Image

ഭ്രമം-2 (അദ്ധ്യായം 3 -മുരളി നെല്ലനാട്) 

Published on 08 April, 2022
ഭ്രമം-2 (അദ്ധ്യായം 3 -മുരളി നെല്ലനാട്) 

കഥ ഇതുവരെ
രവികുമാറിനും പൂര്‍ണിമക്കും മൂന്നാമതൊരു പെണ്‍കുഞ്ഞ് പിറക്കുമ്പോള്‍, അവരുടെ മൂത്ത മകന്‍ അഖിലിന്റെ വിവാഹം കഴിഞ്ഞിരുന്നു. രണ്ടാമത്ത മകള്‍ നിഖില ഡിഗ്രി സ്റ്റുഡന്റും. നാണക്കേട് സഹിക്കാനാവാതെ ആ കുഞ്ഞിനെ ഉപേക്ഷിക്കണമെന്നു നിഖില വാശിപിടിച്ചു. പഴയ സഹപാഠികള്‍ക്കൊപ്പം റി-യൂണിയന് പൂര്‍ണിമ കന്യാകുമാരിയില്‍ പോയപ്പോള്‍ അവളുടെ പഴയ കാമുകന്‍, ജയദേവനില്‍ നിന്നാണ് അവള്‍ ഗര്‍ഭവതി ആയതെന്ന അവകാശവാദവുമായി ജയദേവന്റെ ഭാര്യ, നിരുപമ രംഗത്ത് വന്നു. 

നിരുപമ ഒരു ട്രാന്‍സ് ജെന്‍ഡര്‍ വുമണ്‍ ആയിരുന്നു. കുഞ്ഞിനെ അവര്‍ക്കു വേണമെന്ന് അവള്‍ ആവശ്യപ്പെട്ടു. എന്നാല്‍ രവികുമാര്‍ നടത്തിയ അന്വേഷണത്തില്‍ അത്  കളവാണെന്നു തെളിയുന്നു. മനസലിവ് തോന്നി രവികുമാര്‍ കുഞ്ഞിനെ അവര്‍ക്ക് തന്നെ നല്‍കി. 

ജയദേവന്റെ മരണത്തോടെ നിരുപമ, നാലു വയസ്സുള്ള കുട്ടിയുമായി മുംബൈയിലേക്ക് ചേക്കേറുന്നു. പൂര്‍ണിമയേയും രവികുമാറിനെയും അകറ്റി നിര്‍ത്തുകയായിരുന്നു നിരുപമയുടെ ഉദ്ദേശ്യം. പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം നിരുപമയും മകളും ഒരു ടിവിഷേയില്‍ പങ്കെടുക്കുന്നത് രവികുമാറും പൂര്‍ണിമയും കാണുന്നു.
കഥ തുടര്‍ന്നു വായിക്കാം.

'എന്റെ മോള്....എന്റെ മോള്....'
ടിവി സ്‌ക്രീനില്‍ മിഴിയര്‍പ്പിച്ച് വിങ്ങി കരഞ്ഞുകൊണ്ട് പൂര്‍ണിമ പ്രകമ്പനം പോലെ പറഞ്ഞുകൊണ്ടിരുന്നു. ടിവിയില്‍ നോക്കി നിശ്ചലാവസ്ഥയില്‍ രവികുമാര്‍ ഇരുന്നു.

നിരുപമയും മകളും സെറ്റിയില്‍ അടുത്തടുത്തിരുന്നു. കാലിനു മേല്‍ കാല്‍ കയറ്റി വച്ചാണ് നിരുപമ ഇരുന്നത്. സ്ലീവ് ലെസ് ബ്ലൗസ്. മുഖത്തേക്ക് വീഴുന്ന മിനുസമുള്ള മുടിയിഴകൾ  അവള്‍ ഒതുക്കി വയ്ക്കുന്നുണ്ടായിരുന്നു.
കൈവിരലുകള്‍ കോര്‍ത്ത് വച്ച് നിരഞ്ജനയും ഇരുന്നു.
 'ഞങ്ങള്‍ക്കിത് അഭിമാനമാണ്. ഒരു നാഷ്ണല്‍ അവാര്‍ഡ്. മൂന്നു ഭാഷകളിലായി മികച്ച നടിക്കുള്ള സ്‌റ്റേറ്റ് അവാര്‍ഡുകള്‍. നിരുപമ അങ്ങനെ ഇന്റര്‍വ്യൂ ഒന്നും അനുവദിക്കുന്ന ആളല്ല. ഇപ്പോള്‍ മകള്‍ക്കൊപ്പം വന്നിരിക്കുന്നു. താങ്ക്യൂ സോ മച്ച്...'

