പാവമാ പൈതലിൻ ദീനവിലാപത്തിൽ
ഞാനാകെ കണ്ണീർക്കയത്തിലാണ്ടൂ
അമ്മതൻ മർദ്ദനം സഹിയാതെയാണാ
കുഞ്ഞിക്കുരുന്നിന്റെ പ്രാണയാചന
എന്തിനീ കുഞ്ഞിനു ജന്മം ഏകി നാരീ
ഉദരത്തിൽ കൊല്ലാമായിരുന്നല്ലോ
ഉരുവായിട്ടിന്നൊരു കൊല്ലമായില്ലാ
ലാളിച്ചിടേണ്ട കരങ്ങളാലല്ലേ ക്രൂരത
കാലത്തിൻ വൈകൃതമെന്നല്ലേ ഉത്തരം
കൂട്ടിക്കിഴിച്ചാലും കാണില്ല ന്യായങ്ങൾ
മൃഗവർഗ്ഗം പോലും ലജ്ജിതരായിടും
നരവർഗ്ഗത്തിൻ കേളികൾ കണ്ടാൽ
താതനോടുള്ള വൈരം തീർത്തിടാനായി
എന്തു പിഴച്ചീ കുഞ്ഞി കുരുന്നുമേനി
കരുണയുറഞ്ഞൊരീ നാരിക്കിനിയും
ദാക്ഷിണ്യമരുതേ സമൂഹത്തിൽ
നാട്ടിലെ ന്യായ പീഠം കൊലമരങ്ങൾ
കണ്ണുകൾ പൊത്തിനില്ക്കയാണോ
കണ്ണുതുറക്കില്ലേ നീതിയുടെ സൂര്യൻ
ക്രൂരമുഖങ്ങളെ കാണുകയില്ലേ