Image

അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും

Published on 21 January, 2021
 അമേരിക്കയില്‍ ആദ്യം കാല്‍  കുത്തിയതും ഒരു മദ്രാസുകാരന്‍;  ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
വൈസ് പ്രസിഡണ്ട്  കമലാ ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്റെ ജന്മദേശം മദ്രാസ് അഥവാ ചെന്നൈയാണ്. അമേരിക്കയും മദ്രാസും തമ്മില്‍ മറ്റൊരു ബന്ധം കൂടിയുണ്ട്, അധികമാര്‍ക്കും അറിയാത്തത്; അമേരിക്കയില്‍ ആദ്യമായി കാലുകുത്തിയ ഇന്ത്യക്കാരന്റെ ജന്മദേശവും മദ്രാസായിരുന്നു! 1790ല്‍ കപ്പലില്‍ കയറി അമേരിക്കന്‍ തീരത്തണഞ്ഞ ആ ഇന്ത്യക്കാരനോളം പഴക്കമുണ്ട് അമേരിക്കയിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചരിത്രത്തിനും.
 
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിലും ഇന്ത്യക്കാരെ വളരെ വിവേചനപരമായാണ് അമേരിക്കന്‍ ജനത കണ്ടിരുന്നത്. കുടിയേറ്റക്കാര്‍ എന്ന പരിഗണന പോലും ലഭിക്കാതിരുന്ന ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വമെന്നാല്‍ കിട്ടാക്കനിയായിരുന്നു. പൗരത്വം ലഭിക്കാന്‍ തുടങ്ങിയതോടെ സ്ഥിതി മാറി.
 
ക്രമേണ അമേരിക്കന്‍ മണ്ണില്‍ രാഷ്ട്രീയമായ അടത്തറ കെട്ടിയുണ്ടാക്കിയ ഇന്ത്യന്‍ ജനത സര്‍ക്കാര്‍ ഓഫിസുകളിലേയ്ക്കും, ലോക്കല്‍ കൗണ്‍സിലുകളിലേയ്ക്കും ഗവര്‍ണര്‍ സ്ഥാനത്തേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു തുടങ്ങി. അമേരിക്കയിലെ യൂണിവേഴ്സിറ്റികളുടെ സാരഥ്യം വഹിച്ചും, വന്‍കിട കമ്പനികളിലെ അവിഭാജ്യ ഘടകമായും, നോബല്‍ പ്രൈസിന് അര്‍ഹരായും ശ്രദ്ധനേടി. അത് ഇന്ന് കമലാ ഹാരിസ് എന്ന ഇന്ത്യന്‍ വംശജ ഈ രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതില്‍ എത്തിനില്‍ക്കുന്നു. ഇക്കാലത്തിനിടെ അമേരിക്കയിലെ ഏറ്റവും വിദ്യാസമ്പന്നരും, മികച്ച വരുമാനമുള്ളവരുമായി മാറാനും ഇന്ത്യന്‍ വംശജര്‍ക്ക് സാധിച്ചു.  ജനസംഖ്യയില്‍  1 ശതമാനത്തിലേറെപ്പേര്‍ ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ആണെന്നാണ് കണക്ക്.
 
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അമേരിക്കയിലേയ്ക്കുള്ള ഇന്ത്യന്‍ കുടിയേറ്റം വ്യാപകമായത്. റെയില്‍-റോഡ് നിര്‍മ്മാണത്തിനും, പഴയവസ്തുക്കള്‍ ശേഖരിക്കുന്ന കടകളിലെ ജോലിക്കും, കൃഷിപ്പണിക്കുമായി എത്തിയ സിഖുകാരായിരുന്നു ഇതില്‍ ഭൂരിഭാഗവും. കാനഡയില്‍ നിന്നും ഇവര്‍ അമേരിക്കയിലേയ്ക്ക് എത്തുകയായിരുന്നു. എന്നാല്‍ ഏഷ്യയില്‍ നിന്നുമുള്ള കുടിയേറ്റം നിര്‍ത്തലാക്കുന്ന 1917-ലെ കുടിയേറ്റ നിയമം  കര്‍ശനമായി നടപ്പാക്കിയിരുന്ന കാലത്ത് ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നല്ല ഭാവി പ്രതീക്ഷിച്ച് ഇവിടെയെത്തിയവര്‍ക്ക് കടുത്ത വംശീയ-വര്‍ണ്ണ വിവേചനമാണ് നേരിടേണ്ടിവന്നത്.
 
