തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിന് അയച്ച ശരീരഭാഗങ്ങള്‍ കാണാതായ സംഭവത്തില്‍ ആശുപത്രി ജീവനക്കാരന് സസ്പെന്‍ഷന്‍. ഹൗസ് കീപ്പിങ് വിഭാഗം ജീവനക്കാരന്‍ അജയകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ശസ്ത്രക്രിയ നടത്തിയവരുടെ തുടര്‍ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതിന് നിര്‍ണായകമായ സ്പെസിമെനുകളായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കാണാതായത്. ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം സ്പെസിമെനുകള്‍ അലക്ഷ്യമായ രീതിയില്‍ ഇട്ടതാണ് അനാസ്ഥയ്ക്ക് വഴിവെച്ചതെന്നാണ് കണ്ടെത്തല്‍. ശസ്ത്രക്രിയക്ക് ശേഷം സാമ്പിളുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലാക്കി അലക്ഷ്യമായി ഇടുകയായിരുന്നു.
ഇത്തരത്തില്‍ സാമ്പിളുകള്‍ സൂക്ഷിച്ച ടിന്നുകള്‍ മെഡിക്കല്‍ കോളേജിന്റെ പരിസരത്ത് ആക്രിപെറുക്കാന്‍ വന്നയാള്‍ മാറിയെടുത്തുകൊണ്ട് പോവുകയായിരുന്നുവെന്നാണ് വിവരം. തിരികെ വന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ടിന്നുകള്‍ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കി. ആക്രിയെടുക്കാന്‍ വന്നയാള്‍ പരിശോധനാ സാമ്പിളുകള്‍ മാറിയെടുത്തതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