അവതാരക കൈയടിച്ചു.
'പതിനാലു വര്‍ഷത്തെ മുംബൈ ജീവിതത്തിനു ശേഷമാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. ഇങ്ങനെ ഒരു പറിച്ചു നടലിന് കാരണമെന്താണ്?'
ആദ്യത്തെ ചോദ്യം വന്നു.

ഒരു സിനിമ നടിയുടെ ഭാവചലനങ്ങളിലൂടെ നിരുപമ സംസാരിച്ചു തുടങ്ങി.
'ഒരിക്കലും ഞാന്‍ നാട് വിട്ടു നിന്നതല്ല. എന്റെ കരിയറിന് അനുയോജ്യമായ സ്ഥലം മുംബൈ ആണെന്നു കരുതി അങ്ങോട്ടുപോയതാണ്. അപ്പോഴും നാട്ടില്‍ ഭൂമി വാങ്ങാനും അതില്‍ വീട് പണിയാനുള്ള ശ്രമങ്ങളും ഞാന്‍ തുടങ്ങിയിരുന്നു. സോ... അതിന് ആരും മറ്റൊരു വ്യാഖ്യാനം നല്‍കണ്ട.'

'നിരുപമ വീട് ആലുവയില്‍ പുഴയോരത്ത് തന്നെ പണിയാന്‍ കാരണമെന്താ?'
'ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ടല്ലോ. ദേവേട്ടന്റെ മോഹമായിരുന്നു പുഴയോരത്തെ വീട്....'
നിരുപമ പറഞ്ഞു.

അതുകേട്ടതും പൂര്‍ണിമ ഞെട്ടലോടെ രവികുമാറിനെ നോക്കി.
'തിരക്കഥാകൃത്തായിരുന്ന ഭര്‍ത്താവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍?'
'അത് എനിക്ക് ഓര്‍മയല്ല, രഞ്ജിനി, സദാ ദേവേട്ടന്‍ എന്റെയും മോളുടെയും കൂടെയുണ്ട്. കൂടെയുള്ളയൊരാള്‍ നമുക്ക് എങ്ങനെയാണ് ഓര്‍മ്മകളാവുന്നത്. ഞാനിന്ന് ഈ നിലയില്‍ എത്തിയതിന് പിന്നില്‍ ദേവേട്ടന്റെ പിന്തുണയാണ്....'
ഹൃദയത്തില്‍ നിന്നെന്നവണ്ണമാണ് നിരുപമ പറഞ്ഞത്.

'ആക്‌സിഡന്റിനു ശേഷമായിരുന്നല്ലേ ജയദേവന്‍ തിരക്കഥാ രചയിലേക്ക് വന്നത്.'
'അതെ. അതിനു മുമ്പ് ഗവണ്‍മെന്റ് സര്‍വീസിലായിരുന്നു ദേവേട്ടന്‍. ആക്‌സിഡന്റില്‍ ദേവേട്ടന്റെ വലത് കാല്‍ നഷ്ടപ്പെടുമ്പോള്‍ പ്രഗ്നന്റായിരുന്നു ഞാന്‍....'
നിരുപമ മകളെ നോക്കി.

'പച്ചക്കള്ളമല്ലേ രവിയേട്ടാ അവള്‍ പറയുന്നത്. അവള്‍ ട്രാന്‍സ്‌ജെന്റര്‍ എ്ന്നറിഞ്ഞു തന്നെയാ ജയദേവന്‍ അവളെ സ്വീകരിച്ചത്. സര്‍ജറിയിലൂടെ അവള്‍ സ്ത്രീ ആയെങ്കിലും ഗര്‍ഭപാത്രം വ്ച്ചു പിടിപ്പിക്കാന്‍ പറ്റുമോ..'
പൂര്‍ണിമ രോഷം കൊണ്ടു.
'നീയൊന്നു മിണ്ടാതിരിക്ക്...' അയാള്‍ തടഞ്ഞു. കുറച്ചു സംസാരം അതിനിടയില്‍ മിസായിപോയി.