18ാം നൂറ്റാണ്ടില്‍ വെളുത്ത വര്‍ഗക്കാര്‍ക്ക് മാത്രം ലഭിക്കുന്ന 'Free White Citizenship' ഇന്ത്യക്കാര്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യക്കാര്‍ കൊക്കേഷ്യന്‍  വംശത്തില്‍ പെടുന്നവരായതിനാല്‍ 1910ന് ശേഷം കോടതികള്‍ ഇടപെട്ട് ചില ഇന്ത്യക്കാര്‍ക്ക് പൗരത്വം നല്‍കിയിരുന്നു. പക്ഷേ 1923ല്‍ യുഎസ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഭഗത് സിങ് തിണ്ടിന് സുപ്രീം കോടതി പൗരത്വം നല്‍കുന്നത് നിഷേധിച്ചു. കൊക്കേഷ്യന്‍ വംശത്തില്‍ പെട്ടവരാണെങ്കിലും ഇന്ത്യക്കാരെ വെളുത്ത വര്‍ഗക്കാരായി കാണാന്‍ കഴിയാത്തതിനാല്‍ പൗരത്വം നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു കോടതി വിധി. അതോടെ വീണ്ടും പൗരത്വമില്ലാത്ത ജനതയായി അമേരിക്കയിലെ ഇന്ത്യക്കാര്‍.  നേരത്തെ പല ഇന്ത്യക്കാര്‍ക്കും നല്‍കിയ പൗരത്വം റദ്ദാക്കുകയും ചെയ്തു. പക്ഷേ ഇവരെ രാജ്യത്ത് തുടരാന്‍  അനുവദിച്ചു.
 
പിന്നീട് 1935ലെ പുതിയ നിയമത്തിലൂടെ ഭഗത് സിങ് തിണ്ടിന് യുഎസ് പൗരത്വം ലഭിച്ചു. സൈനിക സേവനമനുഷ്ഠിച്ച എല്ലാവര്‍ക്കും, വംശം പ്രശ്‌നമാക്കാതെ പൗരത്വം നല്‍കാന്‍ അനുശാസിക്കുന്നതായിരുന്നു ഈ നിയമം.
 
അതേ സമയം പഠനം, ബിസിനസ്, മത പണ്ഡിതര്‍ എന്നിങ്ങനെ അമേരിക്കയിലേയ്ക്ക് ഇന്ത്യക്കാര്‍ വന്നുകൊണ്ടേയിരുന്നു. ഇവരിലൊരാളായിരുന്നു ദലിപ് സിങ് സൗന്ദ്. ബെര്‍ക്ക്ലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ PhD പഠിക്കാനായിരുന്നു ദലിപ് അമേരിക്കയിലെത്തിയത്. 1946ലെ മറ്റൊരു നിയമം വര്‍ഷം 100 ഇന്ത്യക്കാര്‍ക്ക് പൗരത്വം നല്‍കാം എന്ന അനുശാസത്തോടെ നിര്‍മ്മിക്കപ്പെട്ടു. ദലിപിനും അക്കൂട്ടത്തില്‍ അമേരിക്കന്‍ പൗരത്വം ലഭിച്ചു. പില്‍ക്കാലത്ത് കോണ്‍ഗ്രസിലേക്ക്  തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. 1956 ലായിരുന്നു ഇത്. പിന്നീട് രണ്ട് വട്ടം കൂടി അദ്ദേഹം ഇത്തരത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് ഹൗസ് ഓഫ് റപ്രസന്റേറ്റീവിലെത്തി.
 
1960ലെ സിവില്‍ റൈറ്റ്സ് മൂവ്മെന്റ് അമേരിക്കന്‍ സമൂഹത്തിലെ എന്ന പോലെ ഭരണസംവിധാനത്തിലെയും പ്രത്യക്ഷമായ വര്‍ണ്ണവിവേചനം തുറന്നുകാട്ടി. തുടര്‍ന്ന് 1965ലെ നിയമഭേദഗതിയിലൂടെ അയല്‍രാജ്യങ്ങളൊഴികെയുള്ള മറ്റ് എല്ലാ രാജ്യക്കാര്‍ക്കും പൗരത്വം നല്‍കാന്‍ യുഎസ് തീരുമാനിച്ചു. വര്‍ഷം 20,000 ഇന്ത്യക്കാര്‍ക്ക് വരെ യുഎസ് പൗരത്വം നല്‍കാനും ധാരണയായി. ഉന്നതവിദ്യാഭ്യാസവും ജോലിയുമുള്ളവര്‍ക്ക് യുഎസ് വിസ ലഭിക്കുന്നതില്‍ മുന്‍ഗണനയുണ്ടായിരുന്നതിനാല്‍ ജോലിക്കാരായ പതിനായിരക്കണക്കിന്  ഇന്ത്യക്കാര്‍ യുഎസിലെത്തുകയും, ഗ്രീന്‍ കാര്‍ഡ്, ഇമിഗ്രേഷന്‍ വിസ എന്നിവ സ്വന്തമാക്കുകയും ചെയ്തു. ഇവര്‍ക്ക് പിറകെ ഇവരുടെ ആയിരക്കണക്കായ ബന്ധുക്കളും ഇവിടേയ്ക്ക് കുടിയേറിപ്പാര്‍ത്തു.
 
പിന്നീട് ഇത്തരത്തില്‍ അമേരിക്കയിലേയ്ക്ക് വലിയ തോതില്‍ ഇന്ത്യക്കാരുടെ കുടിയേറ്റമുണ്ടായത് 1990കളുടെ അവസാനത്തിലാണ്. 2000ാമാണ്ട് തുടങ്ങുന്നതോടെ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് കരുതിയ Y2K എന്ന ബഗ്ഗ് ഭീഷണിയെത്തുടര്‍ന്ന് വിദഗ്ദ്ധരായ ധാരാളം കംപ്യൂട്ടര്‍ എഞ്ചിനീയര്‍മാരെ ആവശ്യമായി വന്നു. H1-B വിസയില്‍ താല്‍ക്കാലിക ജോലിക്കാരായെത്തി പ്രാഗദ്ഭ്യം തെളിയിച്ചതോടെ നിരവധി ഇന്ത്യന്‍ കംപ്യൂട്ടര്‍ വിദഗ്ദ്ധര്‍ക്ക് യുഎസില്‍ ജോലിക്ക് അവസരമൊരുങ്ങി. ഇതില്‍ പതിനായിരക്കണക്കിന് പേര്‍ക്ക് ഗ്രീന്‍ കാര്‍ഡും പിന്നാലെ പൗരത്വവും ലഭിച്ചപ്പോള്‍, ക്വോട്ട തീര്‍ന്നത് കാരണം അനവധി ഇന്ത്യക്കാര്‍ക്ക് പൗരത്വത്തിനായി കാത്തുകെട്ടി കിടക്കേണ്ടിവന്നു. ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസം, മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് അമേരിക്കയില്‍ കൂടുതല്‍ അവസരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പ്രദാനം ചെയ്തു.
 
സെന്‍സസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ന് അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 4 മില്യണ്‍ ആണ്. ആകെ ജനസംഖ്യയുടെ 1.2% വരും ഇത്.
 
മറ്റൊരു കൗതുകകരമായ കണക്ക്, ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ 72% പേരും ബിരുദധാരികളാണ് എന്നതാണ്. അമേരിക്കയിലെ സ്വദേശികളില്‍ 32% ആണ് ബിരുദധാരികള്‍. കുടുംബവരുമാനത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ സ്വദേശികളുടെ ഇരട്ടിയോളം വരും ഇന്ത്യന്‍ കുടിയേറ്റക്കാരുടെ വരുമാനം. Pew Research ആണ് ഈ കണക്കെടുപ്പ് നടത്തിയത്. ഒരു കാലത്ത് ഇവിടെ താഴെക്കിടയിലെ തൊഴിലാളികളും കര്‍ഷകരുമായി ജീവിച്ച ജനവിഭാഗമാണ് ഇന്ന് ഈ നേട്ടത്തിലെത്തിയിരിക്കുന്നത് എന്നത് ചരിത്രം.
 
അമേരിക്കയിലെ മൂന്ന് മേഖലകളില്‍ അവിഭാജ്യഘടകമാണ് ഇന്ത്യക്കാര്‍: ആരോഗ്യം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി.
 
കോവിഡ് കാലത്ത് പോലും ആരോഗ്യ രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരിലും നഴ്സുമാരിലും ഡോക്ടര്‍ വിവേക് മൂര്‍ത്തിയെപ്പോലുള്ള വലിയൊരു വിഭാഗം ഇന്ത്യക്കാരുണ്ട്. വാക്സിന്‍ നിര്‍മ്മാണമടക്കമുള്ള രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരിലും ഇന്ത്യക്കാര്‍ ഏറെ. അമേരിക്കയിലെ ആകെ ഡോക്ടര്‍മാരില്‍ 8% ഇന്ത്യക്കാരാണ്- ഏകദേശം 80,000ലേറെ പേര്‍. 40,000ലേറെ ഇന്ത്യക്കാര്‍ ഡോക്ടര്‍മാരാകാന്‍ പഠനം നടത്തുകയോ, പഠനത്തിന് ശേഷം റസിഡന്‍സി പ്രാക്ടീസിലേര്‍പ്പെട്ടിരിക്കുകയോ ചെയ്യുന്നു എന്നത് ഈ മേഖലയിലെ ഇന്ത്യന്‍ സ്വാധീനം വിളിച്ചോതുന്നു. അമേരിക്കയിലെ രോഗികളില്‍ ആറിലൊന്ന് രോഗികളെയും പരിശോധിക്കുന്നത് ഇന്ത്യന്‍ ഡോക്ടര്‍മാരാണ് എന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AAPI) പ്രസിഡന്റായ സുരേഷ് റെഡ്ഡി പറയുന്നു. ഡോക്ടര്‍മാര്‍ക്ക് പുറമെ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ നഴ്സിങ് രംഗത്തും ഇവിടെ ജോലി ചെയ്യുന്നു.
 
ഇന്ത്യക്കാരുടെ ബാഹുല്യമുളള മറ്റൊരു മേഖലയാണ് വിദ്യാഭ്യാസം. എല്ലാ പ്രധാന ഉപരിപഠന കേന്ദ്രങ്ങളിലും ഇന്ത്യക്കാരായ അദ്ധ്യാപകരുടെ സാന്നിദ്ധ്യമുണ്ട്. കോളേജ് പഠനം കഴിഞ്ഞ ഏത് അമേരിക്കന്‍ വിദ്യാര്‍ത്ഥിക്കും ഒരു ഇന്ത്യന്‍ ടീച്ചറുടെയെങ്കിലും പേര് പറയാനുണ്ടാകും. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഡീന്‍ ഇന്ത്യക്കാരനായ ശ്രീകാന്ത് ദത്തര്‍ ആണ്. മുന്‍ ഡീനാകട്ടെ മറ്റൊരു ഇന്ത്യക്കാരനായ നിതിന്‍ നോഹിറയും. മറ്റൊരു പ്രധാന സര്‍വ്വകലാശാലയായ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസിന്റെ ഡീനും ഒരു ഇന്ത്യക്കാരനാണ്: മാധവ് രാജന്‍.
 
യുഎസ് യൂണിവേഴ്സിറ്റുകളില്‍ സേവനമനുഷ്ഠിച്ച മൂന്ന് അക്കാദമിക് വിദഗ്ദ്ധര്‍ നോബല്‍ പ്രൈസിന് അര്‍ഹരായിട്ടുണ്ട്: ഹര്‍ഗോബിന്ദ് ഖുറാന (വൈദ്യശാസ്ത്രം), സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ (ഭൗതികശാസ്ത്രം), അഭിജിത് ബാനര്‍ജി (സാമ്പത്തികശാസ്ത്രം). ഗണിതശാസ്ത്രത്തിലെ സംഭാവനകള്‍ക്കായി മഞ്ജുള്‍ ഭാര്‍ഗവ, അക്ഷയ് വെങ്കടേഷ് എന്നിവര്‍ ഫീല്‍ഡ്സ് മെഡലും കരസ്ഥമാക്കി.
 
പൊതുജനവുമായി അടുത്തിടപഴകുന്ന ഹോസ്പിറ്റാലിറ്റി സെക്ടറിലും ഇന്ത്യക്കാര്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ രണ്ടിലൊന്ന് ഹോട്ടലുകളുടെയും ഉടമകള്‍ ഏഷ്യന്‍ അമേരിക്കന്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍  അംഗങ്ങളാണ്. ഇന്ത്യക്കാരാണ് 19,500ലേറെ അംഗങ്ങളുള്ള ഈ സംഘടനയുടെ സ്ഥാപകരും അംഗങ്ങളും.
 
ലോകത്തെ ടെക്നോളജി ഹബ്ബായ സിലിക്കണ്‍ വാലിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ രണ്ട് ലക്ഷത്തിലേറെയാണ്. സാങ്കേതികരംഗത്തെ ഭീമന്‍മാരായ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, IBM എന്നിവയുടെ തലപ്പത്ത് ഇന്ത്യന്‍-അമേരിക്കന്‍സാണ്. സുന്ദര്‍ പിച്ചൈ ഗൂഗിളിനെയും, സത്യ നാദല്ല മൈക്രോസോഫ്റ്റിനെയും, അരവിന്ദ് കൃഷ്ണ IBM-നെയും നയിക്കുന്നു.
 
സാങ്കേതികവിദ്യ അടക്കമുള്ള രംഗങ്ങളിലെ സംരംഭകരിലും ഇന്ത്യന്‍ കോടീശ്വരന്മാരുടെ സാന്നിദ്ധ്യമുണ്ട്. അവരിലൊരാള്‍ SunMicro Systems സ്ഥാപകനായ വിനോദ് ഖോസ്ല ആണ്. National Foundation for Economic Policy-യുടെ പഠനമനുസരിച്ച് 1 ബില്യണ്‍ യൂറോയിലേറെ മുതല്‍മുടക്കിലാരംഭിച്ച കമ്പനികളില്‍ പകുതിയുടെയും സ്ഥാപകര്‍ ഇന്ത്യക്കാരാണ്. ഈ കമ്പനികള്‍ പിന്നീട് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് വളര്‍ന്നു പന്തലിക്കുകയും ചെയ്തു.
 
മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രൊഫസറായിരുന്ന അമര്‍ ബോസ് ഇത്തരത്തില്‍ ഒരു സംരംഭത്തിന് തുടക്കമിട്ടിരുന്നു. മികച്ച ശബ്ദ സംവിധാനമുള്ള സ്പീക്കറുകളും മറ്റും നിര്‍മ്മിക്കുന്ന ഒരു കമ്പനിക്ക് അദ്ദേഹം 1960ല്‍ യുഎസില്‍ തുടക്കമിടുകയും, ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയും ചെയ്തു. ആ കമ്പനിയാണ് ഇന്ന് ഓഡിയോ സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുന്ന ലോകോത്തര ബ്രാന്‍ഡായ ബോസ്. മറ്റ് പ്രധാന കമ്പനികളുടെ സിഇഒമാരായ ഇന്ത്യക്കാര്‍ ഇവരാണ്: നീരജ് ഷാ (Wayfair), ഇന്ദ്ര നൂയി (PepsiCo), അജയ് ബംഗ (MasterCard), രാകേഷ് ഗംഗ്വാള്‍ (US Airways).
 
അമേരിക്കയിലെ ശാസ്ത്ര മത്സരങ്ങളിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് മറ്റുള്ളവരെക്കാള്‍ മുന്നില്‍.
 
ഇന്ത്യന്‍ അമേരിക്കന്‍സായ ഗോബിന്ദ് ബേഹരി ലാല്‍, ഗീത ആനന്ദ്, ജുംപ ലാഹിരി, സിദ്ധാര്‍ത്ഥ മുഖര്‍ജി, വിജയ് ശേഷാദ്രി എന്നിവര്‍ ജേണലിസത്തിന് നല്‍കിവരുന്ന പുലിറ്റ്സര്‍ പ്രൈസിന് അര്‍ഹരായും ഇന്ത്യക്കാരുടെ യശസ്സുയര്‍ത്തി.
 
ജുഡീഷ്യറിയിലും ഇന്ത്യന്‍ സാന്നിദ്ധ്യമറിയിച്ച് ശ്രീ ശ്രീനിവാസന്‍ കൊളംബിയ ഡിസ്ട്രിക്ട് കോര്‍ട്ട് ചീഫ് ജഡ്ജ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സുപ്രീം കോടതിക്ക് താഴെയുള്ള ഏറ്റവും പ്രധാനപ്പെട്ട കോടതിയാണിത്. മറ്റൊരു ഇന്ത്യന്‍ വംശജ വനിത ഗുപ്തയെ ടെക്സസിലെ അസോസിയേറ്റ് അറ്റോര്‍ണി ജനറലായി മുമ്പ് നാമനിര്‍ദ്ദേശം ചെയ്തത് നിയുക്ത പ്രസിഡന്റ് ജോ ബൈഡനാണ്. വെളുത്ത വര്‍ഗക്കാരായ ജഡ്ജിമാര്‍ മയക്കുമരുന്ന് കടത്താരോപിച്ച് തെറ്റായി ശിക്ഷ വിധിച്ച 38 ആഫ്രിക്കന്‍-അമേരിക്കക്കാരെ വിടുതല്‍ ചെയ്യുന്നതിനുള്ള സുപ്രധാന തീരുമാനമെടുത്ത് അമേരിക്കന്‍ സമൂഹത്തിന്റെ കൈയടി വാങ്ങുകയും ചെയ്തു വനിത ഗുപ്ത.
 
ബറാക് ഒബാമ സര്‍ക്കാരില്‍ സൊളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ച നീല്‍ കട്യാലും ഈ രംഗത്ത് ഇന്ത്യന്‍ വ്യക്തിമുദ്ര പതിപ്പിച്ചു.
 
അതേസമയം സമൂഹത്തിലെ അറിയപ്പെടുന്നവര്‍ മാത്രമല്ല, ടാക്സി തൊഴിലാളികള്‍, ഗ്യാസ് സ്റ്റേഷന്‍ ഉടമകള്‍, കോമിക് ഷോപ്പ് നടത്തിപ്പുകാര്‍ എന്നിങ്ങനെ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം വ്യാപിച്ച് കിടക്കുന്നു.
 
യുഎസ് ഭരണനിര്‍വ്വഹണത്തിലും ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും സജീവമാണ്. യുഎസ് ക്യാബിനറ്റിലെ ആദ്യ ഇന്ത്യക്കാരിയായതിന്റെ നേട്ടം നിക്കി ഹാലിക്കാണ്. യുഎന്നിന്റെ സ്ഥിരം പ്രതിനിധിയായി നിക്കിയെ നിയമിച്ചത് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ്. ക്യാബിനറ്റ് പദവിക്ക് തുല്യമാണ് ഈ പദവി. സീമ വര്‍മ്മ (സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പ്രോഗ്രാമായ Medicare, Medicaid എന്നിവയുടെ ഹെഡ്), അജിത് പൈ (Federal Communications Commission തലവന്‍), മനീഷ സിങ് (Assistant Secretary of the state), രാജ് ഷാ (Deputy Press Secretary) എന്നിവരെയും ട്രംപ് വിവിധ സര്‍ക്കാര്‍ തലങ്ങളില്‍ നിയോഗിച്ചിരുന്നു.
 
നിയുക്ത പ്രസിഡന്റ് ബൈഡനും ഇന്ത്യക്കാരെ കൂടെ കൂട്ടുന്നതില്‍ പിന്നിലല്ല. ബൈഡനും കമലയും 21 ഇന്ത്യന്‍-അമേരിക്കന്‍സിനെയാണ് സുപ്രധാന സര്‍ക്കാര്‍ സ്ഥാനങ്ങളിലേയ്ക്ക് പരിഗണിച്ചിരിക്കുന്നത്. അവരിലൊരാളായ നീര ടണ്ടണ്, ക്യാബിനറ്റ് പദവിക്ക് തുല്യമായ Office of Management and Budget ഡയറക്ടര്‍ സ്ഥാനമാണ് ലഭിക്കാന്‍ പോകുന്നത്. നീരയ്ക്ക് പുറമെ വിനയ് റെഡ്ഡി (Speech writing director), വേദാന്ത് പട്ടേല്‍ (Assistant press secretary), നേഹ ഗുപ്ത (Aossciate counsel), റീമ ഷാ (Deputy aossciate counsel) എന്നിവരും ബൈഡനൊപ്പം വൈറ്റ് ഹൗസില്‍ നിയമിതരാകും. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവരും ഇന്ത്യക്കാര്‍ക്ക് വൈറ്റ് ഹൗസില്‍ സ്ഥാനങ്ങള്‍ നല്‍കിയിരുന്നു.
 
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കാലങ്ങളായി ഉണ്ടായിരുന്നെങ്കിലും ദലിപ് സിങ് സൗന്ദിന് ശേഷം 2004ല്‍ ബോബി ജിന്‍ഡാല്‍ House of Representatives പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതു വരെ ദേശീയ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേയ്ക്ക് അമേരിക്കന്‍ ഇന്ത്യക്കാര്‍ എത്തിയിരുന്നില്ല. ഇക്കാലയളവില്‍ കനക് ദത്ത, കുമാര്‍ ബാര്‍വേ, ഉപേന്ദ്ര ചിവ്കുല തുടങ്ങിയവര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എന്നാല്‍ ബോബി ജിന്‍ഡാല്‍ ലൂയിസിയാനയിലും, നിക്കി ഹാലി സൗത്ത് കരോലിനയിലും ഗവര്‍ണര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയരാഷ്ട്രീയത്തില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം വളരുകയായിരുന്നു. ഇരുവരും റിപ്പബ്ലിക്കന്‍ ടിക്കറ്റിലാണ് മത്സരിച്ചത്.
 
ദലിപ് സിങ് സൗന്ദിനും, ബോബി ജിന്‍ഡാലിനും ശേഷം ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികളായി ആമി ബേര (2010), രാജ കൃഷ്ണമൂര്‍ത്തി, പ്രമീള ജയപാല്‍, റോ ഖന്ന (2017) എന്നീ ഇന്ത്യക്കാര്‍ ഹൗസ് ഓഫ് റപ്രസന്റേറ്റീവിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യക്കാര്‍ക്ക് ശക്തമായ അടിത്തറയുയര്‍ന്നു. 2017ല്‍ കമലാ ഹാരിസ് സെനറ്റിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. അതിനുമുമ്പ് കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിരുന്നു കമല.
 
2008ലെ ഇന്ത്യ-യുഎസ് ആണവ കരാറോടെ ഇന്ത്യ ആഗോള ആണവ ശക്തിയായി അംഗീകരിക്കപ്പെട്ടത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ട അമേരിക്കന്‍-ഇന്ത്യന്‍സിന്റെ കൂടി വിജയമാണ്. ഈ കരാറിനായി വിവിധ ഭരണതലങ്ങളില്‍ ഇവര്‍ ശക്തമായ ചരടുവലികള്‍ നടത്തുകയും, കാംപെയ്‌നുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ രാഷ്ട്രീയവീക്ഷണങ്ങളെ സ്വാധീനിക്കാന്‍ തക്കവണ്ണം കരുത്തരായ വിഭാഗമായി ഇന്ത്യന്‍-അമേരിക്കന്‍സ് വളര്‍ന്നു എന്നും ഇതോടെ വെളിവായി.

ഏലിയനു  പകരം ഇനി നോൺ-സിറ്റിസൺ;  സ്ത്രീകൾ പർപ്പിൾ അണിഞ്ഞതിനു പിന്നിൽ 

സ്റ്റുഡന്റ് ലോൺ തിരിച്ചടവ് സെപറ്റംബർ 30 -നു ശേഷം മതി

ബൈഡന്റെ തീരുമാനങ്ങൾ, പ്രതീക്ഷകൾ

ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്കുന്തറ)

അമേരിക്കയില്ആദ്യം കാല്കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്കുതിപ്പും

ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ

കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്

ഇംപീച്ച് ചെയ്യപ്പെട്ടാല്ആര്ക്കെന്തു ഗുണം? (ജോര്ജ് തുമ്പയില്‍)

ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്ജൂനിയർ? അറിയേണ്ടത് 

തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ

കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'

കമല ഹാരിസ് നാളെ വൈസ് പ്രസിഡന്റ്: അമേരിക്കക്കു ചരിത്ര നിമിഷം. ഇന്ത്യന്വംശജര്ക്കു അഭിമാന മുഹൂര്ത്തം

തമിഴ്നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര - നാഴികക്കല്ലുകൾ

സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്

ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളില്പലതും ബൈഡന്അസാധുവാക്കി.

കൈയില്ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 

 ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ

പ്രസിഡന്റായി ജോ ബൈഡൻ; വൈസ് പ്രസിഡന്റായി കമലാ ഹാരിസ്

വി. കുർബാനയിൽ പങ്കു ചേർന്ന് ബൈഡന്റെ തുടക്കം

കമലക്ക് കുട്ടികളുടെ കത്തുകൾ; ഏഷ്യക്കാർക്ക് ആഘോഷം

ട്രംപ് ഫ്ളോറിഡയില്‍; നോട്ട് ലോങ് ടേം ഗുഡ്ബൈ, വീ വില്ബി ബാക്ക്: വിടവാങ്ങല്പ്രസംഗത്തില്ട്രംപ്

സത്യപ്രതിജ്ഞ പരിപാടി: താരശോഭ, ആൾക്കൂട്ടങ്ങളും ആരവവുമില്ലാതെ ഇതാദ്യം

കോവിഡ് മരണം: ദേശീയ വിലാപം, പ്രാർത്ഥന, നയിച്ച് ബൈഡന്റെ സ്ഥാനാരോഹണ തുടക്കം

ബൈഡന്ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്ത്ഥിക്കുക; ആശംസകള്നേര്ന്ന് ഇവാന്

കമലയുടെ കയ്യിൽ രണ്ട് ബൈബിൾ; ജസ്റ്റീസ് സോട്ടോമെയർ സത്യവാചകം ചൊല്ലിക്കൊടുക്കും 

യാത്ര പറഞ്ഞ് മെലാനിയ; വിദ്വേഷവും ഭിന്നതയും വേണ്ട; ഹൃദയഹാരിയായ സന്ദേശം  

 അമേരിക്കയില്‍ ആദ്യം കാല്‍  കുത്തിയതും ഒരു മദ്രാസുകാരന്‍;  ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക