Image

ഒരാളിന് എത്രത്തോളം ഭൂമി ആവശ്യമുണ്ട്?  (ടോൾസ്റ്റോയ്-പരിഭാഷ-2: ശ്രീലത എസ്)

Published on 23 November, 2023
ഒരാളിന് എത്രത്തോളം ഭൂമി ആവശ്യമുണ്ട്?  (ടോൾസ്റ്റോയ്-പരിഭാഷ-2: ശ്രീലത എസ്)

ഗ്രാമത്തിനോട് അടുത്ത് ഒരു ചെറിയ ഭൂവുടമയായ സ്ത്രീ ജീവിച്ചിരുന്നു, അവർക്ക് ഏതാണ്ട് മൂന്നൂറ് ഏക്കറോളം ഭൂമിയും ഉണ്ടായിരുന്നു. അവർ എന്നും കർഷകരുമായി നല്ല ബന്ധം പുലർത്തി വന്നിരുന്നു, പക്ഷേ ഒരു പഴയ പട്ടാളക്കാരനെ തന്റെ കാര്യസ്ഥൻ ആയി ഏർപ്പെടുത്തുന്നതു വരെ മാത്രം. അയാൾ പിഴകൾ ചുമത്തി കർഷകരെ ബുദ്ധിമുട്ടിച്ചു വന്നു. പാഹം എത്രത്തോളം ശ്രദ്ധിച്ചിട്ടും,  പലപ്പോഴും അയാളുടെ ഒരു കുതിര അവരുടെ ഓട്ട്‌സ് തോട്ടത്തിൽ കയറുന്നതിനും ഒരു പശു അവരുടെ പൂന്തോട്ടത്തിലേക്ക് അലഞ്ഞു കയറുന്നതിനും, അവരുടെ പുൽമേടുകളിലേക്ക് കന്നുകുട്ടികൾ കയറിക്കൂടുന്നതിനും ഇട വന്നു - ഓരോരിക്കലും അയാൾക്കു പിഴ നൽകേണ്ടതായും വന്നു. 
പാഹം പിഴയടച്ചു,  എന്നാലും പിറുപിറുത്തു തിരികെ  വട്ടിലേയക്ക് മടങ്ങുന്നത് ഒട്ടും നല്ല മാനസികാവസ്ഥയിൽ ആയിരുന്നില്ല, കുടുംബത്തോട് കയർക്കുകയും ചെയ്തു. വേനൽക്കാലം മുഴുവൻ ആ കാര്യസ്ഥൻ കാരണം പാഹമിന് ബുദ്ധിമുട്ടുകൾ തന്നെ ആയിരുന്നു; ശിശിരകാലം വന്നപ്പോൾ പാഹമിനു സന്തോഷം തോന്നുക പോലും ചെ.യ്തു, കാരണം അപ്പോൾ കന്നുകാലികളെ മേയാൻ വിടാതെ തൊഴുത്തിൽ തന്നെ കെട്ടിയിട്ടാൽ മതിയല്ലോ, പുൽമേടുകളിൽ മേയാൻ കഴിയാതിരുന്ന കാലത്ത് അവറ്റയ്ക്ക് തീറ്റി കൊടുക്കുന്നത് അയാൾക്ക് അത്ര സന്തോഷമുള്ള കാര്യം ആയിരുന്നില്ലെങ്കിൽ കൂടി; ഒന്നുമില്ലെങ്കിലും ഇപ്പോൾ അവറ്റയെ കുറിച്ച് ഉത്കണ്ഠപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടാമല്ലോ. 
ശീതകാലത്ത് ആ സ്ത്രീ അവരുടെ ഭൂമി വിൽക്കാൻ പോകുന്നു എന്നും പ്രധാന വഴിയരികിൽ ഉള്ള സത്രം നടത്തിപ്പുകാരൻ അതിനു വേണ്ടി വില പേശാൻ പോകുന്നുണ്ട് എന്നും വാർത്ത കേട്ടു. ഇത് കേൾക്കാനിടയായപ്പോൾ കൃഷിക്കാർ അമ്പരപ്പിലായി.
'ശരി, ' അവർ കരുതി, 'സത്രം നടത്തിപ്പുകാരനു ഭൂമി മുഴുവൻ ലഭിക്കുകയാണെങ്കിൽ ഇപ്പോൾ ആ സ്ത്രീയുടെ കാര്യസ്ഥൻ ചെയ്യുന്നതിനേക്കാൾ കൂടുതലായി അയാൾ നമ്മളെ പിഴവു ചുമത്തി കഷ്ടപ്പെടുത്തും. നമ്മളെല്ലാവരും ആ തോട്ടത്തെ ആശ്രയിച്ചാണല്ലോ ജീവിക്കുന്നത്.'
അതുകൊണ്ട് അവരെല്ലാവരും കൂടി തങ്ങളുടെ സമൂഹത്തിനു വേണ്ടി ആ സ്ത്രീയെ കാണുവാൻ പോയി, ഭൂമി ആ സത്രം സൂക്ഷിപ്പുകാരനു കൊടുക്കരുത് എന്നു അഭ്യർത്ഥിച്ചു;  അയാൾ പറഞ്ഞ തുകയേക്കാൾ കൂടുതൽ മെച്ചപ്പെട്ട തുക അവർക്കു നൽകാം എന്നും പറഞ്ഞു. അവർക്കു ഭൂമി നൽകാം എന്നു ആ സ്ത്രീ  സമ്മതിച്ചു. പിന്നെ ആ തോട്ടം മുഴുവനായി കൃഷിക്കാർ തന്നെ വാങ്ങുന്നതിനുള്ള ഏർപ്പാടുകൾ ചെയ്യുവാൻ കർഷകർ ശ്രമിച്ചു. അവർ അതു ചർച്ച ചെയ്യുന്നതിനായി ഇരുവട്ടം ഒത്തുകൂടി, പക്ഷേ ധാരണയിലെത്തുവാൻ കഴിഞ്ഞില്ല; ദുഷ്ടശക്തി അവർക്കിടയിൽ ഭിന്നതയുടെ വിത്തുകൾ പാകി, അതിനാൽ അവർക്കു യോജിപ്പിലെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് ആ ഭൂമി ഓരോരുത്തരും തങ്ങളുടെ കഴിവിനുസരിച്ച് പ്രത്യേകം പ്രത്യേകം വാങ്ങാം എന്നു തീരുമാനമെടുത്തു; ഇതിനു മുമ്പു പറഞ്ഞ അഭിപ്രായം അംഗീകരിച്ചതു പോലെ തന്നെ ആ സ്ത്രീ ഇതും സമ്മതിച്ചു. 
തന്റെ അയൽക്കാരൻ അമ്പത് ഏക്കർ വാങ്ങുന്നു എന്നും പാതി പണം ഇപ്പോൾ നൽകുന്നതിനും ബാക്കി പണത്തിനായി ഒരു വർഷം കാത്തിരിക്കുന്നതിനും ഉടമസ്ഥ സമ്മതിച്ചു എന്നും പാഹം കേൾക്കാനിടയായി. പാഹത്തിന് അസൂയ കലശലായി. 
'ഇതു കണ്ടില്ലേ, ഭൂമി മുഴുവൻ വിറ്റു പോകുകയാണ്, എനിക്ക് അതിൽ നിന്ന് ഒന്നും കിട്ടാനും പോണില്ല,' പാഹം ചിന്തിച്ചു. അതുകൊണ്ട് അയാൾ ഭാര്യയോടു സംസാരിച്ചു. 
'മറ്റുള്ള ആളുകളെല്ലാം വാങ്ങുന്നുണ്ട് 'അയാൾ പറഞ്ഞു, 'നമുക്കും ഒരു ഇരുപത് ഏക്കറോ മറ്റോ വാങ്ങണം. ജീവിക്കാൻ നിവൃത്തിയില്ലാതെ വരികയാണ്. ആ കാര്യസ്ഥൻ പിഴ ചുമത്തി നമ്മളെ ഞെരുക്കുകയാണ്.'
അതുകൊണ്ട് അവർ കൂട്ടായി തല പുകഞ്ഞ് ആലോചിച്ചു, എങ്ങനെയാണ് തങ്ങൾക്കു അതു വാങ്ങുവാൻ സാധിക്കുക എന്ന് പരിഗണിച്ചു. അവരുടെ കൈവശം നൂറു റൂബിളുകൾ നീക്കിയിരുപ്പുണ്ടായിരുന്നു. അവർ ഒരു ആൺകുതിരക്കുട്ടിയേയും തങ്ങളുടെ തേനീച്ചകളിൽ പാതിയും വിറ്റു; ആൺമക്കളിൽ ഒരാളെ പണിക്കാരനായി നിർത്തി; അവന്റെ കൂലി മുൻകൂറായി വാങ്ങി; ബാക്കി പണം അളിയന്റെ കൈയ്യിൽ നിന്നും കടം വാങ്ങി, അങ്ങനെ പാതി പണം വല്ലവിധവും ഒപ്പിച്ചു.
ഇത്രയും ചെയ്തിട്ട് പാഹം നാൽപ്പത് ഏക്കർ ഭൂമി തിരഞ്ഞെടുത്തു, അതിൽ കുറേ ഭാഗം കുറ്റിക്കാടുകൾ ആയിരുന്നു, പിന്നെ അതേ കുറിച്ച് വില പേശാനായി ഉടമസ്ഥയുടെ അടുത്തു ചെന്നു. അവർ ഇരുവരും ഒരു തീരുമാനത്തിലെത്തി, അയാൾ ഉടമസ്ഥയക്കു ഒരു തുക  മുൻകൂറായി നൽകുകയും ചെയ്തു. പിന്നെ അവർ പട്ടണത്തിൽ പോയി, ആധാരങ്ങൾ ഒപ്പു വച്ചു; അയാൾ പാതി വില ഉടനേ നൽകും, ബാക്കി രണ്ടു വർഷത്തിനകവും. 
അങ്ങനെ ഇപ്പോൾ പാഹമിന് സ്വന്തമായി ഭൂമി ഉണ്ടായി. അയാൾ വിത്തുകൾ കടമെടുത്തു, താൻ വാങ്ങിയ ഭൂമിയിൽ വിതയ്ക്കുകയും ചെയ്തു. വിളവ് നന്നായിരുന്നു,  ഒരു വർഷത്തിനകം ആ സ്ത്രീയുടെ കടവും അളിയന്റെ കടവും കൊടുത്തു തീർത്തു. അങ്ങനെ അയാൾ ആ ഭൂമിയുടെ ഉടമസ്ഥനായി; തന്റെ സ്വന്തം ഭൂമിയിൽ ഉഴുകയും വിതയ്ക്കുകയും ചെയ്യുന്ന, തന്റെ സ്വന്തം ഭൂമിയിൽ തന്നെ കച്ചിത്തുറു വയ്ക്കുന്ന, തന്റെ സ്വന്തം വൃക്ഷങ്ങൾ മുറിക്കുന്ന, തന്റെ തന്നെ മേച്ചിൽപ്പുറങ്ങളിൽ കാലികളെ മേയ്ക്കാൻ വിടുന്ന ആൾ ആയി. തന്റെ പാടങ്ങൾ ഉഴുതുമറിക്കുവാനോ, വളർന്നു വരുന്ന ധാന്യമണികൾ പരിശോധിക്കുവാനോ തന്റെ സ്വന്തം മേച്ചിൽപ്പുറത്തേക്കോ ആയി പോകുമ്പോൾ അയാളുടെ ഹൃദയം സന്തോഷം കൊണ്ടു നിറയും. അവിടെ വളർന്നു നിൽക്കുന്ന പുല്ലുകൾ, വിടർന്നു നിൽക്കുന്ന പുഷ്പങ്ങൾ, വേറേ എവിടെ വളർന്നു നിൽക്കുന്നതും പോലെയല്ല എന്ന് അയാൾക്കു തോന്നി. മുൻപ് ആ ഭൂമിയുടെ സമീപത്തു കൂടി പോകുമ്പോൾ, അത് മറ്റേതൊരു ഭൂമി പോലെ തന്നെ എന്നേ അയാൾക്കു തോന്നിയിരുന്നുള്ളു, പക്ഷേ ഇപ്പോൾ അതു വളരെ വ്യത്യസ്തമായി തോന്നിപ്പിച്ചു.

പരിഭാഷ: ശ്രീലത എസ്
തുടരും....

1ST PART

https://emalayalee.com/vartha/302841

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക