Image

സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും

Published on 09 April, 2015
സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും
കോഴിക്കോട്: കാഴ്ചയും കേള്‍വിയുമില്ലാത്ത മക്കളെചൊല്ലി കുന്നോളം സങ്കടവുമായി കഴിയാനാണ് കക്കോടി കമലക്കുന്നിലെ പുഷ്പയുടെ യോഗം. 26, 24 വയസ്സുള്ള രണ്ട് ആണ്‍മക്കളെ ശിശുക്കളെപ്പോലെ പരിചരിക്കുകയാണവര്‍. കാഴ്ചയും കേള്‍വിയും ബുദ്ധിപരമായ വളര്‍ച്ചയുമില്ലാത്ത മക്കള്‍ യഥാസമയം മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ ആജീവനാന്ത ദുരിതമനുഭവിക്കുന്നു.
കൊച്ചുകുട്ടികളെപ്പോലെ അവരെപ്പോഴും അമ്മയെ ചുറ്റിപ്പറ്റി നടക്കും. എഴുന്നേല്‍ക്കാനും പല്ലുതേക്കാനും കുളിക്കാനും എന്നുവേണ്ട എല്ലാ കാര്യങ്ങള്‍ക്കും അമ്മ വേണം ഈ യുവാക്കള്‍ക്ക്. കുട്ടികളേക്കാള്‍ വാശിയാണിവര്‍ക്കെന്ന് പുഷ്പ പറയുന്നു. കക്കോടി ടൗണില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കമലക്കുന്നിന് ഏറ്റവുംമുകളിലെ പൊളിഞ്ഞുവീഴാറായ വീട്ടിലാണ് പുഷ്പയും മക്കളായ അഭിലാഷും അഖിലേഷും കഴിയുന്നത്. മക്കളെവിട്ട് എങ്ങോട്ടും പോകാന്‍ കഴിയാത്തതിനാല്‍ പുഷ്പ എത്രയോകാലമായി പുറംലോകം കണ്ടിട്ട്. പുറത്തിറങ്ങാന്‍ കുട്ടികള്‍ തയാറാവുകയുമില്ല. രണ്ടുമക്കളെയും വൈകല്യം കീഴടക്കിയത് ജനിച്ചു കഴിഞ്ഞശേഷമായിരുന്നു. ജന്മനാ നേരിയ കാഴ്ചയും കേള്‍വിയുമുണ്ടായിരുന്നു ഇരുവര്‍ക്കും. പിച്ചവെച്ചു വളര്‍ന്നപ്പോഴേക്കും ഇരുവരും അന്ധകാരത്തിലേക്ക് കൈവിട്ടുപോവുകയായിരുന്നു. അത്യുച്ചത്തിലുള്ള ശബ്ദമേ ഇവര്‍ക്ക് കേള്‍ക്കാനാവൂ. വലിയതോതില്‍ ഇടിവെട്ടുമ്പോഴോ, പടക്കം പൊട്ടുമ്പോഴോ മാത്രമാണ് ഇവര്‍ക്ക് കേള്‍വി.
രണ്ടാമത്തെ മകന്‍ അഖിലേഷ് ഈയിടെയായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ ആകെ അസ്വസ്ഥയാണ് പുഷ്പ. മക്കള്‍ അക്രമം കാണിച്ചാല്‍ നിസ്സഹായയായി നോക്കി നില്‍ക്കാനേ പുഷ്പക്കാവൂ. പരിസരത്തെ പള്ളിക്കമ്മിറ്റിക്കാര്‍ ഏര്‍പ്പെടുത്തിയ സഹായം കൊണ്ടാണ് ഇവര്‍ പട്ടിണിയില്ലാതെ കഴിഞ്ഞുപോവുന്നത്. സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന നാമമാത്രപെന്‍ഷന്‍ മാത്രമാണ് പുഷ്പയുടെ വരുമാനം. ഭര്‍ത്താവ് ആണ്ടി മരിച്ചിട്ട് 18 വര്‍ഷത്തോളമായി. കൂലിപ്പണിക്കാരനായിരുന്നു അദ്ദേഹം. ഭര്‍ത്താവുള്ള കാലത്തും ഇവര്‍ക്ക് പാതി പട്ടിണിയായിരുന്നു. കാലില്‍ ആണിരോഗം മൂലം ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ആണ്ടിക്ക്. മക്കളെ ചികിത്സിക്കാന്‍ ആദ്യമൊക്കെ ഡോക്ടറുടെ അടുത്ത് കോണ്ടുപോകുമായിരുന്നു. വിദഗ്ധ ചികിത്സകൊണ്ടല്ലാതെ ഫലമില്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ഇവരെ പിന്നെ ചികിത്സക്കൊന്നും കൊണ്ടുപോയിട്ടില്ല. ഭാരിച്ച ചെലവുള്ള ചികിത്സയെ കുറിച്ച് ഇവര്‍ക്ക്  ആലോചിക്കാന്‍ പോലും വയ്യായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മക്കളെ സാമൂഹികക്ഷേമവകുപ്പിന്‍െറ  ഏതെങ്കിലും സഥാപനങ്ങളിലാക്കാനൊന്നും ഈ അമ്മ തയാറല്ല. മക്കളെ മരിക്കുവോളം തനിക്കുതന്നെ പോറ്റണം. അല്ളെങ്കില്‍ അവരോടൊപ്പം തന്നെയും കൊണ്ടുപോകണമേയെന്നാണ് പുഷ്പ പറയുന്നത്.
അഭിലാഷിനേയും അഖിലേഷിനേയും ചികിത്സിച്ചാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ചെറിയ മാറ്റമുണ്ടാവുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ സഹായിക്കാന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണിപ്പോള്‍.
കക്കോടിയിലെ എസ്.ബി.ടി ശാഖയില്‍ പുഷ്പ കുടുംബ സഹായകമ്മിറ്റി എന്നപേരിലാണ് അക്കൗണ്ട്. A/C 67319358549. IFSC: SBTR0000858 CIF NO: 771264358549.
Madhyamam
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക