നിഷ്ഠയുള്ള ആത്മനിയന്ത്രണം കൃസ്തീയ ജീവിതത്തിനു നിർബന്ധമുള്ള സംഗതിയാണ്. ഉപവാസങ്ങളും പ്രാർത്ഥനകളും വിശ്വാസികൾക്ക് ആത്മീയ ചൈതന്യം നൽകുന്നു. സദൃസ്യവാക്യങ്ങൾ അധ്യായം 16 വാക്യങ്ങൾ 28 -29 "28: വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. 29: സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു. പൊള്ളയായ മനസ്സിൽ സാത്താൻ കുടികൊള്ളുന്നുവെന്നാണ്. മനുഷ്യർ ദൈവത്തിലേക്ക് തിരിയുകയും നന്മകൾ ജീവിതത്തിൽ പുലർത്തുകയും ചെയ്യുമ്പോൾ ജീവിതം ധന്യമാകുന്നു.
നാൽപ്പതു ദിവസം കഴിഞ്ഞാൽ നീനെവേ മഹാനഗരം ഉന്മൂലമാകുമെന്നു യഹോവയുടെ നിർദേശപ്രകാരം യോനാ പ്രവാചകൻ ഉത്‌ഘോഷിച്ചപ്പോൾ രാജാവ് ചെയ്തത് യോനാ അദ്ധ്യായം 3 :6 പറയുന്നു. " വർത്തമാനം നീനെവേരാജാവിന്റെ അടുക്കൽ എത്തിയാറെ അവൻ സിംഹാസനത്തിൽനിന്നു എഴുന്നേറ്റു രാജവസ്ത്രം നീക്കിവെച്ചു രട്ടു പുതെച്ചു വെണ്ണീറിൽ ഇരുന്നു." മതഗ്രന്തങ്ങളിലേ വചനങ്ങൾ പലപ്പോഴും പലരും തെറ്റായി വ്യാഖാനിക്കാറുണ്ട്. രട്ടു പുതച്ച് വെണ്ണീറിൽ ഇരുന്നു എന്ന് വായിക്കുമ്പോൾ മനസ്സിലാക്കേണ്ടത് ദൈവത്തിന്റെ മുന്നിൽ വിനയാന്വിതരാണെന്നുള്ളതിന്റെ യഹൂദരുടെ ആചാരമായിരുന്നുവെന്നാണ്. അവനൊക്കെ പ്രവാചകന്മാർ ആസന്നമാകുന്ന ആപത്തുകളെപ്പറ്റി വിളിച്ചുപറഞ്ഞത് ഇന്ന് ശാസ്ത്രലോകം ചെയ്യുന്നു. ശാസ്ത്രം പ്രതിവിധികൾ കണ്ടെത്തുന്നത് ദൈവാനുഗ്രഹം മൂലമാണെന്ന് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം.
ബൈബിൾ വായിക്കുന്ന ഒരു വിശ്വാസിക്ക് ഉപവാസവും പ്രാർത്ഥനയും എപ്പോഴും മനുഷ്യർക്ക് ഗുണകരമായിട്ടുണ്ടെന്നു അതിൽ പറയുന്ന അനേകം സംഭവങ്ങളിൽ നിന്നും മനസ്സിലാക്കാം. പ്രാർത്ഥിക്കുമ്പോൾ നമ്മൾ ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലൂക്കോസിന്റെ സുവിശേഷം അധ്യായം 3 : 36 മുതൽ 38 വരെ വാക്യങ്ങൾ ഇങ്ങനെ രേഖപ്പെടുത്തുന്നു. 36 ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി. 37 ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു. 38 ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.”
ആത്മീയത ഇന്ന് ചോദ്യം ചെയ്യപ്പെടുന്ന, തർക്കിക്കപ്പെടുന്ന ഒരു വിഷയമാണ്. അതുകൊണ്ട് ബൈബിളിൽ പറയുന്ന ഉപവാസവും പ്രാർത്ഥനയും അനുഷ്ഠിക്കാൻ വിമുഖതയുള്ളവർക്ക് ഇതിന്റെ ശാസ്ത്രീയമായ പ്രയോജനങ്ങൾ മനസ്സിലാക്കി ഉപവാസവും പ്രാർത്ഥനയും അവരുടെ ജീവിതത്തിൽ പ്രായോഗികമാക്കാവുന്നതാണ്. പട്ടിണിയും ഉപവാസവും വ്യത്യാസമുണ്ട്. ഉപവസിക്കുമ്പോൾ നമ്മൾ ഭക്ഷണത്തിൽ നിയന്ത്രണം വയ്ക്കുന്നു. ചില ഭക്ഷ്യപദാർത്ഥങ്ങൾ നമ്മൾ ഉപയോഗിക്കുന്നില്ല. ഉപവാസം കൊണ്ട് ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ടാകുമ്പോൾ പ്രാർത്ഥന നമ്മുടെ മനസ്സിനെ ബലപ്പെടുത്തുന്നു. ആധികൾ ഇല്ലാത്ത മനസ്സിന്റെ ഉടമക്ക് വ്യാധികൾ ഉണ്ടാകുന്നില്ല. സദൃശ്യവാക്യം 17 :22 സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു ടൈപ്പ് 2 പ്രമേഹത്തിനു ഉപവാസം ഗുണകരമാണെന്ന് കണ്ടെത്തിയിരിക്കുന്നു. രക്തസമ്മർദത്തിനും അതേപോലെ പൊണ്ണത്തടി കുറയ്ക്കാനും ഉപവാസം ഫലപ്രദമാണ്. ഉപവാസം കൊണ്ട് ആത്മീയമായ പുണ്യം വേണ്ടെന്നു കരുതുന്നവർക്ക് അവരുടെ ആരോഗ്യത്തിനായിട്ടെങ്കിലും ഈ വൃതം നോൽക്കാവുന്നതാണ്. ഭക്ഷണം ഉപേക്ഷിക്കുക അല്ലെങ്കിൽ ഇഷ്ടമുള്ള ഭക്ഷണം ഉപേക്ഷിക്കുക എന്ന വളരെ ലളിതമായ രീതിയാണ് ഉപവാസം. അത് ദൈവപ്രീതിയുണ്ടാക്കുമെന്നു വിശ്വസിക്കുന്നവർക്ക് അങ്ങനെയും ചിന്തിച്ച് ചെയ്യാം.
വചനങ്ങൾ അനുഷ്ഠിച്ച് ജീവിച്ച് സ്വർഗ്ഗപ്രാപ്തി നേടുക മാത്രമല്ല വിശ്വാസികൾ ആരോഗ്യത്തോടെ ജീവിക്കണമെന്നും ബൈബിളിലെ വചനങ്ങൾ അറിയിക്കുന്നു. ആവർത്തനം 7:1 -15 വരെയുള്ള വാക്യങ്ങൾ വായിക്കുക. 11 ആകയാൽ ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചുനടക്കേണം.12 നിങ്ങൾ ഈ വിധികൾ കേട്ടു പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും. 13 അവൻ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വർദ്ധിപ്പിക്കും; അവൻ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു നിന്റെ ഗർഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും. 14 നീ സകലജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാൽക്കാലികളിലാകട്ടെ ഉണ്ടാകയില്ല.15 യഹോവ സകലരോഗവും നിങ്കൽനിന്നു അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുർവ്വ്യാധികളിൽ ഒന്നും അവൻ നിന്റെ മേൽ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവയെ കൊടുക്കും.
പ്രാർത്ഥനയിലൂടെ മനസ്സിനെ ശുദ്ധീകരിക്കുക. മനസ്സിൽ സ്നേഹം നിറയുമ്പോൾ നിങ്ങൾക്ക് ചുറ്റും സ്വർഗ്ഗരാജ്യം സൃഷ്ടിക്കപ്പെടുന്നു. ഈ നോയമ്പുകാലം വെറുപ്പും, വൈരാഗ്യങ്ങളും വെടിഞ്ഞു സ്നേഹദീപം കൊളുത്തി നന്മയുടെ പ്രകാശം പരത്തുക.
(തുടരും)
സര്‍വജ്ഞനങ്ങുമാത്രം- (കവിത: മാര്‍ഗരറ്റ് ജോസഫ്)