'ഇനി നിരഞ്ജന മോളിലേക്ക് വരാം. ഇതുപോലൊരു അമ്മയുടെ മകള്‍ ആയി ജനിച്ചതില്‍ മോള്‍ക്ക് അഭിമാനമില്ലേ?'
അവതാരക ചോദിച്ചു.
നിരഞ്ജന ഭംഗിയായി ചിരിച്ചു.
'അത് ഉണ്ടാവില്ലേ ആന്റി.'

മകളുടെ ഒച്ച പൂര്‍ണിമ കേട്ടു. നീ അറിയുന്നില്ല മോളെ നിന്റെ അമ്മ അവള്‍ അല്ലെന്ന്. നിന്റെ അമ്മ കാണാമറയത്താ കുട്ടീ. അത് ഞാനാ. എന്റെ വയററിലാ നീ പിറന്നത്. പൂര്‍ണിമയുടെ ഉള്ളം കേണു.
'മോള് പഠിക്കയാണോ?'
അടുത്ത ചോദ്യം വന്നു.
'പ്ലസ്ടു കഴിഞ്ഞ് ഞാന്‍ ഫാഷന്‍ ഡിസൈനിംഗിന് ചേര്‍ന്നു. കൊച്ചിയില്‍ വന്ന നിലക്ക് ഇനി ഡിഗ്രി ചെയ്യണമെന്നുണ്ട്.'
നിരഞ്ജന പറഞ്ഞു.

'എല്ലാവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. അമ്മയെ പോലെ മോളും സിനിമയിലേക്ക് വരുന്നുണ്ടോ എന്ന്...'
അവതാരക ചിരിയോടെ നിരഞ്ജനയെ നോക്കി.
നിരഞ്ജന എന്തെങ്കിലും പറയുന്നതിനു മുമ്പേ നിരുപമ ഇടപ്പെട്ടു.
'ഹിന്ദി ഉള്‍പ്പെടെ എല്ലാ ഭാഷകളില്‍ നിന്നും അവള്‍ക്ക് നല്ല ഓഫര്‍ വരുന്നുണ്ട്.
ക്ഷണിച്ചവരൊക്കെ എന്നെ വ്യക്തിപരമായി അടുത്ത് അറിയുന്നവരാ. ഒന്നും തീരുമാനിച്ചിട്ടില്ല എന്നതാ സത്യം.'
'ആ മറുപടിയില്‍ തന്നെ പാതി സമ്മതമുണ്ട്....'
അവതാരക അതില്‍ പിടിച്ചു.
'അവള്‍ തീരുമാനിക്കട്ടെ.'
നിരുപമ മകളെ വീക്ഷിച്ചു. 

ഉടന്‍ പൂര്‍ണിമ ശബ്ദിച്ചു: 'അവള്‍ നമ്മുടെ മോളെ സിനിമയില്‍ ഇറക്കും രവിയേട്ടാ. അവളെ വച്ചു കോടികള്‍ നേടാമല്ലോ. അവളുടെ വയറ്റില്‍ പിറന്ന കുഞ്ഞല്ലല്ലോ.... അവള്‍ക്കെന്തുമാവാം....'
എന്തോ ഓര്‍ത്തത് പോലെ പൂര്‍ണിമ വേഗം ഫോണ്‍ എടുത്ത് ടിവിയുടെ അടുത്തേക്ക് പോയി നിരഞ്ജനയുടെ മുഖം കാണുമ്പോഴൊക്കെ ആ വിഷ്വല്‍ അവള്‍ ഫോണില്‍ പകര്‍ത്തി.

നിരുപമയുടെ സിനിമ വിശേഷണങ്ങളിലേക്ക് സംസാരം നീണ്ടു. ആദ്യ ചിത്രമായ ഋതാംബരയെപറ്റി പറഞ്ഞെങ്കിലും ഹരിബാബുവിന്റെ പേര് നിരുപമ പരാമര്‍ശിച്ചില്ല. മോള്‍ക്ക് അമ്മ ചെയ്ത ഏത് കഥാപാത്രമാണ് ഇഷ്ടം എന്നൊക്കെ ചോദ്യം വന്നു.
ചിരിക്കുമ്പോള്‍ നിരഞ്ജനയുടെ മുഖത്ത് വിടരുന്ന ഭാവങ്ങളും, കണ്ണുകളിലെ പ്രകാശവും വാല്‍സല്യത്തോടെ രവികുമാര്‍ നോക്കിയിരുന്നു.

നാലുവയസ്സുള്ളപ്പോള്‍ അവളെ കാണുമ്പോഴൊക്കെ നിരുപമ തന്നെയും പൂര്‍ണിമയേയും മോളെകൊണ്ട് വിളിപ്പിച്ചത് അങ്കിള്‍, ആന്റി എന്നായിരുന്നു. ജയദേവന്‍ അത്യാസന്ന നിലയില്‍ ആവുമ്പോഴും അയാളുടെ മരണം സംഭവിക്കുമ്പോഴും മോള്‍ പൂര്‍ണിമയുടെ കൈകളിലായിരുന്നു. നാലു വയസിലെന്ന ആ ഓര്‍മകള്‍ അവളില്‍ ഉണ്ടാവാനിടയില്ല.
അരമണിക്കൂര്‍ പിന്നിട്ടത് രവികുമാറും പൂര്‍ണിമയും അറിഞ്ഞില്ല. ടോക്ക് ഷോ അവസാനിച്ചപ്പോള്‍ വല്ലാത്തൊരു ശൂന്യത പോലെയായി. ടിവി ഓഫ് ചെയ്തു.

'നിരുപമ കൊച്ചയില്‍ താമസമായല്ലോ രവിയേട്ടാ...'
'അത് കൊണ്ട് നമ്മുക്കെന്ത് കാര്യമാ ഉള്ളത്?' അയാള്‍ ചോദിച്ചു.
'അവിടം വരെ ഒന്നു പോയാല്‍ നമുക്ക് നമ്മുടെ മോളെ നേരില്‍ കാണാമല്ലോ.'
പൂര്‍ണിമയുടെ മനസിന്റെ തുടിപ്പ് മുഖത്ത് തെളിഞ്ഞു.

'നമ്മള്‍ എന്തെന്നു പറഞ്ഞ് അവിടെ ചെല്ലും? നിങ്ങള്‍ ആരാന്ന് നിരുപമ ചോദിക്കില്ലെന്നാണോ താന്‍ കരുതുന്നത്? മോള്‍ക്ക് നമ്മളെ കണ്ട ഓര്‍മ്മ പോലും ഉണ്ടാവില്ല. ഒരു പരിചയവുമില്ലാത്ത പെണ്‍കുട്ടിയോട് എന്ത് ഇന്റിമെസി കാണിക്കും. നമ്മുടെ സാന്നിധ്യമുണ്ടായാല്‍ നിരുപമ മകളെയും കൊണ്ടു സ്ഥലം വിടും.'

പൂര്‍ണിമ നിശബ്ദയായി. കണ്ണുകളില്‍ നിന്നു അടര്‍ന്നു വീഴാന്‍ പാകത്തില്‍ നീര്‍ത്തുള്ളികള്‍ നിന്നു.
കുഞ്ഞിനെ സ്വീകരിക്കുന്നതിനു മുമ്പേ നിരുപമ ബുദ്ധിപൂര്‍വ്വം ചില കളികള്‍ നടത്തിയിരുന്നു. ഹരിബാബു പറഞ്ഞാ ഞാനത് അറിയുന്നത്. കുഞ്ഞിനെ ഏറ്റുവാങ്ങി അവളും ജയദേവനും ബാംഗ്ലൂരില്‍ സെറ്റിലാവുമ്പോ പല പ്രോജക്ടുകളില്‍ നിന്നും അവള്‍ പിന്‍മാറി. അതിനവള്‍ പറഞ്ഞ റീസണ്‍ അവള്‍ അഞ്ച് മാസം പ്രഗ്നന്റാണെന്നാ! ഡെലിവറി കഴിഞ്ഞ് വരാന്‍ വേണ്ടി ഒരു വര്‍ഷം മാറ്റിവച്ച പ്രോജക്ടുകള്‍ പോലുമുണ്ട്. അവള്‍ പ്രസവിച്ച കുഞ്ഞായി തന്നെ വര്‍ക്കൗട്ട് ചെയ്യുന്നതില്‍ നിരുപമ വിജയിച്ചു. നമുക്കൊന്നിനും കഴിയില്ല പൂര്‍ണിമ....'
രവികുമാര്‍ എഴുന്നേറ്റുപോയി.

പൂര്‍ണിമ കണ്ണുകള്‍ തുടച്ചുകൊണ്ട് സെറ്റിയില്‍ ഇരുന്നു. ഫോണില്‍ നിന്ന് ആ ഫോട്ടോകള്‍ അവള്‍ തിരഞ്ഞു.
സെല്‍ റിങ്ങ് ചെയ്തു. സുമലതയുടെ കോള്‍ ആയിരുന്നു.
'സുമേച്ചി....'
ഗദ്ഗദത്തോടെ പൂര്‍ണിമ വിളിച്ചു.
'വിശ്വസിക്കാന്‍ കഴിയുന്നില്ല. പൂര്‍ണിമേ കുട്ടിക്കാലത്തെ നിന്റെ തനിഛായയാ അവള്‍ക്ക്. അന്നു നിന്നെ കണ്ടിട്ടുള്ള ആരും അവള്‍ നിന്റെ മോളാന്നേ പറയൂ...'
സുമലതയുടെ സ്വരം കാതില്‍ വീണു.

'എന്റെ മോളെ കണ്ട് കൊതിതീര്‍ന്നില്ല സുമേച്ചി, ഞാന്‍ കുറച്ച് ഫോട്ടോയൊക്കെ എടുത്തു.' കരച്ചിലോടെ പൂര്‍ണിമ പറഞ്ഞു.
'നീ വിഷമിക്കണ്ട. അപ്പു ആ പ്രോഗ്രാം റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞ ഉടന്‍ അച്ഛന്‍ വിളിച്ച് മോനോട് പറഞ്ഞു. നിനക്ക് ഞാനത് അയച്ചുതരാന്‍ അവനോടു പറയാം.'
സുമലത സമാശ്വസിപ്പിച്ചു.

'അവള്‍ കൊച്ചിയിലാണല്ലോ ഇനി... നിഖിലയും അവിടെയാ. എന്റെ മനസ് പിടിക്കുന്നിടത്ത് നില്‍ക്കുന്നില്ല, സുമേച്ചി... മരണം വരെ എനിക്കിതൊരു നോവ് തന്നെയാ. അവസാനമായി കണ്ണടക്കുമ്പോഴും എന്റെ മക്കള്‍ക്കിടയില്‍ ഞാനൊരു മുഖം തേടി പോവും.... നൊന്ത്‌പെറ്റ് പതിനാറാം ദിവസം കൈയൊഴിഞ്ഞ എ്‌ന്റെ മോളുടെ...'
പൂര്‍ണിമ പൊട്ടിക്കരഞ്ഞു.

അകത്ത് അത് കേട്ട് രവികുമാര്‍ നില്‍പുണ്ടായിരുന്നു. മൂന്നു മക്കളില്‍ തന്റെ പ്രിയപ്പെട്ടവളുടെ ഛായ കിട്ടിയിരിക്കുന്നത് കൈവിട്ടുകളഞ്ഞ ആ മകളിലാണ്! ജയദേവനോടു തോന്നിയ സഹതാപത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊടുത്തത്. അയാള്‍ ലോകം വിട്ടു പോവുകയും ചെയ്തു. തന്റെ മകളെ സ്വന്തമാക്കി വയ്ക്കാന്‍ നിരുപമക്ക് ഒരു അര്‍ഹതയുമില്ല. പൂര്‍ണിമയുടെ മനസില്‍ ചാരം മൂടി കിടന്ന ആ കനല്‍ ആളിക്കത്താന്‍ തുടങ്ങി.

മകളെ തിരിച്ചുപിടിക്കാന്‍ ഒരു പഴുതുണ്ടെങ്കില്‍ താന്‍ അത് ചെയ്തിരിക്കും. അല്ലെങ്കില്‍ താനെങ്ങനെ അച്ഛനാവും. ആരെയും അറിയിക്കാതെ തന്നെ അതിനുള്ള കരുക്കള്‍ നീക്കണം.
****
ബാല്‍ക്കണിയില്‍ നിന്ന് പുഴയിലേക്ക് നോക്കി നിന്ന് ഫോണിലൂടെ സംസാരിക്കുകയായിരുന്നു നിരുപമ.
ഇരുട്ടില്‍ പുഴ അവ്യക്തമായിരുന്നു. ഗാര്‍ഡന് അപ്പുറത്തെ വൈദ്യുത വിളക്കുകള്‍ പ്രകാശിച്ചുകൊണ്ടിരുന്നു.
'മമ്മി ചെവിയില്‍ നിന്ന് ആ സാധാനം എടുക്കുന്നുണ്ടോ?'
പിന്നില്‍ അലര്‍ച്ചകേട്ട് നിരുപമ തിരിഞ്ഞു.

വിറളി പിടിച്ചപോലെ മകള്‍ നില്‍ക്കുന്നു. മിഡിയും ടോപ്പുമായിരുന്നു അവളുടെ വേഷം. മുടി പിന്നില്‍ കെട്ടിവച്ചിരിക്കുന്നു.
മിഴികളില്‍ ഒരു മയക്കമുണ്ട്.
നിരുപമ കോള്‍ കട്ട് ചെയ്തു.

ഇന്റര്‍വ്യൂ വന്നതിന്റെ ആഘോഷമായിരിക്കും. എന്നെ കെട്ടി ഒരുക്കി അവിടെ കൊണ്ടിരുത്തിയപ്പോള്‍ മമ്മിക്ക് തൃപ്തിയായല്ലോ. എന്റെ ഫ്രണ്ട്‌സൊക്കെ അത കണ്ട് വിളിക്കാ. ഈ മലയാളം ചാനല്‍ അവര്‍ കാണുമെന്ന് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ വരില്ലായിരുന്നു....'
അവള്‍ നിന്നു തുള്ളി.

'അതിനിപ്പോ എന്താ അനൂട്ടി സംഭവിച്ചത്?'
സൗമ്യയായി നിരുപമ ചോദിച്ചു.
എനിക്കിവിടെ ജീവിക്കാന്‍ പറ്റില്ല. എനിക്ക് മുംബൈക്ക് തിരിച്ചു പോണം....'
അനൂട്ടി ശാഠ്യം പിടിച്ചു.
'നടക്കില്ല. ഒരു കോംപ്ലിക്കേഷന്‍സിന് ഇടയില്‍ നിന്നാ നമ്മള്‍ ഇങ്ങോട്ടു വന്നത്. ഇനി ഒരു തിരിച്ചു പോക്കില്ല. ഇത് നിന്റെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ മണ്ണാ... നമ്മള്‍ ഇവിടെ താമസിക്കണമെന്ന നിന്റെ അച്ഛന്റെ സ്വപ്‌നം കൂടിയാ ഇപ്പോ നിറവേറിയിരിക്കുന്നത്.'
നിരുപമ കടുപ്പിച്ചു പറഞ്ഞു.

'മമ്മിയുടെ ഈ സെന്റിമെന്‍സൊന്നും എന്റടുത്ത് വില പോവില്ല. മമ്മിക്ക് പ്രായം കൂടിയപ്പോ ചാന്‍സ് കുറഞ്ഞു. മമ്മിക്ക് ഇനി വേണ്ടത് വിശ്രമമാ. അതിന് എന്നെ കൂടി എന്തിനാ ബലിയാടാക്കുന്നത്. എനിക്കീ നാട്ടില്‍ ആരേം അറിയില്ല. ഫ്രണ്ട്‌സെന്നു പറയാന്‍ ഒരാള്‍ പോലുമില്ല. മമ്മിയുടെ സ്വാർത്ഥതയുടെ പേരില്‍ എന്റെ ലൈഫ് നശിപ്പിക്കാ.... എന്റെ ഫ്രീഡത്തില്‍ കൈകടത്താന്‍ ആരേം ഞാന്‍ അനുവദിക്കില്ല.'
അനൂട്ടി നിലത്ത് ആഞ്ഞു ചവിട്ടി. നിരുപമക്ക് കോപം ഇരച്ചുവന്നു.

'നിന്റെ ലൈഫ് ഞാന്‍ നശിപ്പിക്കുന്നു പോലും. നീ അവിടെ കിടന്ന് നശിക്കണ്ടെന്നു കരുതിയാ നിന്നെയും കൊണ്ട് ഞാനിങ്ങോട്ടു വന്നത്. എന്നെകൊണ്ട് കൂടുതല്‍ പറയിപ്പിക്കരുത്.... അവളും അവളുടെ കുറെ ഫ്രണ്ട്‌സും.'
'മമ്മിയുടെ സിനിമക്കാരെക്കാള്‍ ചീപ്പല്ല എന്റെ ഫ്രണ്ട്‌സ്.'
അനൂട്ടി തിരിച്ചടിച്ചു.
നിരുപമ നിന്നു ദഹിച്ചു.

'എന്നെ കൊണ്ടും നാണം കെട്ട പല ഗോസിപ്പു കഥകളും മമ്മിയും പറയിപ്പിക്കരുത്...'
നിരുപമ ഉരുകി പോയി.
'നീയിത് പറയണമെടി. നിനക്ക് നാലുവയസ്സുള്ളപ്പോള്‍ നിന്റെ അച്ഛന്‍ മരിച്ചതാ. നിനക്കു വേണ്ടി മാത്രം ജീവിച്ചവളാ ഞാന്‍. നിന്റെ അച്ഛനെ വിവാഹം ചെയ്തതിന്റെ പേരില്‍ എന്റെയോ ദേവേട്ടന്റെയോ ബന്ധത്തില്‍ ഒരാള്‍ പോലും സഹായത്തിനുണ്ടായില്ല. നാലു വയസുളള മകളെയും നെഞ്ചോട് ചേർത്ത്  പൊരുതിയാ ഞാനിവിടെ വരെ എത്തിയത്. തിരിച്ചറിവ് കൂടിപോയെന്നു വച്ച് എന്തും പറയരുത്.'
നിരുപമ വികാരഭരിതയായി.

ഞാനിത് കേട്ട് കുറെ മടുത്തതാ. മമ്മി പൊരുതിയതും ജീവിച്ചതും മമ്മിക്കു വേണ്ടിയാ. മാറിമാറി വന്ന ആയമാരുടെ കൂടെയാ ഞാന്‍ വളര്‍ന്നത്, പ്രശസ്തി, പണം ഒക്കെയായിരുന്നു മമ്മി എന്തിനെക്കാളും വലുതായി കണ്ടത്. ഒരു മാസത്തില്‍ എത്ര ദിവസം മമ്മി എന്റെ കൂടെ കഴിഞ്ഞിട്ടുണ്ട്. പറ... അന്നൊക്കെ ഞാനും ആഗ്രഹിച്ചിരുന്നു, മമ്മിയുടെ സാമീപ്യത്തിന്. ആരും ആര്‍ക്കും വേണ്ടി ജീവിക്കുന്നില്ല. മകള്‍ക്ക് വേണ്ടി ജീവിച്ചു എന്നു പറയുന്നതൊക്കെ ഒന്നാം നമ്പര്‍ ഫൂളിഷ്‌നസാ.... ഓരോരുത്തരും അവര്‍ക്ക് വേണ്ടി തന്നെയാ ജീവിക്കുന്നത്. മമ്മിയുടെ ജീവിതം മമ്മിക്ക്. എന്റേത് എനിക്കും.'
നിരുപമ സ്തബ്ധയായി നിന്നു.

 'ചാനലിന് ഒരിന്റര്‍വ്യൂ കൊടുത്ത് എന്നെ ഇവിടെ തളച്ചിടാമെന്ന് മമ്മി കരുതണ്ട. ഞാന്‍ തരിച്ചു പോവും. എനിക്കീ നാട്ടില്‍ ആരുമില്ല. അച്ഛന്‍രെ പേരു പറയുകയാണെങ്കില്‍ ഞാനാ മുഖം ഓര്‍ക്കുന്നു കൂടിയില്ല. അച്ഛനാന്നു പറഞ്ഞ് ഒരു ചിത്രം കാണിച്ചു തന്നിട്ട് കാര്യമില്ല.'
അനൂട്ടി കുറച്ചു മുന്നിലേക്ക് ചെന്നു.

'ആരാ എനിക്കീ നാട്ടിലുള്ളത്.... നിരുപമയുടെ മകള്‍ എന്ന  ലേബല്‍ അല്ലാതെ ഇവിടെ എനിക്കെന്ത് അസ്തിത്വമാ ഉളളത്.'
നിരുപമ രൂക്ഷമായി അവളെ നോക്കി. അനൂട്ടി മുഖം വെട്ടിച്ചു.
'എന്തിനു വേണ്ടിയാ നീ വെമ്പല്‍ കൊള്ളുന്നതെന്ന് എനിക്കറിയാം. സിരകളിലേക്ക് ലഹരി കയറാത്തതിന്റെ പിടപ്പാ നിനക്ക്. എനിക്ക് ജീവനുണ്ടെങ്കില്‍ ഇനി നിന്നെ ആ കൂട്ടുകെട്ടിലേക്ക് വിടില്ല. നിശാപാര്‍ട്ടികളില്‍ ലഹരി നുണഞ്ഞ് നിനക്കാടി ഉന്മാദിക്കണം..... സിറ്റി പോലിസ് കമ്മീഷണര്‍ കാശ്യപിന് എന്നോടു തോന്നിയ സഹാനുഭൂതികൊണ്ടാ ഇപ്പോ നീ എന്റെ മുന്നില്‍ നില്‍ക്കുന്നത്.'
നിരുപമയുടെ സ്വരം വിറച്ചു.

'ഈ തടവറയിലിട്ട് നിങ്ങള്‍ എന്നെ കൊന്നോ....'
അലറി വിളിച്ചുകൊണ്ട് അനൂട്ടി അകത്തേക്ക് പോയി. തൊട്ടു പിന്നാലെ എന്തൊക്കെയോ വീണുടയുന്ന ഒച്ച തുടരെ തുടരെ കേട്ടു.
അനൂട്ടിയുടെ വാര്ക്കുകള്‍ നിരുപമയുടെ കാതില്‍ പ്രതിധ്വനിച്ച് കേട്ടു.

പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ഓട്ടം  തന്നെയായിരുന്നു, കഴിഞ്ഞ പതിനാലു വര്‍ഷങ്ങള്‍. മാസത്തില്‍ ഒരു വട്ടം പോലും വീട്ടില്‍ വന്നുപോകാന്‍ സമയം കിട്ടിയില്ല. മകള്‍ വളര്‍ന്നു വരുന്ന കാര്യം പോലും ഓര്‍ക്കാനായില്ല. അവള്‍ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് എത്രമാത്രം നാശത്തില്‍ചെന്ന് പതിച്ചെന്ന് അറിയുന്നത്. കണക്കില്ലാത്ത പണം, മമ്മിയുടെ പ്രശസ്തി... നിയന്ത്രിക്കാന്‍ ആരുമില്ല.

ലഹരിമരുന്നുകളുടെ മായികലോകത്താണ് മകള്‍ എന്നറിഞ്ഞപ്പോള്‍ എങ്ങനെ കരകയറ്റുമെന്നറിയാതെ പകച്ചു പോയി.
 കൂട്ടുകെട്ടുകളില്‍ നിന്ന് മോചിപ്പിച്ച് കൊച്ചിയിലേക്ക് ഫ്‌ളൈറ്റ് കയറി.

പതിനെട്ടു വയസു മാത്രമാണ് അവള്‍ക്ക് പ്രായം. നിരുപമക്ക് ഈ ഭൂമിയില്‍ ആകെയുള്ള തുണ അവള്‍ മാത്രമാണ്. കാത്തുസൂക്ഷിച്ചേ പറ്റൂ. പൂര്‍ണേച്ചിയും രവികുമാര്‍ സാറും കിലോമീറ്ററുകള്‍ക്ക് അപ്പുറമുണ്ടെന്ന ഭീഷണി വകവയ്ക്കാതെ ഇങ്ങോട്ടു തന്നെ പുറപ്പെട്ടത് അതുകൊണ്ടു മാത്രമാണ്! പലരും അന്വേഷിച്ച് വന്നെന്നു വരും.
വെല്ലുവിളികള്‍ ഒരുപാടാണ്. അത് നേരിടാനുള്ള മനസുറപ്പുമുണ്ട്.... ആണും പെണ്ണും കെട്ട ജീവിതത്തില്‍ നിന്നു അതിജീവിച്ചു വന്നവളാണ് നിരുപമ!
നിരുപമയുടെ മുഖം ഉലപോലെ ചുവന്നു.
(തുടരും...)

അദ്ധ്യായം 2: https://emalayalee.com/vartha/259820

അദ്ധ്യായം-1: https://emalayalee.com/vartha/259642 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക