Image

പെയിന്റ് ചെയ്യാത്ത മുറികൾ  (നസീർ ഹുസ്സൈൻ കിഴക്കേടത്ത്, ന്യുജേഴ്‌സി)

Published on 28 July, 2022
പെയിന്റ് ചെയ്യാത്ത മുറികൾ  (നസീർ ഹുസ്സൈൻ കിഴക്കേടത്ത്, ന്യുജേഴ്‌സി)

പെയിന്റ് ചെയ്യാത്ത മുറികൾ .
എന്റെ ഇപ്പോഴുള്ള വീട് വാങ്ങിയത് മുതൽ പെയിന്റ് ചെയ്യാത്ത ഒരു മുറിയുണ്ട്. ബേസ്‌മെന്റിൽ ഉള്ള ആ  മുറിയുടെ മതിലിൽ ഈ വീട്ടിൽ പണ്ട് താമസിച്ചിരുന്ന കുട്ടികളുടെ ഉയരങ്ങൾ ഓരോ വർഷവും അവരുടെ ജന്മദിനങ്ങളിൽ  കുട്ടികൾ  അടയാളപ്പെടുത്തി വച്ചിട്ടുണ്ട്. നാല് കുട്ടികളാണ് ഇവിടെ താമസിച്ചിരുന്ന പഴയ താമസക്കാർക്ക് ഉണ്ടായിരുന്നത്. ഏറ്റവും ഇളയ കുട്ടിയായ എമ്മ ജൂലൈ രണ്ടായിരത്തി പന്ത്രണ്ടിൽ മൂന്നേകാൽ അടി ഉയരം എന്ന് രേഖപ്പെടുത്തി വച്ചിരിക്കുന്നു, ഒരു പക്ഷെ ഏറ്റവും മുതിർന്ന കുട്ടിയായ Chet, രണ്ടായിരത്തി പതിനാല് മാർച്ചിൽ അഞ്ചടി ഏഴിഞ്ചു ഉയരം രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടയിൽ പല വർഷങ്ങളിൽ ഓരോ കുട്ടിയുടെയും ഉയരങ്ങൾ കൂടി കൂടി വരുന്നത് കളർ പേന വച്ച് ഓരോ കുട്ടിയുടെയും  ഉയരം പ്രത്യേകം  രേഖപ്പെടുത്തി വച്ചിരിക്കുന്നു. രണ്ടായിരത്തി പതിനാലിലാണ് ഞങ്ങളീ വീട് വാങ്ങുന്നത്. കുട്ടികളുടെ വർഷങ്ങളായുള്ള ഓർമ്മകൾ രേഖപ്പെടുത്തി വച്ച ഈ മതിൽ എനിക്ക് പെയിന്റ് ചെയ്തു മറക്കാൻ തോന്നിയില്ല. അവരുടെ ഓർമ്മകൾ മായ്ക്കാൻ നമുക്കെന്തവകാശം.
പഴയ വീട് വിറ്റിട്ടാണ് ഈ വീട് വാങ്ങിയത്.  ഇപ്പോഴും ആ വീടിന്റെ മുൻപിലൂടെ കാറിൽ  പോകുമ്പോൾ പത്ത് സെക്കന്റ് നേരത്തേക്ക്  ഒരു ദ്രുത വീക്ഷണം നടത്തും. ഞാൻ നട്ട റോസിൽ പൂക്കൾ വിരിഞ്ഞിട്ടുണ്ടോ എന്ന് നോക്കും. അരികിലെ ആപ്പിൾ മരത്തിൽ കായ് വന്നോ എന്ന് നോക്കും. വീടുകൾ വേറെ ആളുകൾക്ക് വിറ്റുവെങ്കിലും ഹൃദയത്തിന്റെ ഒരംശം അവിടെ വച്ചിട്ടാണ് ഓരോരുത്തരും ഇറങ്ങുന്നത്. എന്റെ രണ്ടു മക്കളും കളിച്ചു വളർന്നത് അവിടെയാണ്, അവരുടെ വളർച്ചയുടെ ഉയരങ്ങൾ രേഖപ്പെടുത്തി വച്ചിരിക്കുന്നത് ആ വീട്ടിലെ മതിലുകളിലാണ്. ഇപ്പോഴുള്ളവർ അത് മായ്ച്ചുകളഞ്ഞോ അതോ അതേപടി നിർത്തിയോ എന്നത് എനിക്ക് ഇന്നും കൗതുകമുള്ള കാര്യമാണ്.
പലർക്കും ഇത്തരം ചെറിയ കാര്യങ്ങളിൽ എന്തിനാണ് നമ്മൾ വലിയ പ്രാധാന്യം കൊടുക്കുന്നതെന്ന് തോന്നിയേക്കാം. മനുഷ്യരുടെ നശ്വരങ്ങളായ ചെറിയ ചെറിയ  ഓർമ്മകൾ അനശ്വരമാക്കാനുള്ള ഓട്ടത്തെയാണ് നമ്മൾ ജീവിതമെന്ന് വിളിക്കുന്നത് എന്ന് പറഞ്ഞാൽ ചിലർക്കെങ്കിലും അത് അതിശയോക്തിയാകില്ല.  നാളെ നമ്മുടെ അടയാളങ്ങളും വീടും നാടുമെല്ലാം മണ്ണിനടിയിൽ പോയി മറയും, പക്ഷെ അതുവരെയെങ്കിലും നമ്മുടെ ഓർമ്മകളിലാണ് പലപ്പോഴും നമ്മൾ ജീവിക്കുന്നത് തന്നെ, പ്രത്യേകിച്ച് പ്രവാസികളായ ഞങ്ങൾ.  
ഞാൻ എന്റെ കുട്ടിക്കാലം ഓർക്കുമ്പോൾ എന്റെ വീടെന്ന അടയാളപ്പെടുത്തുന്നത് പള്ളുരുത്തി എറണാട്ട് അമ്പലത്തിന്റെ കിഴക്കുവശത്തുള്ള ഞങ്ങളുടെ പഴയ വീടാണ്. അമ്പലത്തിന്റെ കിഴക്കുവശത്തായത് കൊണ്ട് അവിടെയുള്ള എല്ലാവരുടെയും പേരിന്റെ അവസാനം കിഴക്കേടത്ത്  എന്നാണ്. ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം വേണമെന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന തരത്തിൽ അവിടെയുള്ള എല്ലാവർക്കും  എന്നെ വളർത്തിയതിൽ പങ്കുണ്ട്. ആ വീട് ഇപ്പോഴില്ല, പക്ഷെ നാട്ടിലേക്ക് ടിക്കറ്റ് എടുക്കുമ്പോഴെല്ലാം എന്റെ മനസ്സിൽ ഞാൻ തിരികെ പോകുന്നത് ആ വീട്ടിലേക്കും ആ വീട്ടിലെ എന്റെ കുടുസുമുറിയിലേക്കുമാണ്, കാണാൻ പോകുന്നത് ആ വീടിന്റെ അടുത്തുള്ള സുഹൃത്തുക്കളെയും, കൊവേന്ത സെന്റ്  ആന്റണീസ് യുപി സ്കൂളിലും, പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിലും , കൊച്ചിൻ കോളേജിലും സെന്റ്  ആൽബെർട്സ് കോളേജിലുമൊക്കെ  പഠിച്ച കൂട്ടുകാരെ കാണാനും വേണ്ടിയാണു.
ഞാൻ പള്ളുരുത്തിയിൽ നിന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലേക്കും , ബാംഗ്ലൂരിലേക്കും പിന്നെ അമേരിക്കയിലെക്കും  പോയതെല്ലാം എന്റെ തന്നെ തീരുമാനങ്ങൾ ആയിരുന്നു. പക്ഷെ ഒരാളുടെ ആഗ്രഹവും സമ്മതമില്ലാതെ അയാളുടെ വീട് വിട്ടു പോകേണ്ടി വന്ന ആയിരക്കണക്കിന് നിർഭാഗ്യ സന്ദർഭങ്ങൾ ചരിത്രത്തിലുണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഇന്ത്യ പാക്കിസ്ഥാൻ വിഭജന സമയത്ത് പാകിസ്താനിലെ സിഖുകാരും ഹിന്ദുക്കളും ഇന്ത്യയിലേക്കും ഇന്ത്യയിലെ മുസ്ലിങ്ങൾ പാക്കിസ്ഥാനിലേക്കും തങ്ങളുടെ വീടുകളും, സുഹൃത്ബന്ധങ്ങളും,  പരിസരപ്രദേശങ്ങളും, ചിലപ്പോൾ ഭാഷയും ജീവിതരീതിയും വരെ വിട്ടിട്ട് ഓടിപ്പോയത്. എന്റെ ചെറുപ്പത്തിൽ  കേരളത്തിലെ മൂന്ന് പേരെ പിടിച്ച്  ഒരുമിച്ച് നിർത്തിയാൽ  ആരാണ് ഹിന്ദു ആരാണ് മുസ്ലിം ആരാണ് ക്രിസ്ത്യാനി എന്ന് ഒരു തരത്തിലും പറയാൻ കഴിയുമായിരുന്നില്ല, കാരണം വേഷത്തിലും ഭാഷയിലും ഭക്ഷണ രീതികളിലും സംസ്കാരത്തിലും നമ്മൾ ആദ്യം മലയാളി മാത്രം ആയിരുന്നു. ആരാധനാലയങ്ങളിൽ പോകുന്ന ചുരുക്കം  ചില നിമിഷങ്ങളിൽ മാത്രമാണ് നമ്മൾ മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരുന്നത്.
മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ പാകിസ്ഥാൻ  വിഭജനം നടന്നപ്പോൾ പലരും തങ്ങളുടെ താമസപരിസരവും  സംസ്കാരിക ഭാഷ സ്വത്വങ്ങളും  സുഹൃത്തുക്കളെയുമെല്ലാം ഉപേക്ഷിച്ച് പോകേണ്ടി  വന്നു.  ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയവർ അവിടെ ഹിന്ദുക്കൾ ഉപേക്ഷിച്ചു പോരേണ്ടി വന്ന വീടുകളിൽ താമസിച്ചു, മറിച്ച്  വന്ന ഹിന്ദുക്കൾ ഇവിടെ നിന്ന് മുസ്ലിങ്ങൾ ഉപേക്ഷിച്ചു പോയ വീടുകളിൽ താമസമാക്കി. പലരും ഉടുതുണിക്ക് മറുതുണി ഇല്ലാതെ പലായനം ചെയ്തത് കൊണ്ട് അവരുടെ ഓർമ്മകൾ അടങ്ങിയ പല വസ്തുക്കളും ഉപേക്ഷിച്ചാണ് പോയത്. ചിലപ്പോൾ വസ്ത്രങ്ങളും പാത്രങ്ങളും പുസ്തകങ്ങളും പൂർവികരുടെ ഓർമ നിലനിർത്തുന്ന വസ്തുവകകളും അവർ ഉപേക്ഷിച്ചു പോയവയിൽ പെടും.
അങ്ങിനെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ആളുകൾ ഉപേക്ഷിച്ചു പോയ ഒരു വീട്ടിലാണ് ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക്  വന്ന ചൗധരി ലത്തീഫ് എന്നയാൾ താമസിച്ചിരുന്നത്. വിഭജനം കഴിഞ്ഞു കുറെ നാൾ കഴിഞ്ഞപ്പോൾ ചൗധരിക്ക് ഇന്ത്യയിൽ നിന്നൊരു കത്ത് വന്നു. അഡ്രസിന്റെ കൂടെ , അവിടെയുള്ള താമസക്കാരൻ എന്നായിരുന്നു എഴുതിയിരുന്നത്. കത്തയച്ച  ആൾക്ക് ആരാണ് അവിടെ താമസിക്കുന്നത് എന്നറിയില്ലായുന്നു. ഇന്ത്യയിലെ ജലന്ധറിൽ നിന്ന് ഹരികിഷൻ ദാസ് എന്നൊരാളായിരുന്നു ആ കത്തെഴുതിയത്.
"ഒരു മനുഷ്യനെന്ന നിലയിലാണ് ഞാൻ നിങ്ങൾക്കീ കത്തെഴുതുന്നത്. ഒരു ഹിന്ദു കത്തെഴുതി എന്നത് കൊണ്ട് നിങ്ങളിത് വായിക്കാതിരിക്കരുത്. നമ്മൾ ആദ്യം മനുഷ്യരും അതിനു ശേഷമേ ഹിന്ദുവും മുസ്ലിമും ആയിട്ടുള്ളൂ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ നിങ്ങളീ  കത്തിന് മറുപടി തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" എന്ന് തുടങ്ങിയ കത്തിൽ വിഭജനത്തിനു മുൻപ് ഈ വീട്ടിൽ താമസിച്ചിരുന്ന ഹരികിഷൻ ദാസ് ബേദി എന്നയാൾ താൻ എന്തുകൊണ്ട് ഈ കത്തെഴുതുന്നു എന്ന് തുടർന്ന് വിശദീകരിച്ചു.
വിഭജനം ഒരു യാഥാർഥ്യമായപ്പോൾ പെട്ടെന്ന് വീട് വിടേണ്ടി വന്ന ഒരാളായിരുന്നു ഹരികിഷൻ ദാസ്. അദ്ദേഹം ഒരു അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ മുസ്ലിങ്ങളും സിഖുകാരും ഹിന്ദുക്കളും എല്ലാമുണ്ടായിരുന്നു.  പുസ്തകങ്ങളെ അഗാധമായി സ്നേഹിച്ച അദ്ദേഹത്തിന് വീട് വിടുമ്പോൾ വീട്ടിൽ നിന്ന് ഒന്നും എടുക്കാൻ കഴിഞ്ഞില്ല . കുറെ ഏറെ പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയുടെ കൂടെ അദ്ദേഹം എഴുതി ഏതാണ്ട് പൂർത്തിയാക്കിയ ഒരു ജ്യോമിതി ടെക്സ്റ്റ് ബുക്കിന്റെ കയ്യെഴുത്ത് പ്രതിയും ഉണ്ടായിരുന്നു.  1947 സെപ്റ്റംബറിൽ ഈ കയ്യെഴുത്തു പ്രതി തിരികെയെടുക്കാൻ അദ്ദേഹം തന്റെ വീട്ടിലേക്ക് തിരികെ വന്നെങ്കിലും അപ്പോഴേക്കും വിഭജനം യാഥാർഥ്യമായി കഴിഞ്ഞത് കൊണ്ട് അവിടെ നിന്ന് ഒന്നും എടുക്കാൻ പോലീസ് അനുവദിച്ചില്ല. ഈ കത്തിൽ ഈ പുസ്തകത്തിന്റെ കയ്യെഴുത്ത്  പ്രതികൾ ഏത് അലമാരിയിൽ ഏത് വലിപ്പുകളിലാണ് ഉള്ളത് എന്ന് ഹരികിഷൻ ദാസ് വിശദീകരിച്ചു. അദ്ദേഹത്തിന് ഒരേ ഒരു അപേക്ഷയെ ഉണ്ടായിരുന്നുള്ളൂ, നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ ഈ കൈയെഴുത്തു പ്രതികൾ എങ്ങിനെയാണെകിലും ഇന്ത്യയിൽ തന്റെ കയ്യിൽ എത്തിച്ചു തരിക.  
മനുഷ്യസ്‌നേഹത്തിന്റെ ഉയരങ്ങൾ കാണിച്ചു തന്ന ഒരു കാര്യമാണ് പിന്നീട് നടന്നത്. ഈ എഴുത്ത് കിട്ടിയ ചൗധരി ലത്തീഫ് കത്തിൽ പറഞ്ഞ പോലെ ഈ പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതികൾ പല ചെറിയ പാഴ്സലുകളിലായി  വളരെ സൂക്ഷമായി പാക്ക് ചെയ്തു ഇന്ത്യയിലെ അഡ്രസിലേക്ക് അയച്ചു കൊടുത്തു. ഓരോ പാഴ്സലുകളുടെ കൂടെയും ഈ വീടിനെ പറ്റിയും ഹരികിഷന്റെ അയല്പക്കകാരായ സുഹൃത്തുക്കളെ കുറിച്ചുമെല്ലാം വിവരിച്ചു കൊണ്ട്  ഓരോ കത്തുകളും  അദ്ദേഹം വച്ചു. ഈ കത്തുകൾ വായിച്ച ഹരികിഷൻ ദാസ് തിരികെ ഇങ്ങിനെ എഴുതി..
"താങ്കളുടെ കത്ത് വീണ്ടും വീണ്ടും വായിച്ചപ്പോൾ അതൊരു  യഥാർത്ഥ സുഹൃത്ത് എഴുതിയതാണെന്ന് എനിക്ക് തോന്നി.
ഞാൻ ഈ എഴുത്ത് എന്റെ പല സുഹൃത്തുക്കൾക്കും വായിച്ചു കൊടുത്തു. എല്ലാ ഹിന്ദുക്കളും മുസ്ലിങ്ങളും നിങ്ങൾ കത്തിൽ പറയുന്ന പോലെ കരുതിയിരുന്നുവെങ്കിൽ ഇന്ത്യ പാകിസ്ഥാൻ വിഭജനവും രക്തച്ചൊരിച്ചിലും  ഉണ്ടാകുമായിരുന്നില്ലെന്ന് ഞാനും എന്റെ എല്ലാ സുഹൃത്തുക്കളും കരുതുന്നു. നമ്മൾ ഒരുമിച്ച് നിന്നിരുന്നുവെങ്കിൽ നമ്മുടെ രാജ്യം വലിയ ഉയരങ്ങളിൽ എത്തിയേനെ, അതിനു പകരം എത്ര മോശമായ കാര്യങ്ങളാണ് വിഭജനത്തിന്റെ ഭാഗമായി നടന്നതെന്നാലോചിക്കുമ്പോൾ നടുക്കം തോന്നുന്നു. ഏറ്റവും പരിതാപകരമായ കാര്യം ഈ രക്തച്ചൊരിച്ചിലെല്ലാം  മതത്തിന്റെ പേരിലാണ് നടന്നത് എന്നതാണ്. ഏതു മതമാണ് രക്തച്ചൊരിച്ചിൽ അനുവദിക്കുന്നത്?"
ഉർവശി ബൂട്ടാലയുടെ നിശബ്ദതയുടെ മറുവശം എന്ന ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിൽ ഇങ്ങിനെ വേർപെട്ടു പോയ ആളുകളെ ഇന്റർവ്യൂ ചെയ്തു തയ്യാറാക്കിയ  പുസ്തകം അവസാനിക്കുന്നത് ഈ വാചകത്തിലാണ്. ഇന്ത്യയും പാകിസ്ഥാനും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാൻ തുടങ്ങുന്ന സന്ദർഭമാണിത്. ഈ അവസരത്തിൽ  എന്റെ ഒരാഗ്രഹം വായനക്കാർക്ക് കുറച്ച് ഭ്രാന്തായി തോന്നാം എങ്കിലും  ഇന്ത്യ പാകിസ്‌ഥാൻ, ശ്രീ ലങ്ക, ബംഗ്ലാദേശ്, നേപ്പാൾ ഒക്കെ ഉൾപ്പെടുന്ന ഒരേ സാംസ്‌കാരിക, രാഷ്ട്രീയ  പൈതൃകവും കൊളോണിയൽ ചരിത്രവും  പങ്കിടുന്ന  രാജ്യങ്ങളുടെ ഒരു യൂണിയൻ, യൂറോപ്യൻ യൂണിയൻ മാതൃകയിൽ ഉണ്ടാകണം എന്നാണ് എന്റെ ആശ. രണ്ടാം ലോകമഹായുദ്ധത്തിൽ ലക്ഷകണക്കിന് ആളുകളെ പരസ്പരം കൊന്നൊടുക്കിയ യൂറോപ്യൻ രാജ്യങ്ങൾക്ക് യൂറോപ്യൻ യൂണിയൻ ഉണ്ടാക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് പറ്റില്ല. എന്നെങ്കിലും മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ ഭരണകൂടങ്ങൾ ഈ രാജ്യങ്ങളിൽ നിലവിൽ വരുമെന്നും, ഇക്കാര്യം എൻ്റെ കുറെ തലമുറ കഴിഞ്ഞെങ്കിലും നിലവിൽ വരുമെന്നും  ഉറപ്പുള്ള കാര്യമാണ്. എന്റെ ജീവിതകാലത്താണ് അതുനടക്കുന്നതെങ്കിൽ ഇപ്പോൾ പാകിസ്ഥാനിൽ ഉള്ള , നമ്മുടെയെല്ലാം ചരിത്രത്തിന്റെ ഭാഗമായി ഹാരപ്പ മോഹൻജൊദാരോ പ്രദേശങ്ങളായിരിക്കും ഞാനാദ്യം സന്ദർശിക്കുക.
സ്വപ്നം കാണാൻ  പൈസ കൊടുക്കേണ്ടല്ലോ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക