Image

സുദിക്ഷ കൊണാങ്കിയെ അന്വേഷിക്കാൻ ഇന്റർപോൾ വാറന്റ്; റൈബ് പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നില്ല (പിപിഎം)

Published on 14 March, 2025
സുദിക്ഷ കൊണാങ്കിയെ അന്വേഷിക്കാൻ ഇന്റർപോൾ വാറന്റ്; റൈബ് പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നില്ല (പിപിഎം)

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി സുദിക്ഷ കൊണാങ്കി (20) മുങ്ങി മരിച്ചതല്ല എന്ന നിഗമനം ശക്തിപ്പെടുന്നതിനിടയിൽ, യുവതിയെ ലോക വ്യാപകമായി അന്വേഷിക്കാൻ ഇന്റർപോൾ യെലോ വാറന്റ് പുറപ്പെടുവിച്ചു. അംഗ രാജ്യങ്ങൾക്കെല്ലാം വാറന്റ് ലഭിക്കും.  

അതേ സമയം, യൂണിവേഴ്സിറ്റി ഓഫ് പിറ്റസ്ബർഗ് വിദ്യാർഥിനിയായ കൊണാങ്കിയോടൊപ്പം അവസാനം ഉണ്ടായിരുന്ന മിനസോട്ട സെന്റ് ക്ലൗഡ്‌സ് യൂണിവേഴ്സിറ്റി വിദ്യാർഥി ജോഷ്വാ റൈബ് (22) പറയുന്നത് അവളെ കാണാതായ രാത്രിയിൽ കടലിൽ നിന്നു അവളെ രക്ഷിച്ചു എന്നാണ്. റൈബിന്റെ മേൽ കുറ്റങ്ങളൊന്നും ആരോപിച്ചിട്ടില്ലെങ്കിലും അയാളുടെ മൊഴി കേസിൽ സുപ്രധാനമാണ്.

കോളജ് ഗുസ്തി ചാമ്പ്യനായ റൈബ് പക്ഷെ അന്വേഷണ സംഘത്തിന്റെ എട്ടു ചോദ്യങ്ങൾക്കു മറുപടി നൽകിയിട്ടില്ല. ആവശ്യമില്ലെന്നു അഭിഭാഷകന്റെ ഉപദേശമുണ്ടെന്നു അയാൾ വാദിക്കുന്നു.

പുന്റ കാനായിലെ റിയൂ റിപ്പബ്ലിക്ക റിസോർട്ടിൽ കണ്ടുമുട്ടിയ ഉടൻ കൊണാങ്കി തന്നെ ബീച്ചിലേക്കു ക്ഷണിച്ചെന്നു റൈബ് പറയുന്നു. കടലിൽ ഇറങ്ങിയപ്പോൾ ദീർഘനേരം ചുംബിച്ചു.  അപ്പോൾ ശക്തമായ തിരയടിച്ചു.

അതിൽ പെട്ട് ഒഴുകി പോകാതെ അവളെ രക്ഷിച്ചു കരയിൽ എത്തിച്ചുവെന്നു ലൈഫ് ഗാർഡായി ജോലി ചെയ്തിട്ടുള്ള യുവാവ് പറഞ്ഞു. "പക്ഷെ ഞാൻ ഒട്ടേറെ വെള്ളം കുടിച്ചു. അതു കൊണ്ട് കരയിൽ എത്തിയപ്പോൾ ഞാൻ ഛർദിച്ചു. വല്ലാതെ ക്ഷീണിച്ചു പോയി.

"അവളും ക്ഷീണിച്ചിരുന്നു. ഞാൻ അവളെ എന്റെ കരങ്ങളിലാക്കിയാണ് കരയിലേക്കു നീന്തി കയറിയത്."

അത് വലിയ ക്ലേശകരമായ ജോലി ആയിരുന്നുവെന്നു റൈബ് പറഞ്ഞു. ബോധം നഷ്ടപ്പെടുമെന്നു ഭയന്നു.

കൊണാങ്കി വീണ്ടും വെള്ളത്തിൽ ഇറങ്ങി

കരയിൽ കയറിയിട്ടും കൊണാങ്കി വീണ്ടും വെള്ളത്തിൽ ഇറങ്ങിയെന്നു റൈബ് പറയുന്നു. അപ്പോഴാണ് അവളെ അവസാനമായി കണ്ടത്. "ഓകെയാണോ എന്നു ഞാൻ ചോദിച്ചു. മറുപടി കേട്ടില്ല. കാരണം ഞാൻ ഛർദിച്ചു തുടങ്ങി. കുടിച്ച വെള്ളം മുഴുവൻ ഛർദിച്ചു കഴിഞ്ഞു നോക്കുമ്പോൾ അവളെ കണ്ടില്ല. അവൾ റിസോർട്ടിലേക്കു പോയിക്കാണും എന്നു ഞാൻ കരുതി."

താൻ പിന്നീട് ഉറങ്ങിപ്പോയെന്നു റൈബ് പറയുന്നു. "സൂര്യൻ ഉദിച്ച ശേഷമാണു ഉണർന്നത്. കൊതുകുകടിയും ഉണ്ടായിരുന്നു. ഞാൻ കൂട്ടുകാരന്റെ മുറിയിൽ പോയി ഫോൺ വാങ്ങി എന്റെ മുറിയിൽ ഉറങ്ങാൻ പോയി."

റൈബും കൊണാങ്കിയും പുലർച്ചെ നാലു മണിക്ക് ബീച്ചിൽ കെട്ടിപ്പിടിച്ചു നടക്കുന്ന ദൃശ്യങ്ങൾ കാമറ പിടിച്ചെടുത്തു.

നിര്ണായകമെന്നു അന്വേഷണ സംഘം കരുതുന്ന എട്ടു കാര്യങ്ങളിൽ റൈബ് മറുപടി നൽകിയിട്ടില്ല. അയാൾ പറയുന്നതെല്ലാം പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടുമില്ല.

ചോദ്യങ്ങളിലൊന്നു കാർട്ടർ ജോസഫ് എന്ന സുഹൃത്തിനെ കുറിച്ചാണ്. അയാളോട് നിങ്ങൾ എന്തു പറഞ്ഞു എന്ന ചോദ്യത്തിനു റൈബ് മറുപടി നൽകുന്നില്ല.

സംശയങ്ങൾ ബാക്കിയാണെന്നു അന്വേഷണ സംഘം പറഞ്ഞു. മുങ്ങിമരണം എന്ന് എഴുതി തള്ളാൻ ആവില്ല.

കൊണാങ്കിയെ കാണാതായ രാത്രി ദ്വീപിൽ വൈദ്യുതി ഉണ്ടായിരുന്നില്ല എന്നതു കുറ്റകൃത്യങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

കാണാതാവും മുൻപ് യുവതി രണ്ടു വെൻമോ പണം ഇടപാടുകൾ നടത്തിയിരുന്നു. രണ്ടു പേർക്ക് പണം അയച്ചു.

Interpol alert issued over Konanki

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക