അറസ്റ്റ് ചെയ്യപ്പെട്ട കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥി നേതാവ് മഹ്‌മൂദ് ഖലീലിനെ പിന്തുണച്ചു നൂറോളം യഹൂദ പ്രതിഷേധക്കാർ മൻഹാട്ടനിലെ ട്രംപ് ടവർ കയ്യേറി. അവരെ അറസ്റ്റ് ചെയ്തു നീക്കി.
പലസ്തീനിയൻ വംശജനായ ഖലീലിനെ അറസ്റ്റ് ചെയ്‌തു ലൂയിസിയാനയിൽ ജയിലിൽ അടയ്ക്കുകയൂം ഗ്രീൻ കാർഡ് റദ്ദാക്കുകയും ചെയ്‌തെങ്കിലും അദ്ദേഹത്തെ നാടുകടത്തുന്നത് മൻഹാട്ടനിൽ ഫെഡറൽ കോടതി തടഞ്ഞിരിക്കയാണ്.
ജ്യുവിഷ് വോയിസ് ഫോർ പീസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ട്രംപിന്റെ കെട്ടിടത്തിൽ വ്യാഴാഴ്ച സമരം ചെയ്ത 98 പേരെ അറസ്റ്റ് ചെയ്തു നീക്കിയെന്നു പോലീസ് പറഞ്ഞു. "ഞങ്ങളുടെ പേരിൽ ഇതു വേണ്ട" എന്നെഴുതിയ ടി-ഷർട്ടുകൾ ധരിച്ച അവർ ഇസ്രയേലിന് ആയുധം നൽകുന്നത് യുഎസ് നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. "മഹ്‌മൂദിനെ മോചിപ്പിക്കുക, പലസ്തീനെ മോചിപ്പിക്കുക" എന്നെഴുതിയ ബോർഡുകൾ അവർ ഉയർത്തിപ്പിടിച്ചു.
ഖലീലിന്റെ അറസ്റ്റിനെതിരായ സമരം ആറു ദിവസം പിന്നിട്ടു. ഹമാസ് ഭീകരർക്കു വേണ്ടി പ്രചാരണം നടത്തി എന്ന കുറ്റമാണ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് ഖലീലിന്റെ മേൽ ചുമത്തിയത്.
ന്യൂ യോർക്കിൽ ട്രംപിന്റെ പേരിലുള്ള ചുരുക്കം കെട്ടിടങ്ങളിൽ ഒന്നാണ് 58 നിലകളുള്ള ട്രംപ് ടവർ. അദ്ദേഹത്തിന് അവിടെ വസതിയുണ്ട്.
യഹൂദരിൽ ഒരു വിഭാഗം പലസ്തീൻ വംശജരുടെ അവകാശങ്ങൾ അംഗീകരിക്കുന്നു. ഖലീലിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അവർ വാദിക്കുന്നു.
Jewish protest at Trump Tower supports Khalil