Image

നന്മയുടെ പ്രകാശം പരത്തുന്ന കഥാകാരനു ആശംസ (സുധീർ പണിക്കവീട്ടിൽ)

Published on 04 February, 2021
നന്മയുടെ പ്രകാശം പരത്തുന്ന കഥാകാരനു  ആശംസ (സുധീർ പണിക്കവീട്ടിൽ)

പിറന്നാൾ സുദിനങ്ങൾ ആനന്ദദായകങ്ങളാണ്. അതു നമുക്ക് പ്രിയപ്പെട്ടവരുടെയാകുമ്പോൾ ആ ദിനങ്ങൾക്ക് മനോഹാരിത ഏറുന്നു.  ആ ദിവസങ്ങളുടെ ആവർത്തനങ്ങൾക്കായി ഉറ്റവരും ചുറ്റുപാടും കൈകൂപ്പുന്നു. ജന്മദിനശുഭദിന മംഗളങ്ങൾ എന്ന കോറസ് കേട്ടു കാലം കാതോർക്കുന്നു.

പിറന്നാളുകാരന്റെ(കാരിയുടെ) പ്രായം നോക്കി കാലത്തിന്റെ കണ്ണും കാതും പിറകിലോട്ട് പറക്കുന്നു. കാലത്തിന്റെ മനസ്സിൽ ഓർമ്മകൾ പുനർജനിക്കുന്നു. അതേ ആ വീട്ടിൽ നിന്നാണ് കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു ജീവന്റെ കരച്ചിൽ കേട്ടതു. ഒരു ശിശുവിന്റെ പിറവി. എല്ലാവരുടെയും കണ്ണുകളിൽ ആനന്ദബാഷ്പ്പം തുളുമ്പി നിർത്തിക്കൊണ്ട് നിറുത്താതെ കരഞ്ഞ ഒരു പിഞ്ചുകുഞ്ഞു. പിന്നെ ദിനരാത്രങ്ങൾ കടന്നുപോയി. ശിശു വളർന്നു  വലുതായി. ഓരോ വർഷവും ആ ദിവസം, ആ പിറന്നാൾ ദിവസം സ്നേഹത്തിന്റെ നിർവൃതിയുടെ അനുഭൂതിസാന്ദ്രമായ ധന്യനിമിഷങ്ങൾ ഒരിക്കൽ കൂടി അനുഭവിക്കാൻ വേണ്ടി ഓടി വരുന്നു.

കുളിരുകോരി നിൽക്കുന്ന പ്രകൃതിയുടെ ഗ്രഹനിലയിൽ ഒരു നക്ഷത്രം തെളിയുന്നു. ഒരു കുഞ്ഞുനക്ഷത്രം   അതു പൂർണ്ണമായി പ്രഭ ചൊരിയുന്ന ദിവസമത്രെ ഫെബ്രുവരി നാല്. അന്നാണ് പ്രശസ്ത ബാലസാഹിത്യകാരനും, കവിയും, വാഗ്മിയും, നാടകകൃത്തും, നിരൂപകനുമൊക്കെയായ ശ്രീ ജോയൻ കുമരകത്തിന്റെ ജന്മദിനം. അനുഗ്രഹീതനായ ആ അതുല്യകലാകാരന് ആശംസകൾ നേർന്നുകൊണ്ട് രണ്ടുവരി കുറിക്കുമ്പോൾ പണ്ടു വായിച്ച ഒരു കാവ്യഭാഗം ഓർമ്മയിൽ തെളിയുന്നു.

