ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക് വൃക്ക ദാനം ചെയ്‌ത് അധ്യാപിക മാതൃകയാകുന്നു
Published on 06 July, 2014
കോട്ടയം: മുന്‍പ് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക് വൃക്ക ദാനം
ചെയ്യാന്‍ തയാറായി കോട്ടയത്തു നിന്നൊരു കായികാധ്യാപിക. പാറമ്പുഴ ഹോളി ഫാമിലി
സ്‌കൂളിലെ അധ്യാപികയായ മിനി എം. മാത്യുവാണ് വൃക്കദാനത്തില്‍
മാതൃകയാവുന്നത്.
ഒരു സന്നദ്ധ സംഘടനയുടെ ഓഫിസില്‍ യാദൃച്‌ഛികമായി കണ്ട
ആയിരക്കണക്കിനു ഡയാലിസിസ് ധനസഹായ അപേക്ഷകളാണു മിനിയുടെ ജീവിതം മാറ്റിമറിച്ചത്.
തന്റെ വൃക്കകളിലൊന്ന് അര്‍ഹിക്കുന്ന ഒരാള്‍ക്കു ദാനം ചെയ്യണമെന്ന ഉറച്ച തീരുമാന
വുമായാണ് അന്ന് ഓഫിസില്‍ നിന്നു മടങ്ങിയത്. അനുയോജ്യയായ ആളെ തേടിയിറങ്ങിയപ്പോള്‍
ഭര്‍ത്താവിനും മക്കള്‍ക്കും ആദ്യം അമ്പരപ്പായിരുന്നു; തീരുമാനത്തിന്റെ ദൃഢത
ബോധ്യപ്പെട്ടപ്പോള്‍ ശക്‌തമായ എതിര്‍പ്പും. ഒന്നും വകവയ്‌ക്കാതെ കിഡ്‌നി ഫെഡറേഷന്‍
ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മലിന്റെ അടുത്തെത്തി. അദ്ദേഹമാണു രമ്യ കലേഷ് എന്ന
കൊട്ടാരക്കരക്കാരിയെ പരിചയപ്പെടുത്തിയത്. പിന്നീട് ക്രോസ് മാച്ചിനുവേണ്ടി
എറണാകുളത്തു പോയപ്പോഴാണു രമ്യയെ മിനി ആദ്യമായി കാണുന്നത്.
പത്താം വയസില്‍
വൃക്കരോഗം ബാധിച്ച രമ്യ(27) പതിനെട്ടാം വയസില്‍ വൃക്കമാറ്റിവയ്‌ക്കല്‍
ശസ്‌ത്രക്രിയയ്‌ക്കു വിധേയയായതാണ്. അന്ന് അച്‌ഛനാണു വൃക്ക നല്‍കിയത്. വിവാഹശേഷം
ഇരുപത്തിനാലാം വയസില്‍ വീണ്ടും രോഗം. ഇപ്പോള്‍ ആഴ്‌ചയില്‍ മൂന്നു ഡയാലിസിസ് വേണം.
കൊട്ടാരക്കരയില്‍ വീടിനടുത്തു പച്ചക്കറിക്കട നടത്തുന്ന ഭര്‍ത്താവ് കലേഷിന്
താങ്ങാവുന്നതല്ല ചികിത്സാച്ചെലവ്. ജീവിതം കൈവിട്ടു പോയെന്ന സാഹചര്യത്തിലാണു
മാലാഖയെപ്പോലെ മിനി എത്തിയതെന്നു രമ്യ പറയുന്നു. പരിശോധനകള്‍ക്കു പോകുന്നതിനു
മുന്നോടിയായി രമ്യയും അമ്മയും മിനിയുടെ പാറമ്പുഴയിലെ വീട്ടിലെത്തി.
രമ്യയുടെ
രക്‌ത ഗ്രൂപ്പ് എബി പോസിറ്റിവ് ആണ്. മിനിയുടേത് ബി പോസിറ്റീവും. എറണാകുളം
മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയിലെ സങ്കീര്‍ണമായ ശസ്‌ത്രക്രിയയിലൂടെ രമ്യയെ
ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാമെന്ന് മിനിക്കും ഡോക്‌ടര്‍മാര്‍ക്കും നല്ല
വിശ്വാസമുണ്ട്. മിനിക്ക് ഇനി വേണ്ടത് ശസ്‌ത്രക്രിയയ്‌ക്കു ചെലവാകുന്ന പതിനഞ്ചു
ലക്ഷത്തോളം രൂപയാണ്. രമ്യയ്‌ക്കു വേണ്ടി ആ തുകയും കണ്ടെത്തുമെന്നു മിനി
ആത്മവിശ്വാസത്തോടെ പറയുന്നു. കണ്ടിട്ടു പോലുമില്ലാത്ത ഒരു പെണ്‍കുട്ടിക്കു വേണ്ടി
വെറുമൊരു സാധാരണക്കാരിയായ തനിക്ക് ഇത്രയും ചെയ്യാന്‍ കഴിയുമെങ്കില്‍ സഹായിക്കാന്‍
സന്നദ്ധരായവര്‍ തേടിയെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണിവര്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല