Image

ഒരാളിന് എത്രത്തോളം ഭൂമി ആവശ്യമുണ്ട്? (ടോള്‍സ്റ്റോയ് പരിഭാഷ-3: ശ്രീലത എസ്)

Published on 25 November, 2023
ഒരാളിന് എത്രത്തോളം ഭൂമി ആവശ്യമുണ്ട്? (ടോള്‍സ്റ്റോയ് പരിഭാഷ-3: ശ്രീലത എസ്)

അങ്ങനെ പാഹം അതീവ സംതൃപ്തനായി, അയൽക്കാരായ കർഷകർ തന്റെ ചോളപ്പാടങ്ങളിലേയ്ക്കും പുൽമേടുകളിലേയ്ക്കും അതിക്രമിച്ചു കടന്നിരുന്നില്ല എങ്കിൽ കാര്യങ്ങൾ സുഗമമായി മുന്നോട്ടു നീങ്ങുകയും ചെയ്യുമായിരുന്നു. അയാൾ അവരോട് ഏറ്റവും മാന്യമായ രീതിയിൽ അപേക്ഷിച്ചു, പക്ഷേ അവർ വീണ്ടും അതു തന്നെ തുടർന്നു വന്നു: ഇപ്പോൾ ഗ്രാമത്തിലെ പശുപാലകർ തങ്ങളുടെ പശുക്കളെ അയാളുടെ പുൽമേടുകളിലൂടെ മേയാൻ വിട്ടു; പിന്നെ രാത്രികാലങ്ങളിൽ മേയുന്ന കുതിരകൾ അയാളുടെ ചോളപ്പാടത്തു കയറി മേയാൻ തുടങ്ങും. പാഹം വീണ്ടും വീണ്ടും അവറ്റയെ ഓടിക്കും, അയാൾ അവയുടെ ഉടമസ്ഥരോട് ക്ഷമിച്ചു, കുറെ ഏറെ നാൾ അവരിൽ ഒരാളുടെ മേൽ എങ്കിലും കുറ്റം ചുമത്തുന്നതിൽ നിന്നു വിട്ടു നിൽക്കുകയും ചെയ്തു. പക്ഷേ അവസാനം അയാൾക്കു ക്ഷമ നശിച്ചു, ജില്ലാ കോടതിയിൽ പരാതി ബോധിപ്പിച്ചു. അങ്ങനെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതിൽ കൃഷിക്കാർക്ക് ദുരുദ്ദേശം ഒന്നുമേ ഇല്ലെന്നും അവരുടെ ഭൂമിയുടെ ആവശ്യം കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നും അയാൾക്ക് അറിയാമായിരുന്നു; അയാൾ ഇങ്ങനെ ചിന്തിച്ചു:
'അത് അങ്ങനെയങ്ങ് അവഗണിക്കുവാൻ എനിക്കു സാധിക്കില്ല, അല്ലെങ്കിൽ അവർ എനിക്കുള്ളതെല്ലാം നശിപ്പിക്കും. അവരെ ഒരു പാഠം പഠിപ്പിച്ചേ മതിയാകൂ.'

അങ്ങനെ അയാൾ അവരെ കോടതിയ്ക്കു മുന്നിൽ ഹാജരാക്കി, ആദ്യം ഒരാളെ പാഠം പഠിപ്പിച്ചു, പിന്നെ അടുത്ത ആളിനെ, അങ്ങിനെ രണ്ടോ മൂന്നോ കൃഷിക്കാരെ കൊണ്ട് അയാൾ പിഴ അടപ്പിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവർക്ക് അയാളോട് ഇതിന്റെ പേരിൽ വിരോധം ആയി, അവർ ഇടയ്ക്കിടെ മനഃപൂർവ്വം തങ്ങളുടെ കന്നുകാലികളെ അയാളുടെ പറമ്പിൽ മേയാൻ വിട്ടു. ഒരു കർഷകൻ രാത്രിയിൽ പാഹമിന്റെ പറമ്പിൽ കയറി അഞ്ച് ഇളം നാരകങ്ങൾ അവയുടെ തൊലിക്കു വേണ്ടി മുറിച്ചെടുക്കുക വരെ ചെയ്തു. ഒരു ദിവസം പാഹം തന്റെ വൃക്ഷക്കൂട്ടങ്ങൾക്കിടയിലൂടെ നടക്കവേ വെളുത്ത നിറത്തിൽ എന്തോ ഒന്നു കണ്ടു. അയാൾ കൂടുതൽ അടുത്തു വന്നു നോക്കിയപ്പോൾ തൊലിയുരിഞ്ഞ തായ്ത്തടികൾ ഭൂമിയിൽ കിടക്കുന്നതു കണ്ടു, മരം നിന്നിടത്താണെങ്കിൽ കുറ്റികളും! പാഹത്തിനു കോപം വന്നു.

'അവിടെയും ഇവിടെയും ഓരോന്നേ അയാൾ മുറിച്ചിരുന്നുള്ളു എങ്കിൽ കൂടി കഷ്ടമായിരുന്നേനെ,' പാഹം ചിന്തിച്ചു, ' ഇതിപ്പോൾ ആ ചതിയൻ കൂട്ടത്തോടെ മുറിച്ചു കളഞ്ഞിരിക്കുന്നു. ഇത് ആരാണ് ചെയ്തത് എന്നൊന്നു കണ്ടുപിടിക്കുവാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ, ഞാനവനു കാണിച്ചു കൊടുത്തേനെ.' 

അത് ആരായിരിക്കും എന്ന് പാഹം തലപുകഞ്ഞാലോചിച്ചു. അവസാനം അയാൾ തീരുമാനമെടുത്തു: 'അതു സൈമൺ തന്നെ ആയിരിക്കും - വേറേ ആരും അതു ചെയ്യുവാൻ സാദ്ധ്യതയില്ല.’ അതുകൊണ്ട് അതൊന്നറിയാനായി അയാൾ നേരേ സൈമൺന്റെ പുരയിടത്തിലേക്കു പോയി, പക്ഷേ അവിടെ അയാൾ ഒന്നും കണ്ടതുമില്ല, ഒരു കോപരംഗം ഉണ്ടാകയും ചെയ്തു. സൈമൺ ആണ് അതു ചെയ്തത് എന്ന് അയാൾക്ക് ഇപ്പോൾ മുമ്പെന്നത്തേതിനേക്കാൾ കൂടുതൽ ഉറപ്പായി, അയാൾ ഒരു പരാതിയും കൊടുത്തു. 

സൈമണെ വിളിപ്പിച്ചു, കേസ് വിചാരണ നടത്തി, പിന്നെയും വിചാരണ നടത്തി, എല്ലാത്തിന്റേയും ഒടുവിൽ സൈമണ് എതിരെ തെളിവൊന്നും ഇല്ലാത്തതിനാൽ, അയാളെ വെറുതെ വിട്ടു. പാഹത്തിന് കൂടുതൽ മനസ്സു നൊന്തു, അയാൾ തന്റെ കോപം സ്വന്തം സമിതിയുടെ അധിപന്റെ നേർേക്കും ജഡ്ജിമാരുടെ നേർക്കും തിരിച്ചു വിട്ടു. 

'നിങ്ങൾ കള്ളന്മാരെ കൈക്കൂലി നൽകുന്നതിന് അനുവദിക്കുന്നു,' അയാൾ പറഞ്ഞു. 'നിങ്ങൾ തന്നെ സത്യസന്ധരായിരുന്നു എങ്കിൽ, ഒരു കള്ളനെ രക്ഷപ്പെടാൻ നിങ്ങൾ അനുവദിക്കില്ലായിരുന്നു.' 
അതുകൊണ്ട് പാഹം ജഡ്ജിമാരോടും തന്റെ അയൽവാസികളോടും കലഹിച്ചു. അയാളുടെ കെട്ടിടം തീ വയ്ക്കുന്നതിനെ പറ്റി ഊഹാപോഹങ്ങൾ പരന്നു തുടങ്ങി. പാഹത്തിന് കൂടുതൽ ഭൂമി ഉണ്ടായിരുന്നെങ്കിലും, സമൂഹത്തിൽ അയാൾക്ക് ഉണ്ടായിരുന്ന സ്ഥാനം ഒന്നുകൂടി വഷളായി. 

ഏതാണ്ട് ഈ സമയത്ത്, അനേകം ആളുകൾ മറ്റിടങ്ങളിലേക്ക് മാറിപ്പോവുകയാണ് എന്ന് ഒരു ഊഹാപോഹം പ്രചരിച്ചു.
'ഞാൻ എന്റെ ഭൂമി ഉപേക്ഷിച്ചു എവിടേയും പോകേണ്ട ആവശ്യമില്ല, ' പാഹം വിചാരിച്ചു. 'പക്ഷേ മറ്റുള്ളവരിൽ ചിലർ നമ്മുടെ ഗ്രാമം വിട്ടു പോകുമായിരിക്കും, അപ്പോൾ നമുക്കു കൂടുതൽ ഇടം കിട്ടും. അവരുടെ ഭൂമി ഞാൻ തന്നെ ഏറ്റെടുക്കും, എന്റെ തോട്ടം അങ്ങനെ കുറച്ചു കൂടി കൂടുതൽ വലുതാക്കും. അപ്പോൾ എനിക്ക് കുറച്ചു കൂടി ആശ്വസിക്കാൻ സാധിക്കും. ആശ്വാസത്തിനു വക കിട്ടാത്തത്ര വലിഞ്ഞുമുറുകിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്.'

ഒരു ദിവസം പാഹം വീട്ടിൽ ഇരിക്കുമ്പോഴാണ് ഗ്രാമത്തിലൂടെ കടന്നു പോകുന്ന ഒരു കർഷകൻ അയാളെ സന്ദർശിക്കാൻ ഇടയായത്. രാത്രി അവിടെ കഴിയുവാൻ അയാളെ അനുവദിച്ചു, രാത്രിക്ക് ഒന്നിച്ച് ആഹാരവും കഴിച്ചു. ഈ കർഷകനുമായി പാഹം ഏറെ സംസാരിച്ചു, അയാൾ എവിടെ നിന്നാണ് വരുന്നത് എന്ന് അന്വേഷിച്ചു. താൻ പണി ചെയ്തുകൊണ്ടിരിക്കുന്ന, വോൾഗ നദിക്ക് അപ്പുറത്തു നിന്നുള്ള ഒരിടത്തു നിന്നാണ് വരുന്നത് എന്ന് അപരിചിതൻ മറുപടി നൽകി. ഒരു വാക്ക് മറ്റൊന്നിലേക്കു നയിച്ചു, പലരും അവിടെ വാസമുറപ്പിക്കുന്നുണ്ട് എന്നും അയാൾ പറഞ്ഞു. അയാളുടെ ഗ്രാമത്തിൽ നിന്നുള്ള ചിലർ എങ്ങിനെയാണ് അവിടെ താമസമുറപ്പിച്ചത് എന്ന് അയാൾ വിശദീകരിച്ചു. അവർ അവിടുത്തെ സമിതിയിൽ ചേർന്നു, ഓരോ ആളിനും ഇരുപത്തഞ്ച് ഏക്കറുകൾ വീതം നൽകുകയും ചെയ്തു. ഭൂമി വളരെ ഫലഭൂയിഷ്ഠമാണ്, അവിടെ വിതച്ച വരക് ധാന്യത്തിന്റെ ചെടികൾ ഒരു കുതിരയുടെ ഉയരത്തോളം ഉണ്ട്, വളരെ കനം കൂടുതലാണ, അതിനാൽ ഒരു അരിവാളിന്റെ അഞ്ചു വെട്ട് വേണ്ടി വരും ഒരു കെട്ട് വെട്ടി എടുക്കാൻ. ഒരു കർഷകൻ വെറും കൈയ്യോടെ ആണ് അവിടെ വന്നത്, ഇപ്പോൾ അയാൾക്കു ആറു കുതിരകളും രണ്ടു പശുക്കളും സ്വന്തമായി ഉണ്ട്. 

പാഹത്തിന്റെ ഹൃദയം മോഹം കൊണ്ട് ജ്വലിച്ചു. അയാൾ ചിന്തിച്ചു:
'ഞാൻ എന്തിന് ഈ ഇടുങ്ങിയ കുഴിയിൽ കഷ്ടപ്പെടണം, അതും വേറൊരിടത്ത് ഒരാളിന് ഇത്രയും നന്നായി ജീവിക്കാം എന്നുള്ളപ്പോൾ? ഞാൻ എന്റെ ഭൂമിയും ഇവിടെയുള്ള എന്റെ പുരയിടവും വിൽക്കും, ആ പണം കൊണ്ട് ഞാൻ അവിടെ ഒന്നേയെന്ന് തുടങ്ങും, എല്ലാം പുതിയതായി ഉണ്ടാക്കാം. ഈ ജനനിബിഡമായ സ്ഥലത്ത് ഒരാളിന് എല്ലായ്‌പ്പോഴും ബുദ്ധിമുട്ടുണ്ട്. പക്ഷേ ആദ്യം ഞാൻ തന്നെ സ്വയം അവിടെ ചെന്ന് എല്ലാം കണ്ടു മനസ്സിലാക്കട്ടെ.'

വേനൽക്കാലം അടുത്തപ്പോഴേയ്ക്കും അയാൾ തയ്യാറെടുത്തു, പുറപ്പെട്ടു. സമാറ വരെ അയാൾ വോൾഗയിലൂടെ ആവിക്കപ്പലിൽ യാത്ര ചെയ്തു. അവിടെ ഇറങ്ങിയിട്ട് അയാൾ മുന്നൂറു മൈൽ കാൽ നടയായി യാത്ര ചെയ്തു, അവസാനം ആ സ്ഥലത്തെത്തി. എല്ലാം ആ അപരിചിതൻ പറഞ്ഞതു പോലെയായിരുന്നു. കൃഷിക്കാർക്ക് ധാരാളം സ്ഥലം ഉണ്ടായിരുന്നു: സമിതി ഇരുപത്തേഞ്ചക്കർ വീതം ഓരോരുത്തർക്കും അവരവരുടെ ആവശ്യത്തിനായി നൽകിയിരുന്നു, കൂടാതെ വാങ്ങുവാൻ പണമുള്ളവർക്ക് ഒരു ഏക്കറിന് അമ്പതു സെന്റുകൾ എന്ന തോതിൽ ആവശ്യമുള്ളത്ര കരമൊഴിവുള്ള ഭൂമിയും വാങ്ങുവാൻ സാധിക്കുമായിരുന്നു. 

അറിയുവാൻ ആഗ്രഹിച്ചതെല്ലാം അറിഞ്ഞ സ്ഥിതിക്ക് ശരത്കാലം വന്നപ്പോഴേയ്ക്കും പാഹം വീട്ടിലേക്കു മടങ്ങിപ്പോയി, തന്റെ ജംഗമസ്വത്തക്കൾ എല്ലാം വിൽക്കുവാൻ ആരംഭിച്ചു. അയാൾ അയാളുടെ ഭൂമി, ലാഭത്തിനു വിറ്റു, പുരയിടവും കന്നുകാലികളേയും വിറ്റു, സമിതിയിലെ അംഗത്വത്തിൽ നിന്നു പിൻവാങ്ങി. അയാൾ വസന്തകാലം വരെയേ കാത്തിരുന്നുള്ളു, പിന്നെ തന്റെ കുടുംബത്തേയും കൂട്ടി പുതിയ വാസസ്ഥലത്തേക്കു പുറപ്പെട്ടു.

see also

https://emalayalee.com/vartha/302841

https://emalayalee.com/vartha/303295

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക