Image

ഐസക്കിന്‌ കൈത്താങ്ങ്‌ നല്‍കുമോ?

Published on 05 May, 2014
ഐസക്കിന്‌ കൈത്താങ്ങ്‌ നല്‍കുമോ?
ആലപ്പുഴ: നാട്‌ ഉറക്കമുണരുന്നതിന്‌ മുന്‍പ്‌ നല്ല പച്ചമത്സ്യങ്ങള്‍ വിവിധ ചന്തകളില്‍ എത്തിച്ച്‌ വില്‍പ്പന നടത്തി തങ്ങളുടെയും കുടുംബത്തിന്റെയും ജീവിതസന്ധാരണത്തിനുളള വകകണ്‌ടെത്താന്‍ പായുന്ന ആ ചെറുപ്പക്കാരില്‍ ഒരാളായിരുന്നു അഞ്ചുമാസം മുന്‍പുവരെ ഐസക്കും.

എന്നാല്‍ ഇന്ന്‌ പണി തീരാത്ത തന്റെ രണ്‌ടുമുറി വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്‌ ഐസക്കിന്റെ ജീവിതം. നിയന്ത്രണം വിട്ട്‌ പാഞ്ഞുവന്ന ഒരു ചരക്ക്‌ ലോറിയാണ്‌ ഐസക്കിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്‌. സ്‌കൂട്ടറില്‍ ഇടിച്ച ലോറി നിര്‍ത്താതെ പോയി. ബോധമറ്റ്‌ റോഡ്‌ വക്കില്‍ കിടന്ന ഐസക്കിനെ ആശുപത്രിയില്‍ എത്തിച്ചത്‌ പ്രഭാതസവാരിക്കുപോയവരാണ്‌. ഒരാഴ്‌ചത്തെ ചികിത്സകൊണ്‌ടാണ്‌ ബോധം വീണത്‌. ശരീരമാസകലമുള്ള അസ്ഥികള്‍ ഒടിഞ്ഞുതൂങ്ങിയത്‌ ഒരുവിധമെങ്കിലും സാധാരണനിലയില്‍ ആകാന്‍ മാസങ്ങള്‍ വേണ്‌ടിവരുന്ന അവസ്ഥയില്‍ ആശുപത്രിയിലെ ചികിത്സയ്‌ക്കുശേഷം വീട്ടിലേക്ക്‌ മടങ്ങി മുറിയ്‌ക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന ജീവിതം നയിക്കുന്നതിനിടെയാണ്‌ മറ്റൊരു ദുരന്തം കൂടി ഐസക്കിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക്‌ കടന്നുവന്നത്‌.

ഭാര്യയും അമ്മയും രണ്‌ടുകുട്ടികളുമടങ്ങുന്നതാണ്‌ ഐസക്കിന്റെ കുടുംബം. പിതാവ്‌ നേരത്തെ മരിച്ചിരുന്നു. ഐസക്കിന്റെ ഭാര്യ കുഞ്ഞുമോള്‍ (ട്രീസ) ഇടയ്‌ക്കിടെ കടുത്ത തലവേദന വന്നിരുന്നത്‌ അത്രകാര്യമാക്കിയിരുന്നില്ല. ഐസക്കിന്റെ ചികിത്സയ്‌ക്ക്‌ ആശുപത്രിയില്‍ ഒരുമാസത്തോളും ഒപ്പം നിന്നശേഷം വീട്ടിലെത്തിയതോടെ ട്രീസയുടെ തലവേദന കഠിനമായി. ഒടുവില്‍ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ ആശുപത്രിയില്‍ നടത്തിയ വിദഗ്‌ധപരിശോധനയില്‍ ട്രീസയ്‌ക്ക്‌ ബ്രെയിന്‍ ട്യൂമറാണെന്ന്‌ തിരിച്ചറിഞ്ഞു. പ്രായമായ അമ്മ. എട്ടും പത്തും വയസുള്ള രണ്‌ടു കുട്ടികള്‍. പുറത്തേക്കിറങ്ങണമെങ്കില്‍ കൂടി പരസഹായം വേണ്‌ടിവരുന്ന അവസ്ഥയില്‍ ഐസക്ക്‌. ഇതിനിടെ ഭാര്യയുടെ ചികിത്സ എങ്ങനെ നടത്തുമെന്ന്‌ വഴി കാണാതെ ഐസക്ക്‌ ഉഴറി. ചിക്തസയുടെ ഭാഗമായി ട്രീസയ്‌ക്ക്‌ ഉടന്‍ തലതുറന്ന്‌ ശസ്‌ത്രക്രിയ നടത്തണമെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചിരിക്കുകയാണ്‌. ഈ ഘട്ടത്തില്‍ ശസ്‌ത്രക്രിയ നടത്തിയാല്‍ പ്രതീക്ഷയ്‌ക്കു വകയുണ്‌ടെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്‌ട്‌. ഇതിനാല്‍ എങ്ങനെയും ട്രീസയുടെ ശസ്‌ത്രക്രിയക്ക്‌ തയാറെടുക്കുകകയാണ്‌ ഐസക്കും ബന്ധുക്കളും. ശയ്യാലംബനായി കിടക്കുമ്പോഴും തന്റെ രോഗാവസ്ഥയെക്കുറിച്ച്‌ ഓര്‍ക്കാതെ ഭാര്യയുടെ ചികിത്സയ്‌ക്ക്‌ പണം കണ്‌ടെത്താനുള്ള തത്രപ്പാടിലാണ്‌ ഐസക്ക്‌. പരിചയക്കാരായ ചിലര്‍ ഐസക്കിന്‌ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്‌ട്‌. അവര്‍ക്കൊപ്പം നമുക്കും കൂടാം. പറക്കമുറ്റാത്ത രണ്‌ടു കുഞ്ഞുങ്ങള്‍ക്ക്‌ അവരുടെ അമ്മയുടെ സ്‌നേഹവും സാന്ത്വനവും ഇനിയും അനുഭവിക്കാന്‍ ഇടയാകട്ടെ.

Isac V.L, Ac No 31101726028, SBI Cherthala, IFSC Code SBIN0005046
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക