മുഖാവരണം കെട്ടി പരസ്പരം അകലം പാലിച്ചു കഴിയുന്ന മനുഷ്യർ ഇന്നു മരുഭൂമിയിലൂടെ വാഗ്ദത്ത ഭൂമിയിലേക്ക് നടന്ന മനുഷ്യന്റെ അവസ്ഥയിലാണ്. ലക്ഷ്യസ്ഥാനത്ത് എത്തുമോ, പാലും തേനും ഒഴുകുന്ന ഒരു ഭൂമിയുണ്ടോ എന്നൊക്കെ അവരുടെ മനസ്സിൽ സംഘർഷങ്ങൾ നടന്നിരുന്നു. കോവിഡ്-19 ഭയം ഇന്നും വിട്ടുമാറാതെ ജനങ്ങൾ ഭീതിയിലാണ്. അവർ പ്രാർത്ഥനയും ഉപവാസവും അനുഷ്ഠിക്കുമ്പോഴും അവരിൽ നിന്നും വിട്ടുമാറാത്ത ഭയം നിലനിൽക്കുന്നു. പ്രതിരോധം കണ്ടുപിടിച്ചെങ്കിലും അത് എത്രമാത്രം ഫലപ്രദമാകുമെന്ന ചിന്ത അവരെ അലട്ടുന്നുണ്ട്. വിശ്വാസികൾ അവരുടെ ഉറച്ച വിശ്വാസത്തിൽ നിലകൊള്ളുന്നു. ഈ സമയം വിശുദ്ധവേദപുസ്തകം വായിക്കാനും അതിൽ പറഞ്ഞിരിക്കുന്നപോലെ ജീവിക്കാനും ശ്രമിക്കേണ്ടതാണ്. മതം മാറുകയെന്ന തെറ്റിധാരണ ഉണ്ടാകരുത്.
പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും ശക്തിയെപ്പറ്റി ബൈബിളിൽ ധാരാളമായി പറയുന്നുണ്ട്. ഈ മഹാമാരിയുടെ കാലത്ത് ബൈബിൾ വചനങ്ങൾ നമുക്ക് ആശ്വാസമരുളുന്നു. മത്തായി സുവിശേഷം അദ്ധ്യായം 21 വാക്യങ്ങൾ 21 മുതൽ 22 21: അതിന്നു യേശു: “നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” 22 നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു. സങ്കീർത്തനം അദ്ധ്യായം 145 വാക്യങ്ങൾ 18 ,19 -“18 യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. 19 തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.
പഴയകാലങ്ങളിൽ ജനങ്ങൾ ദൈവത്തിലുള്ള വിശ്വാസം കൊണ്ടു മാത്രം ജീവിച്ചു. ഇന്ന് നമ്മൾ ശാസ്ത്രയുഗത്തിലാണ്. അതുകൊണ്ട് കുറേപേർ പ്രാർത്ഥനയിലും ഉപവാസത്തിലും വിശ്വാസം പുലർത്തണമെന്നില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും അൽപ്പനേരം ഏകാഗ്രതയോടെ ധ്യാനിക്കുമ്പോൾ ഓരോരുത്തരും അവർക്ക് വിശ്വാസമുള്ള ദൈവത്തെ വിളിക്കുമ്പോൾ ഈ ഭൂമിയിൽ ശാന്തി നിറയും. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നന്മയുടെ പൊൻവെയിൽ പരക്കും. ഈ വൃതാനുഷ്ഠാനകാലം എല്ലാവരും ദൈവത്തെ വിളിച്ചും പ്രാർത്ഥിച്ചും കഴിയുമ്പോൾ, ഒപ്പം ശാസ്ത്രജ്ഞാനം ഉപയോഗപ്പെടുത്തുമ്പോൾ ഭൂമിയിൽ പടർന്നിരിക്കുന്നു മഹാമാരി അപ്രത്യക്ഷമായി വീണ്ടും സന്തോഷത്തിന്റെ നാളുകൾ മടങ്ങി വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
(തുടരും)
ഉപവാസ നാളുകൾ (ഇ മലയാളി നൊയമ്പുകാല രചനകൾ - 3)
മണ്ണിൽ നിന്നും മണ്ണിലേക്ക് - നോയമ്പുകാല ചിന്തകൾ (ഇ- മലയാളിയുടെ നോയമ്പ്കാല രചനകൾ - 2 )
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)