന്നു തോമസ് ജേക്കബ് പറഞ്ഞത് ഓര്‍ക്കുന്നു. ടീവി, പ്രത്യേകിച്ച് വാര്‍ത്താ ചാനലുകള്‍ വന്നതോടെ മാധ്യമ രംഗത്തെ തകര്‍ച്ച ഏതാണ്ടു പൂര്‍ണമായി.

ജാതി തിരിച്ചും ഇപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തിലും ഉള്ള പത്രപ്രവര്‍ത്തനമാണ് പ്രശ്‌നമായിരിക്കുന്നത്. വായനക്കാരില്‍ ബഹുഭൂരിഭാഗവും എതെങ്കിലും ഒരു വിഭാഗത്തിലെ ആളുകളായിരിക്കും. അപ്പോള്‍ മറ്റൊരു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ വളച്ചൊടിച്ചോ, പ്രാധാന്യം നല്‍കാതെയോ ഒക്കെ പ്രസിദ്ധീകരിക്കാനുള്ള ത്വരയും വരുന്നു. വായനക്കാരെ അല്ലെങ്കില്‍ പ്രേക്ഷകരെ നോക്കിയാണ് മാധ്യമ പ്രവര്‍ത്തനം.

അടുത്തയിടയ്ക്ക് ഇത് വളരെ പ്രകടമായി കണ്ടത് അഭയ കേസ് റിപ്പോര്‍ട്ടിംഗിലാണ്. അന്നത്തെ പത്രങ്ങളോ ടിവി റിപ്പോര്‍ട്ടുകളോ വീണ്ടുമൊരാവര്‍ത്തി കണ്ടാല്‍ ഛര്‍ദ്ദിക്കാന്‍ വരും. പത്രധര്‍മ്മവും സത്യസന്ധതയും എവിടെ പോയി. ഗുജറാത്തില്‍ ഇത്തരമൊരവസ്ഥ ഉണ്ടായിരുന്നു. 80-കളുടെ മധത്തില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് പ്രസിഡന്റായിരുന്ന് വിക്രം റാവു, ഗുജറാത്തിലെ പത്രങ്ങള്‍ വര്‍ഗീയത വളര്‍ത്തുന്ന നൂണകള്‍ എഴുതുന്നുവെന്നു പരാതിപ്പെടുകയുണ്ടായി.

ഈ സ്ഥിതിക്കൊക്കെ ഒരു മാറ്റം വരുമോ? '0' വട്ടത്തിലുള്ള സംസ്ഥാനത്ത് ഒതുങ്ങുന്ന പത്രപ്രവര്‍ത്തനമാകുമ്പോള്‍ മാറ്റങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. ടിവിയില്‍ 24 മണിക്കൂറില്‍ എന്തെങ്കിലും കാണിക്കണമല്ലോ?

കേസുകളും, ജനത്തിന്റെ ശക്തമായ എതിര്‍പ്പും, ജനത്തിന്റെ അഭിരുചിയിലെ മാറ്റവുമൊക്കെ സ്ഥിതി മെച്ചപ്പെടുത്താം.
പക്ഷെ അതിനു കാത്തിരിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക