വടക്കഞ്ചേരി: അനധികൃത മദ്യവില്പന നടക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്ന്
കിഴക്കഞ്ചേരി എരിക്കിന്‍ചിറ പഴാര്‍ണി സുരേഷിനെ പിടികൂടാനെത്തിയതാണ്
പോലീസ്. മരത്തില്‍നിന്നുവീണ് നട്ടെല്ലുപൊട്ടി ആറുവര്‍ഷമായി
എഴുന്നേല്‍ക്കാനാവാതെ കിടക്കുന്ന സുരേഷിനെയാണ് വീട്ടിലെത്തിയ പോലീസ്
കണ്ടത്. നിസ്സഹായതയുടെനടുവില്‍ നില്‍ക്കുന്ന പ്രായമായ മാതാപിതാക്കളെയും
ഭാര്യ സുനിത, പത്തും ഏഴും വയസ്സുള്ള രണ്ട് കുട്ടികള്‍ എന്നിവരേയുംകൂടി
കണ്ടതോടെ കാക്കിക്കുള്ളിലെ മനസ്സ് അലിഞ്ഞു.
മരപ്പണിക്കാരനായിരുന്ന സുരേഷ് മണ്ണുത്തിയില്‍ ജോലി ചെയ്യുന്നതിനിടെയാണ്
മരത്തില്‍നിന്നുവീണ് നട്ടെല്ല് പൊട്ടിയത്. തൃശ്ശൂര്‍ മെഡിക്കല്‍
കോളേജിലും സ്വകാര്യ ആസ്പത്രിയിലുമായി ചികിത്സ നടത്തിയെങ്കിലും
പണമില്ലാതായതോടെ ചികിത്സ നിലച്ചു. വീട്ടിലെ ഇടുങ്ങിയമുറി മാത്രമായി
പിന്നീട് സുരേഷിന്റെ ലോകം. അരയ്ക്കുതാഴെ പൂര്‍ണമായും തളര്‍ന്നു. കാലുകള്‍
ശോഷിച്ചു. അനങ്ങാനാവാതെ കിടപ്പ് വര്‍ഷങ്ങള്‍നീണ്ടതോടെ ശരീരം വ്രണംവന്ന്
പൊട്ടിത്തുടങ്ങി.
പരിചരണത്തിനും പ്രാഥമിക കാര്യങ്ങള്‍ക്കുമായി ഭാര്യ എപ്പോഴും അരികില്‍
വേണം. ഉപജീവനം വഴിമുട്ടിയതോടെ ചിലരുടെ സഹായത്തോടെ വീട്ടില്‍വെച്ച്
മദ്യവില്പന തുടങ്ങിയെന്നായിരുന്നു പരാതി. മദ്യവില്പന നിര്‍ത്തണമെന്ന്
കര്‍ശനമായി നിര്‍ദേശംനല്‍കിയ പോലീസ് ഉപജീവനത്തിനായി വഴികണ്ടെത്താമെന്നും
സുരേഷിന് ഉറപ്പുനല്‍കി.
തുടര്‍ന്ന്, വടക്കഞ്ചേരി സി.ഐ. എസ്.പി. സുധീരന്റെയും എസ്.ഐ. സി.
രവീന്ദ്രന്റെയും നിര്‍ദേശപ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍
പ്രസാദിന്റെ നേതൃത്വത്തില്‍ സുരേഷിന്റെ വീടിനോടുചേര്‍ന്ന് നടത്തിയ
ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറില്‍ വിവിധ ക്ലബ്ബുകളും സംഘടനാ
പ്രതിനിധികളും നാട്ടുകാരും ഒത്തുകൂടി പതിനഞ്ചംഗ സുരേഷ് ധനസഹായ
കമ്മിറ്റിക്ക് രൂപം നല്‍കി. വടക്കഞ്ചേരി എസ്.ബി.ടി. യില്‍ അക്കൗണ്ട്
തുടങ്ങി. നമ്പര്‍: 67302456996. ഉപജീവനത്തിനായി വീടിനുസമീപം ചെറിയൊരുകട
തുടങ്ങുന്നതിനും ചികിത്സതുടരുന്നതിനും പണം കണ്ടെത്തുകയാണ് ലക്ഷ്യം.
Mathrubhumi