Image

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ കാര്‍ഷിക മേള മാര്‍ച്ച് 22-ന്

രാജു മൈലപ്ര Published on 16 March, 2025
മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ കാര്‍ഷിക മേള മാര്‍ച്ച് 22-ന്

ടാമ്പാ: പ്രവര്‍ത്തനമികവിന്റെ സാക്ഷിപത്രവുമായി, മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ പ്രസിഡന്റ് ശ്രീ. ജോണ്‍ കല്ലോലിക്കലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി, അടുത്ത പ്രോഗ്രാമായ ' കാര്‍ഷിക മേള' വിപുലമായ പരിപാടികളോടുകൂടി നടത്തുവാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തീകരിച്ചുവരുന്നു.

മാര്‍ച്ച് 22-ന് ശനിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ടാമ്പായിലെ ക്‌നായി തൊമ്മന്‍ ഹാളിലാണ് കാര്‍ഷിക മേള അരങ്ങേറുന്നത്.

MAT മുന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ. സണ്ണി മറ്റമനയും, ശ്രീ ബിഷിന്‍ ജോസഫുമാണ് കാര്‍ഷികമേളയുടെ ഏകീകരണം പ്രാവര്‍ത്തികമാക്കുന്നത്. എല്ലാ കമ്മിറ്റിയംഗങ്ങളും ഈ മേളയുടെ വിജയത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു.

തേന്‍ കിനിയുന്ന മാധുര്യമുള്ള വിവിധ ഇനത്തില്‍പ്പെട്ട ഇരുപതിനം മാവിന്‍ തൈകള്‍, തെങ്ങിന്‍ തൈകള്‍, അവക്കാഡോ, വാഴവിത്തുകള്‍, കപ്പത്തണ്ട്, കറിവേപ്പിന്‍ തൈകള്‍, തുടങ്ങിയവ കൂടാതെ പാവയ്ക്ക, പടവലങ്ങ, വെണ്ട, വഴുതന, ചീര മുതലായവയുടെ വിത്തുകളും ലഭ്യമാണ്.

സാമ്പത്തിക വിദഗ്ധരുടെ സൗജന്യ ഉപദേശം, ശ്രീമതി ഷീറാ ഭഗവത്തുള്ളയുടെ കുട്ടികള്‍ക്കുള്ള ഡാന്‍സ് വര്‍ക്ക് ഷോപ്പ്, കാര്‍ഷിക വിദഗ്ധരുമായി കൃഷിയെപ്പറ്റിയുള്ള സംശയനിവാരണങ്ങള്‍ അങ്ങനെ വിവിധ സേവനങ്ങളും 'കാര്‍ഷിക മേള'യുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ കൈയ്യിലുള്ള കാര്‍ഷിക വിത്തുകളും, തൈകളും, ചെടികളും മറ്റുള്ളവരുമായി കൈമാറുന്നതിനുള്ള ഒരവസരം കൂടിയാണിത്.

ഗൃഹാതുരത്വമുണര്‍ത്തുന്ന രുചിയേറും നാടന്‍ വിഭവങ്ങളുമായി പ്രവര്‍ത്തിക്കുന്ന 'തട്ടുകട'  ആണ് ഈ മേളയുടെ ഒരു പ്രധാന ആകര്‍ഷണം.

ദോശ, മസാല ദോശ, ഇഡ്ഡലി, കപ്പ, മീന്‍കറി, ചപ്പാത്തി, ചിക്കന്‍ കറി, ഓംലെറ്റ് അങ്ങനെ വിഭവങ്ങളുടെ ഒരു കലവറ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.

ഈ കാര്‍ഷികമേള നടത്തുന്നതിനായി 'ക്‌നായി തൊമ്മന്‍ ഹാള്‍' സൗജന്യമായി വിട്ടുനല്‍കിയ ഉടമ ശ്രീ. ജോസ് കിഴക്കനടിയിലിനോടുള്ള നന്ദി കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍ അറിയിച്ചു.

കുടുംബ സമേതം ഈ 'കാര്‍ഷിക മേള'യില്‍ പങ്കെടുത്ത് ഇതൊരു വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക