യുഎസ് ഗവൺമെന്റ് അടച്ചു പൂട്ടലിനു അഞ്ചു മണിക്കൂർ മുൻപ് വെള്ളിയാഴ്ച്ച അത് ഒഴിവാക്കുന്ന ബിൽ സെനറ്റ് പാസാക്കി. 10 ഡെമോക്രാറ്റിക് സെനറ്റർമാർ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു: 62-38.
റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു കെന്റക്കി സെനറ്റർ റാൻഡ് പോൾ പക്ഷെ ബില്ലിനെ എതിർത്തു.
സെപ്റ്റംബർ വരെ ഗവൺമെന്റ് ചെലവുകൾക്ക് ആവശ്യമായ പണം ഇതോടെ കോൺഗ്രസ് ലഭ്യമാക്കി. നേരത്തെ യുഎസ് ഹൗസ് 217-213 നാണു ബിൽ പാസാക്കിയത്.
പ്രസിഡൻറ് ട്രംപ് അംഗീകരിച്ചിട്ടുള്ള ബില്ലിനു സെനറ്റിൽ നിർദേശിക്കപ്പെട്ട നാലു ഭേദഗതികൾ വോട്ടിനിട്ടു തള്ളി.
സെനറ്റ് മൈനോറിറ്റി ലീഡർ ചക് ഷൂമർ (ഡെമോക്രാറ്റ്-ന്യൂ യോർക്ക്) ബുധനാഴ്ച്ച ബില്ലിനെ എതിർത്തെങ്കിലും യുവ ഡെമോക്രാറ്റുകൾ അദ്ദേഹത്തിന്റെ നിലപാടിനെ അപലപിച്ചതിനെ തുടർന്നു വ്യാഴാഴ്ച്ച ഷൂമർ പിന്തുണ പ്രഖ്യാപിച്ചു.
തികച്ചും റിപ്പബ്ലിക്കൻ എന്നു പറയാവുന്ന ബിൽ പാസാക്കാൻ ഡെമോക്രാറ്റിക് അംഗങ്ങൾ സഹായിച്ചതോടെ പാർട്ടിയിലെ ഭിന്നത രൂക്ഷമായി. ഹൗസിൽ മൈനോറിറ്റി ലീഡർ ഹകീം ജെഫ്രിസ് എതിർത്തപ്പോൾ മറ്റു ഡെമോക്രറ്റുകളും അദ്ദേഹത്തോടൊപ്പം നിന്നിരുന്നു. എന്നാൽ ഷൂമർ ബില്ലിനെ തുണച്ചത് അവരിൽ രോഷമുണ്ടാക്കി.
ഏറ്റവും ശക്തമായി പ്രതികരിച്ചത് ന്യൂ യോർക്ക് റെപ്. അലെക്‌സാൻഡ്രിയാ ഓകാഷ്യോ കോർട്ടസ് (എ ഓ സി) ആണ്. ഷുമർക്കെതിരെ പാർട്ടിയിൽ മൊത്തം രോഷം ആളിക്കത്തുകയാണെന്നു അവർ പറഞ്ഞു.
മുൻ സ്പീക്കർ നാൻസി പെലോസിയും പേര് പറയാതെ ഷൂമറെ ആക്രമിച്ചു. "സ്ത്രീകൾക്കു ചെവി കൊടുക്കണം," ബില്ലിനെ എതിർത്ത ഡെമോക്രറ്റിക് അംഗങ്ങളെ പരാമർശിച്ചു അവർ പറഞ്ഞു. "30 ദിവസത്തെ അനുമതി മാത്രമേ നൽകാൻ പാടുള്ളായിരുന്നു."
പ്രതിരോധ ആവശ്യങ്ങൾക്കു ബില്ലിൽ $6 ബില്യൺ അനുവദിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ നാട് കടത്താൻ നേതൃത്വം നൽകുന്ന ഐ സി ഇക്കു $10 ബില്യൺ കിട്ടും.
ബിൽ പാസായില്ലെങ്കിൽ ട്രംപിനു കൂടുതൽ അധികാരങ്ങൾ ലഭിക്കുമെന്നും അദ്ദേഹത്തിന്റെ വലംകൈയായ എലോൺ മസ്കിനു അഴിഞ്ഞാടാൻ കഴിയുമെന്നും പിന്തുണ നൽകിയ ഡെമോക്രറ്റുകൾ വാദിച്ചു.
Senate passes bill to avert shutdown