"നക്ഷത്രപൂർണ്ണമായ ആകാശത്തിൽ ചന്ദ്രക്കല പ്രശോഭിക്കുന്നത് കണ്ട് വിക്ടർ ഹ്യുഗോ എന്ന ഫ്രഞ്ച് കവി ചോദിച്ചു. " ഏതു ഈശ്വരനാണ് ഏതു ശ്വാശ്വത വസന്തത്തിന്റെ കൊയ്ത്തുകാരനാണ് ഈ സ്വർണ്ണ കൊയ്ത്തരിവാൾ നക്ഷത്രങ്ങളുടെ വയലുകളിൽ അലക്ഷ്യമായിട്ടിട്ട് പോയിരിക്കുന്നതെന്നു.ന്യുയോർക്ക് നഗരത്തിന്റെ തിക്കിലും തിരക്കിലുംപ്പെ  ട്ട് ജീവിച്ചുപോകുമ്പോൾ ശ്രീ ജോയനെ പലപ്പോഴും കണ്ടുമുട്ടാനുള്ള ഭാഗ്യം ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഈ ലേഖകനു തോന്നാറുണ്ട് ആരാണ് ആരാണീ സ്വർണ്ണകൊയ്ത്തരിവാൾ  ഇങ്ങനെ അലക്ഷ്യമായി ഇട്ടിട്ട് പോയിരിക്കുന്നതെന്നു.

അനേകായിരം കുഞ്ഞുമനസ്സുകളിൽ ആനന്ദത്തിന്റെ ആശ്ചര്യത്തിന്റെ, അറിവിന്റെയൊക്കെ ഒരു അത്ഭുതലോകം സൃഷ്ടിച്ച ഈ അനശ്വരകലാകാരൻ, അക്ഷരങ്ങളെ കൊത്തിമിനുക്കിക്കൊണ്ട് കഥകളുടെ വർണ്ണകൂടാരങ്ങൾ തീർത്ത അനുപമകഥാകൃത്ത്, പ്രേക്ഷകരെ സങ്കൽപ്പ വിമാനത്തിലേറ്റി അത്ഭുതക്കാഴ്ച്ചകൾ കാണിക്കുകയും, അവയെ ചേതോഹരമായി വർണ്ണിക്കുകയും ചെയ്ത കൊച്ചുവൈമാനികൻ. ആരാധകരുടെ സിംഹാസനത്തിൽ എന്നും ചെങ്കോലും കിരീടവുമായി ഇരിപ്പുറപ്പിച്ച ഈ കൊച്ചുരാജാവ് ഇവിടെ ജനലക്ഷങ്ങൾ തിരിച്ചറിയാതെ പ്രവഹിക്കുന്ന നിരത്തിൽ സ്വതസിദ്ധമായ ശാന്തതയോടെ സ്നേഹത്തിന്റെ കെടാവിളക്ക് പ്രസരിപ്പിക്കുന്ന മുഖകാന്തിയോടെ പ്രത്യക്ഷപ്പെടുമ്പോൾ ഈ ലേഖകൻ ചോദിച്ചുപോകുന്നു "ആരാണീ സ്വർണ്ണ കൊയ്ത്തരിവാൾ അലക്ഷമായിട്ടിട്ട് പോയിരിക്കുന്നതെന്നു".

നന്മയുടെ പ്രകാശം പരത്തുന്ന കഥകളുമായി കടന്നുവന്ന ഈ സ്നേഹദൂതൻ മലയാളഭാഷയെ സമ്പന്നമാക്കികൊണ്ടിരുന്നപ്പോൾ ഭൗതിക നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ചില്ലായിരിക്കാം. കൊച്ചുമാലാഖമാർ മുഖം കാണിച്ച് മറയുന്ന സ്വർണ്ണ മുകിലകളുടെയും പൂക്കളുടെയും, ശലഭങ്ങളുടെയും, തേനരുവികളുടെയും കൂട്ടുപിടിച്ചുകൊണ്ട് ശിശുസഹജമായ മനസ്സിന്റെ ഉടമയായ ഈ എഴുത്തുകാരൻ ശൈശവനൈർമ്മല്യത്തിന്റെ അമൂല്യനിധികുംഭങ്ങൾ തുറന്നു ഭൂമിയിലേക്ക് സ്വർഗ്ഗത്തെ ഇറക്കികൊണ്ടുവന്നു.

നിങ്ങളുടെ ഹൃദയത്തിൽ ഒരു പച്ചകമ്പ് നാട്ടുക. പാട്ടുപാടാനായി പക്ഷികൾ അവിടേക്ക് ചേക്കേറുമെന്ന ചൈനീസ് പഴമൊഴിയെ അന്വർത്ഥമാക്കുന്നു   ശ്രീ ജോയൻ.  ശ്രീ  ജോയൻറെ ഹൃദയത്തിൽ നിത്യഹരിതമായ പൂങ്കമ്പുകളും അവിടെ പാടിതകർക്കുന്ന കുഞ്ഞാറ്റക്കുരുവികളും മാത്രം.  വൈഭാതരസമികൾ സിന്ദൂരം വിതറുന്ന പ്രഭാതം മുതൽ പ്രകൃതിയുടെ ചരാചരങ്ങളിൽ നിന്ന് തന്മയത്വത്തോടെ ഈ അനുഗ്രഹീത കലാകാരൻ ചാലിച്ചെടുക്കുന്ന വർണ്ണങ്ങളിൽ മലയാളഭാഷ ഒരു കൊച്ചോമനയാകുന്നു. പ്രതിഭയുടെ തിളക്കം ചുറ്റുപാടും പ്രസരിപ്പിക്കുമ്പോൾ സ്വയം തിളങ്ങാനുള്ള അവസരങ്ങൾ അന്വേഷിച്ചുപോകാതെ വിനയത്തിന്റെ ചിറകൊതുക്കിൽ കഴിഞ്ഞുകൂടുന്ന ഈ എഴുത്തുകാരനെ എന്തുകൊണ്ട് വായനക്കാരുടെ ലോകം അർഹിക്കുന്ന  അംഗീകാരത്തിന്റ അർച്ചനചെണ്ടുമായി അഭിവാദ്യം ചെയ്യാൻ  വൈകുന്നുവെന്ന് ഈ ലേഖകൻ ചിന്തിച്ചുപോകുന്നു.

ശ്രീ ജോയന് ഒരു വയസ്സ് കൂടുന്ന ഈ ശുഭവേളയിൽ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും അകമ്പടിയായി ദൈവം പ്രദാനം ചെയ്യട്ടെ എന്നാശംസിക്കുന്നു. ഒപ്പം സ്വർണ്ണകൊയ്ത്തരിവാൾ അലക്ഷ്യമായിട്ടിട്ട് പോയ തു കാലമോ, കർമ്മമോ, നിസ്സംഗത പാലിക്കുന്ന സഹൃദയലോകമോ എന്ന സംശയം ബാക്കിനിൽക്കുന്നു. ഒരുനാൾ അംഗീകാരത്തിന്റെ അഭൗമവേദിയിലേക്ക് പ്രിയപ്പെട്ട എഴുത്തുകാരാ,  താങ്കളെ സ്വാഗതം ചെയ്യുന്ന കേൾക്കാനിമ്പമുള്ള വാക്കുകൾ കാതോർത്തുകൊണ്ട്, സ്നേഹത്തോടെ ഈ ദിവസത്തിന്റെ അനവധി ആവർത്തനങ്ങൾ  ആശംസിക്കുന്നു.
ശ്രീ ജോയന് ആശംസകളും, സമ്മാനപൂക്കളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഈ നമ്പറിൽ വിളിക്കാം. 510-459 -9618.
ശുഭം

ആയുരാരോഗ്യങ്ങള്‍ നേരുന്നു ഞാന്‍ (മാര്‍ഗരറ്റ് ജോസഫ് )

കവിയമ്മാവന്റെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയനു   ജന്മദിനാശംസകൾ (ഡോ. തോമസ് പാലക്കൽ)

ജോയൻ കുമരകം  എന്ന പ്രതിഭ ( തോമസ് കളത്തൂർ)

ശതാഭിഷിക്തനാകുന്ന സാഹിത്യകാരൻ ജോയൻ കുമാരകത്തിനു ആശംസകൾ

Join WhatsApp News
സാംസി കൊടുമൺ 2021-02-04 16:18:26
സതാഭിഷക്തനാകുന്ന ജോയൻ കുമരകം സാറിന് എല്ലാ നന്മകളും നേരുന്നു.
കറക്ഷന്‍ 2021-02-04 23:30:27
സതാഭിഷക്തനാകുന്ന > ശതാഭിഷക്ത്ന്‍ വായനക്കാര്‍ തിരുത്തി വായിക്കുക -പ്ലീസ്; മോന്‍സി കൊടുമണ്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക