Image

ഇപ്രാവശ്യത്തെ എന്റെ കേരളാ സന്ദര്‍ശനം സംഭവ ബഹുലവും ദുരിതപൂരിതവുമായി തുടരുന്നു (അവസാനഭാഗം : എ.സി.ജോര്‍ജ്)

Published on 11 January, 2023
ഇപ്രാവശ്യത്തെ എന്റെ കേരളാ സന്ദര്‍ശനം സംഭവ ബഹുലവും ദുരിതപൂരിതവുമായി തുടരുന്നു (അവസാനഭാഗം : എ.സി.ജോര്‍ജ്)

ഏതായാലും ക്രിസ്മസ് അല്ലെ ഡിസംബര്‍ 24-ാം തീയതി തന്നെ കുര്‍ബ്ബാനയില്‍ സംബന്ധിയ്ക്കാം എന്നു കരുതി സെന്റ് മേരീസ് കത്തോലിക്കാ ബസിലിക്കാ പള്ളിയില്‍ ഞാനുമെത്തി. കൂട്ടത്തില്‍ ഒന്നു പറയട്ടെ ലോകത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് സഞ്ചരിക്കുന്ന, ചിന്തിക്കുന്ന ഒരു സാധാരണ കത്തോലിക്കാ വിശ്വാസി മാത്രമാണ് ഞാന്‍. എന്റെ വിശ്വാസം ഇരുമ്പുലക്കയല്ല. ഒന്നിനും കടും പിടുത്തമില്ല. നാടോടുമ്പം നടുവെ ഓടുക എന്നതു മാത്രമാണ് എന്റെ പ്രമാണം.

ഒരു കത്തോലിക്കാ കുടുംബത്തില്‍ വന്നു പിറന്നതുകൊണ്ട് മാത്രം ഞാന്‍ കത്തോലിക്കനായി തുടരും. മറ്റ് എല്ലാ മതങ്ങളോടും എനിയ്ക്ക് ആദരവാണുള്ളത്. ഒരു മതത്തിനുവേണ്ടിയും - രക്തസാക്ഷി ആകാൻ  ഞാന്‍ തയ്യാറല്ല. മതമേതായാലും മനുഷ്യന്‍ നന്നാകുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശമാണ് എനിക്ക് ഏതു മെത്രാന്റെ ഉപദേശത്തേക്കാള്‍ വലുത്.

അന്ന് സെന്റ് മേരീസ് ബസിലിക്കയില്‍ ഞാന്‍ കണ്ടത് അക്രമാസക്തമായ പേക്കൂത്തുകളാണ്. ടി.വി.ക്കാരും, പോലീസും വിശ്വാസി അവിശ്വാസി നിബുഡമായ അടിയും തൊഴിയും, ഉന്തും തള്ളും, ചീത്തപറച്ചിലും, തെറിയും പടയും ബഹുഭൂരിപക്ഷവും ജനാഭിമുഖ കര്‍ബ്ബാനയ്ക്കായി വാദിക്കുന്നു. ജനാഭുമുഖ കുര്‍ബ്ബാന നടക്കുന്നു.

അതിനെതിരെ വളരെ ന്യൂനപക്ഷമായ കര്‍ദ്ദിനാള്‍ ഭരണപക്ഷക്കാരെന്നും പറയുന്നവര്‍, അതും മറ്റെവിടെനിന്നോ ഇറക്കുമതി ചെയ്യപ്പെട്ടവര്‍ എന്ന് മറുപക്ഷം ആക്ഷേപിക്കുന്നവര്‍ കൂടുതല്‍ ബഹളമുണ്ടാക്കുന്നു. അള്‍ത്താര ഉന്തിതള്ളിമാറ്റുന്നു. കാഴ്ചയില്‍ പോലീസ് ഭരണപക്ഷക്കാരെ- സിനഡ് പക്ഷക്കാരെ സപ്പോര്‍ട്ടുചെയ്യുന്നതായിട്ടേ തോന്നുകയുള്ളൂ. ദൂരെ മാറിനിന്ന് ഒരക്ഷരവും ഉരിയാടാതെ ഞാന്‍ തടിതപ്പി. ഉണ്ണിയേശു പിറക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഹൃദയത്തിലാകണമെന്ന മൗനപ്രാര്‍ത്ഥനയോടെ ഞാന്‍ സ്ഥലം കാലിയാക്കി.

അമേരിക്കയില്‍ സീറൊ മലബാര്‍ രൂപതാ സംവിധാനം നിലവില്‍ വരുന്നതിനു വളരെ മുമ്പു തന്നെ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ എന്നൊരു അല്‍മായ സംഘടനയില്‍ പല തലങ്ങളില്‍ ഈ ലേഖകന്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് ആ സംഘടനയില്‍  റീത്തെന്നോ മറ്റോ രീതിയില്‍ ഒരു വിഭാഗീയ ചിന്തകളുമില്ലാതിരുന്നു. കത്തോലിക്കര്‍ മാത്രമല്ലാ മറ്റ് അകത്തോലിക്കരും ആപ്രസ്ഥാനത്തില്‍ വന്നിരുന്നു.

അതുപോലെ  എസ്.എം.സി.സി. -സീറോ മലബാര്‍ കത്തോലിയ്ക്കാ കോണ്‍ഗ്രസിന്റെ, സ്ഥാപക കമ്മറ്റിയിലും ആദ്യ കണ്‍വന്‍ഷനിലും കമ്മറ്റിയിലും ഈ ലേഖകന്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് എസ്.എം.സി.സി.-സീറോ മലബാര്‍ കാത്തോലിക് കോണ്‍ഗ്രസ്' എന്ന പേരുള്ള ആ അല്‍മായ പ്രസ്ഥാനവും രൂപതാ സംവിധാനം നിലവില്‍ വന്നതോടെ അവിടേയും അല്‍മായരെ, കുഞ്ഞാടുകളെ അപ്രസക്തമാക്കികൊണ്ട് ഹയറാര്‍ക്കി പിടിമുറുക്കി.

കോവിഡ് 19 പിടിമുറുക്കിയപ്പോള്‍ സഭയില്‍ ഒട്ടും ജനാധിപത്യവും, ജനാഭിമുഖവും പാടില്ലാ എന്നു കൊട്ടിഘോഷിക്കുന്ന ഈ അപ്രമാദിത്യവാദികളും ഹയറാര്‍ക്കിയവാദികളുമായവരുടെ കൊമ്പ് ഒന്നൊടിഞ്ഞതായിരുന്നു. ഭൂമി ഉരുണ്ടതാണെന്നു രാഷ്ട്രീയമായി തെളിയിച്ച ' ഗലീലെയാ' എന്ന ശാസ്ത്രജ്ഞനെ ഭൂമി പരന്നതു തന്നെയാണെന്നും പറഞ്ഞു ജയിലില്‍ അടച്ച  അപ്രമാദിത്വ  ഹയരാര്‍ക്കി വാദക്കാര്‍, ഇന്നും അവരുടെ ഒക്കെ വാദവും ചിന്താഗതിയും അങ്ങനെയൊക്കെ തുടരുന്നു.

കേരളത്തിലെയും ഇന്ത്യയിലെ മൊത്തത്തിലുമുള്ള ജനാധിപത്യ ഭരണരംഗങ്ങളും സംവിധാനങ്ങളും ആശാവഹമാണെന്നു പറയാന്‍ നിവൃത്തിയില്ല. ഇപ്പോഴത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര, കേരള ഭരണകൂടങ്ങളും മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ ഒരു തരം സ്വജന, സ്വപാര്‍ട്ടി നേട്ടങ്ങള്‍ക്കായി മാത്രം നിലകൊള്ളുന്നതായി തോന്നുന്നു. ജനക്ഷേമമല്ലാ അവരുടെ ലക്ഷ്യം. അധികാര ദുര്‍വിനിയോഗവും ഭരണധൂര്‍ത്തും ഫലപ്രദമായി ചോദ്യം ചെയ്യാനൊ പ്രതിരോധിക്കാനോ ഇവിടെ ഒരു നല്ല പ്രതിപക്ഷം പോലുമില്ല, സര്‍ക്കാര്‍ തന്നിഷ്ടമായി കടമെടുക്കുന്നു.  

കടബാധ്യതകള്‍ വീട്ടാനൊ - ഭരണചിലവിനൊ ആയി നികുതി വര്‍ദ്ധന എന്ന അധികഭാരം പൊതുജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ഇത്തരത്തില്‍ ഇവിടെ എവിടെയാണ് ജനാധിപത്യം? ജനാധിപത്യമല്ലാ ജനങ്ങളുടെമേല്‍ ഭരണകര്‍ത്താക്കളുടെ ആധിപത്യം. ഒരു തരം ഏകാധീപത്യമാണിവിടെ കാണുന്നത്. ആരുണ്ടിവിടെ ചോദിക്കാനും പറയാനും? നിഷ്പക്ഷമായി ജനപക്ഷത്തു നിന്ന് ന്യായങ്ങള്‍ ചോദിച്ചാല്‍ അവന്‍ അല്ലെങ്കില്‍ അവര്‍ മോശക്കാരായി ചിത്രീകരിക്കപ്പെടും. മെനഞ്ഞെടുത്ത ദുര്‍വ്യാഖ്യാനിക്കപ്പെട്ട ഏതുവകുപ്പും അവര്‍ക്കെതിരെ, ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ചുമത്തപ്പെട്ടു എന്നുതന്നെ ഇരിക്കും.

ഭരണകര്‍ത്താക്കള്‍ എന്തെല്ലാം പറഞ്ഞു നീതിഭരണത്തിന്റെ പെരുമ്പറ  അടിച്ചാലും രക്ഷപ്പെടാന്‍ കഴിവും യോഗ്യതയുമുളളവര്‍ ഒക്കെ ജര്‍മ്മനി, കാനഡ , അമേരിക്ക, ഗള്‍ഫു നാടുകളിലേയ്ക്ക് കുടിയേറുകയാണ്. വിദേശത്തു നിന്നും വരുന്ന പണം കൊണ്ട് ചിലര്‍ ആര്‍ഭാഗമായി ജീവിക്കുന്നു.  യഥാ രാജാ തഥാ പ്രജ എന്ന രീതിയില്‍ ഇവിടത്തെ പ്രജകളും കുഴിമടിയര്‍ തന്നെ. അവരും പണിയെടുക്കാതെ എങ്ങനെ സുഖമായി ജീവിയ്ക്കാം എന്നു മാത്രമാണ് ചിന്തിക്കുന്നത്.  കേരളത്തില്‍ വന്ന് കേരളീയര്‍ക്ക് വേണ്ടി പണി എടുത്തു സേവനം ചെയ്തു കൊടുക്കുന്ന്ത് മറ്റു സ്‌റ്റേറ്റുകളില്‍ നിന്നും വരുന്ന അതിഥി തൊഴിലാളികള്‍ തന്നെ.

കേരളത്തില്‍ തന്നെ എത്രയോ കൃഷിയോഗ്യമായ ഭൂമി തരിശായി കിടക്കുന്നു. അവിടെയൊക്കെ അവനവന്റെ ആവശ്യത്തിനു വേണ്ടിയെങ്കിലും, പച്ചക്കറി തുടങ്ങിയ വല്ല കൃഷിയും തദ്ദേശിയര്‍ക്കു ചെയ്തുകൂടെ? മടിപിടിച്ച നമ്മുടെ ആളുകള്‍ ആ കൃഷിയും എ്‌തെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ചെയ്യുകയില്ല.

 ഇതര സ്റ്റേറ്റില്‍ നിന്നും വരുന്ന വിഷമടിച്ച പച്ചക്കറി അധിക വില കൊടുത്തും വാങ്ങാന്‍ അവര്‍ക്കൊരു മടിയുമില്ല. എന്നാല്‍ വിദേശത്തുനിന്നും മടങ്ങി എത്തിയ ചില പ്രവാസികള്‍ക്ക് ഇവിടെ കൃഷി ചെയ്യാന്‍ യാതൊരു മടിയില്ല. അവര്‍ മാതൃകാപരമായി പച്ചക്കറി കൃഷി ചെയ്യുന്നതു കാണാനിടയായി എന്നതും സന്തോഷകരമാണ്. വാസ്തവത്തില്‍ മടങ്ങി എത്തിയ പ്രവാസികളും, പ്രവാസ ലോകത്തിപ്പോഴും ജീവിക്കുന്നവരുമാണ് നാടിന്റെ മാതൃകകള്‍ എന്നു വേണം പറയാന്‍.

അതേ അവസരത്തില്‍ പ്രവാസികള്‍ക്ക് മോഹന സുന്ദര വാഗ്ദാനങ്ങള്‍ കൊടുക്കുന്ന ഇവിടത്തെ ഗവണ്‍മെന്റിന്‍രെ പ്രായോഗിക നയങ്ങളും പ്രവൃത്തികളും ഒട്ടും ന്യായമൊ പ്രവാസി സൗഹാര്‍ദ്ദപരമോ അല്ല. അവരുടെ സംരംഭങ്ങളെ സഹായിക്കുന്നതിനുപകരം എങ്ങിനെ തകര്‍ക്കാം- എത്രയോ ഉദാഹരങ്ങള്‍ അവരുടെ മുന്നിലുണ്ട്. പ്രവാസി സംരംഭങ്ങളെ സഹായിക്കുന്നതു വഴി നാടിനെയാണ് സഹായിക്കുന്നത് എന്ന വസ്തുത അവര്‍ മറക്കുന്നു. പ്രവാസികളുടെ ന്യായങ്ങള്‍ക്കു മു്മ്പില്‍ കണ്ണടയ്ക്കാതെ രാഷ്ട്രീയം തുടങ്ങി വിവിധ തലങ്ങളിലുള്ള നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ അവരെ തോളിലേറ്റാനും മുഖ്യാത്ഥികളായി പൊക്കിക്കൊണ്ടു നടക്കാനും പല പ്രവാസികളും പ്രവാസി സംഘടനക്കാരും എപ്പോഴും സന്നദ്ധമാണ്. അവരെ തോളിലേറ്റി നടക്കുന്ന ഈ പ്രവാസി സംഘടനകള്‍, പ്രത്യേകിച്ചും ഫോമാ, ഫൊക്കാനാ, വേള്‍ഡ് മലയാളി, മാധ്യമസംഘടനക്കാര്‍ ഒന്ന് അവസാനിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

അതുപോലെ ഇവിടത്തെ സംഘടനക്കാര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉടന്‍ നാട്ടിലോട്ട് ഓടുകയായി.  മന്ത്രിമാരുടെയും  നേതാക്കളുടെയും  കൂടെ നിന്ന് ഫോട്ടോ എടുക്കാനും അനുഗ്രഹാശിശുക്കള്‍ ഏറ്റു വാങ്ങാനും. എന്നിട്ട് അതിന്റെ എല്ലാം ഫോട്ടോ എടുത്ത് പ്രവാസികളുടെ പത്രമാധ്യമ വീഡിയോവില്‍ യഥേഷ്ടം പ്രചരിപ്പിച്ച് ഇമ്മിണിവല്യ ആളായി  ചമയുന്നവരെ കാണുമ്പോള്‍ എനിക്ക് ചുമ്മാ ഒരു ചിരിയാണ് വരുന്നത്. അവരുടെ അത്തരം നിരത്തി വച്ച നിരവധി ഫോട്ടോകളും പൊലിപ്പിച്ച വാര്‍ത്തകളും കാണുമ്പോള്‍ ഒരു ചെറുചിരിയോടെ ഈ അഭിനവ പാവങ്ങളെ ഞാനായി അവഗണിക്കരുതല്ലോ എന്നു കരുതി ഫെയിസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയായില്‍ ലൈക്കടിച്ച് വിടുന്നത് എന്ന സത്യാവസ്ഥയും അല്പം കുറ്റബോധത്തോടെ വ്യക്തമാക്കി കൊള്ളട്ടെ.

ഭൂരിപക്ഷ മതവികാങ്ങളെ മറ്റു പല ഹിഡന്‍ അജണ്ടകളോടെ വോട്ടാക്കാനായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും അവരുടെ കണ്ണില്‍ പൊടിയിട്ടും മൃഗീയ ഭൂരിപക്ഷത്തോടെ അധികാര ശ്രേണിയിലെത്തിയ ഗവണ്‍മെന്റും ജനവിരുദ്ധ നയങ്ങളെ ഒരു പരിധിവരെ ചോദ്യം ചെയ്യേണ്ട ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ എന്നു പറയുന്ന മാധ്യമങ്ങള്‍ക്ക് ഇന്നിവിടെ പല വിലക്കുകളുമുണ്ട്. പോരാത്തതിന് പല മുഖ്യധാരാ മാധ്യമങ്ങള്‍ ഭരണകുത്തുകകളെ എന്തിനും ഏതിനും പിന്‍താങ്ങുന്ന കോര്‍പ്പറേറ്റു കുത്തകകള്‍ വാങ്ങി സ്വന്തമാക്കി കളഞ്ഞു.

ഇവിടെ നടമാടികൊണ്ടിരിക്കുന്ന പലതും വീക്ഷിച്ചാല്‍ ഭരണഘടനയില്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിനു മാത്രമാണ് ശക്തിയും പ്രസക്തിയും എന്നുതോന്നിപോകും. പ്രതിപക്ഷം  ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. ഭരണത്തില്‍ നിന്ന് ഒത്തിരികാലം അകന്നു നില്‍ക്കേണ്ടി വരുന്ന പ്രതിപക്ഷങ്ങളുടെ സാമ്പത്തീക സ്രോതസുകളും കുറഞ്ഞു കൊണ്ടിരിക്കുന്നു. ഭരണപക്ഷത്തിന്റെ ഈ അമിതാധികാര പ്രവണതയില്‍ പ്രതിപക്ഷത്തെ പ്രബലരെ ഈ.ഡി, ഇന്‍കംടാക്‌സ് തുടങ്ങിയ ഏജന്‍സികളെ അയച്ച് നിരന്തരം  വേട്ടയാടാനും പീഡിപ്പിക്കാനും എത്രയോ എളുപ്പം. ഭയചകിതരും, യുക്തിയില്ലാത്തവരുമായ പ്രതിപക്ഷം അസംബ്ലിയിലായാലും, പാര്‍ലിമെന്റില്‍ ആയാലും ചില അല്ലര ചില്ലറ  ശബ്ദങ്ങളോടെയും കോലാഹലങ്ങളുടെയും അകമ്പടിയോടെ ചില ബോയിക്കോട്ടുകളും, ഇറങ്ങിപ്പോക്കുകളും മാത്രം നടത്തുന്നു. അതാണ് നിയമനിര്‍മ്മാണസഭകളില്‍ നടമാടികൊണ്ടിരിക്കുന്ന സംഭവ പരമ്പരകളിലെ ദയനീയ അവസ്ഥ.

സ്വര്‍ണ്ണക്കടത്ത്, കള്ളക്കടത്ത്, അഴിമതി, സ്വജ്ജന പക്ഷവാദം, പുറം വാതില്‍ നിയമനങ്ങള്‍ തുടങ്ങി എത്രയോ വിവാദങ്ങള്‍, ആരോപണ-പ്രത്യാരോപണങ്ങള്‍. അവയെല്ലാം കുറച്ചുനാള്‍ ചില ചില്ലറ വാദപ്രതിവാദങ്ങള്‍ക്കും, ചാനല്‍ ചര്‍ച്ചകള്‍ക്കും ശേഷം പെട്ടെന്ന്്, അപ്രത്യക്ഷമാകും. ഭരണ പ്രതിപക്ഷ-ഗവര്‍ണ്ണര്‍ കക്ഷികള്‍ കോംപ്രൊമയിസ് ചെയ്ത് വിവാദങ്ങളുംകേസുകളും ഒതുക്കി തീര്‍ക്കും. ലോകം മുഴുവന്‍ കണ്ട, കാണുന്ന ക്രിമിനല്‍ പ്രവര്‍ത്തന സംഭവങ്ങള്‍ ആണെങ്കില്‍ കൂടെ മതിയായ തെളിവില്ലത്രെ എന്നു മുടന്തന്‍ ന്യായങ്ങളാല്‍ തമസ്‌ക്കരിക്കപ്പെടും. സത്യത്തിനും നീതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും സ്ഥലം മാറ്റപ്പെുടം. എന്നാല്‍ ഭരണകര്‍ത്താക്കളുടെ താളത്തിനൊത്തുതുള്ളുന്ന പോലീസും ഉദ്യോഗസ്ഥരും ഉദ്യോഗത്തില്‍ അടിവച്ചടിവച്ച് മേലോട്ടു കുതിച്ചുയരും. ഇവിടെ നിരായുധരായ സാക്ഷാല്‍ സാധുക്കളും പൊതുജനങ്ങളുമാണ് വിഡ്ഢികളാക്കപ്പെടുന്നത്.

ഇത്തരത്തില്‍ പൊതുജനങ്ങളെ ദ്രോഹിക്കുന്ന വിഡ്ഢികളാക്കുന്ന രാഷ്ട്രീയ-സാമൂഹ്യ-മതനേതാക്കളെ കോമരങ്ങളെ പറ്റുന്നത്ര രീതിയില്‍ ബോയ്‌ക്കോട്ടു ചെയ്യുകയാണ് പ്രവാസികള്‍ ചെയ്യേണ്ടത്. അല്ലാതെ അമേരിക്കയിലും മറ്റും എത്തുന്ന ഇത്തരക്കാരെ എയര്‍പോര്‍ട്ടു മുതല്‍ എതിരേറ്റ് തോളില്‍ ചുമന്നു കൊണ്ടുനടക്കുയല്ലാ പ്രവാസി വ്യക്തികളും അവരുടെ ഒക്കെ സംഘടനകള്‍ തുടങ്ങി മെഗാസംഘടനകള്‍ വരെ ചെയ്യേണ്ടത്? പ്രവാസികള്‍ പല സംസ്‌ക്കാരങ്ങള്‍ കണ്ടവരാണ്, കാണുന്നവരാണ്. അവിടങ്ങളിലെ ജനാധിപത്യം എങ്ങനെ വര്‍ക്കു ചെയ്യുന്നു എന്ന നമുക്കറിയാം. അമേരിക്കന്‍ ഗവണ്‍മെന്റിലെ, മതങ്ങളിലെ ഏതു ഉന്നതനും തെറ്റു ചെയ്താല്‍ പ്രസിഡന്റിന്റെ ഭാര്യ-ഫസ്റ്റ് ലേഡി പോലും അമിത ലഹരിയില്‍ കുടിച്ച് വണ്ടിയോടിച്ചാല്‍ ഏതു സാദാ പോലീസിനും ടിക്കറ്റു കൊടുക്കാം. അതുപോലെ അറസ്റ്റു ചെയ്യാം. ആ സാദാ പോലീസിന്റെ തൊപ്പി തെറിക്കുന്നില്ല. സ്ഥലം മാറ്റപ്പെടുത്തില്ല. അതാണ് ജനാധിപത്യം.

 നിയമത്തിന്റെ മുമ്പില്‍ വലിയ വ്യക്തികളും ചെറിയ വ്യക്തികളും തുല്യര്‍. ഇതാണ്, ഇവിടെയാണ് ജനാധിപത്യം. പ്രവാസികള്‍ ഇതെല്ലാം അനുഭവിച്ചറിയുന്നവരല്ലെ?  

Visit to Kerala - A.C. George

 
Join WhatsApp News
എബ്രഹാം പാപ്പച്ചൻ 2023-01-13 05:21:45
ഓരോ പ്രവാസിയും പ്രത്യേകിച്ച് അമേരിക്കൻ പ്രവാസികൾ നാട്ടിലെത്തുമ്പോൾ കാണുന്ന അനുഭവിക്കുന്ന പ്രശ്നങ്ങൾ യാതൊരു വിധത്തിലുള്ള മറയുമില്ലാതെ നിർഭയം സ്വതന്ത്രമായി കുറിച്ചിരിക്കുന്ന ഈ ലേഖന പരമ്പര തീർച്ചയായിട്ടും എല്ലാവരും വായിച്ചിരിക്കേണ്ടത് തന്നെയാണ് എന്നാണ് എൻറെ അഭിപ്രായം. വളരെ ലളിതമായ നാടൻ ഭാഷ ശൈലി. ചിലയിടങ്ങളിൽ നാടുവിട്ട ഒരു പ്രവാസിയുടെ ചിന്താഗതികളും സ്ഥിരമായി നാട്ടിൽ ജീവിക്കുന്ന മലയാളികളുടെ ഇന്ത്യക്കാരുടെ പെരുമാറ്റവും ജീവിതശൈലികളും തമ്മിലുള്ള വ്യത്യസ്തമായ ജീവിതം, മാർഗങ്ങളും ചിന്താഗതികളും തമ്മിലുള്ള ഏറ്റുമുട്ടലുകളും വളരെ ചുരുക്കം ആയി എന്നാൽ ശിഥിലമായിട്ട് തന്നെ ഇതിൽ വിവരിച്ചിട്ടുണ്ട്. ഒന്ന് ചിന്തിച്ചാൽ ഇതെല്ലാം സത്യസന്ധമായ ഒരു പ്രവാസിയുടെ നിഷ്പക്ഷമായ ആവിഷ്കാരമാണ് ശ്രീ എസി ജോർജ് ഇതിൽ കോറിയിട്ടിരിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ആണ് നമുക്ക് ആവശ്യം. ഇതിൽ മതവിശ്വാസങ്ങളെ പറ്റിയുള്ള അവലോകനങ്ങൾ ഉണ്ട് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നടക്കുന്ന സംഭവങ്ങളുടെ ഒരു നിരീക്ഷണം ഉണ്ട്. സ്വന്തം അനുഭവത്തിൽ നിന്ന് ഒരു ലൈവ് ഷോ അതുപോലെ ഇത്തരം പരമ്പരകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു കാണാനും താല്പര്യം ഉണ്ട് മാതിരിയാണ് ഈ പരമ്പരയുടെ പോക്ക്. ഇത് മൂന്ന് അധ്യായത്തിൽ മാത്രം നിർത്തിയത് എന്തിനാണ്? ഇനിയും തുടർന്ന് എഴുതാൻ എന്തെല്ലാം വിഷയങ്ങൾ ഉണ്ട്. അങ്ങനെ തുടർന്ന് എഴുതിയാൽ വളരെ നന്നായിരുന്നു.. കൂടാതെ ഇത്തരം അനുഭവങ്ങൾ പുസ്തകരൂപത്തിൽ കൂടെ പ്രസിദ്ധീകരിക്കുന്നത് വളരെ നന്നായിരിക്കും.. എഴുത്തുകാരനും ഈ മലയാളിക്ക് എല്ലാ ഭാവുകങ്ങളും .നേരുന്നു. . അല്ലാതെ എയർ ഇന്ത്യയിൽ ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്ന യാത്രക്കാരിയുടെ മീതെ മറ്റൊരു ഉന്നതനായ ഇന്ത്യൻ യാത്രക്കാരൻ മൂത്രമൊഴിച്ചു എന്നുള്ള വാർത്ത ഈ അടുത്തകാലത്ത് ഒരു 20 പ്രാവശ്യം എങ്കിലും കേട്ട് കാണും അതിനെപ്പറ്റിയുള്ള വിശകലനങ്ങളും ചാനൽ ചർച്ചകളും ഒരു നൂറുവട്ടം കേട്ടതുകൊണ്ട് നമുക്ക് എന്ത് പ്രയോജനം. അതിനേക്കാളും എത്രയോ ഗുണകരമാണ് നാട്ടിൽ കാണുന്ന പല സംഭവങ്ങളെയും പ്രശ്നങ്ങളെയും ആധാരമാക്കി ഇത്തരം ഈടുറ്റ ലേഖനങ്ങൾ എഴുതുന്നത്?
G. puthenkurish 2024-01-15 03:05:13
An article which flashes light into truth.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക