ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധി ആഘോഷിക്കാനെത്തി കാണാതായ ഇന്ത്യൻ വംശജയായ യുഎസ് വിദ്യാർത്ഥിനിയുടെ തിരോധാനത്തിൽ ദുരൂഹതയേറുന്നു. പിറ്റ്സ്ബർഗ് സർവകലാശാലയിൽ പഠിക്കുന്ന സുദിക്ഷ കൊനാങ്കിയെയാണ് (20) മാർച്ച് ആറ് മുതൽ കാണാതായത്. അഞ്ച് സൃഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ എത്തിയ ശേഷമാണ് യുവതിയെ കാണാതാകുന്നത്. കഴിഞ്ഞ ദിവസം സുദിക്ഷയുടെ വസ്ത്രവും ചെരിപ്പും ബീച്ചിനു സമീപമുള്ള കസേരയിൽ നിന്ന് ലഭിച്ചിരുന്നു. ഇപ്പോൾ, സുദിക്ഷ അപ്രത്യക്ഷയാകുന്നതിന് തൊട്ടുമുൻപ് ഒരു ബാറിൽ നിൽക്കുന്ന ദൃശ്യങ്ങളാണ് പ്രാദേശിക മാധ്യമമായ നോട്ടിസിയ സിൻ പുറത്തുവിട്ടിരിക്കുന്നത്.
റിസോർട്ടിലെ ബാറിൽ സുദിക്ഷ സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചുനിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ പൊലീസിന്റെ സംശയ നിഴലിലുള്ള പുരുഷ സുഹൃത്ത് ജോഷ്വാ സ്റ്റീവ് റൈബ് എന്ന അമേരിക്കൻ സ്വദേശിയെയും വീഡിയോയിൽ കാണാം. ഇയാൾ മദ്യപിച്ച് ആടിക്കുഴഞ്ഞാണ് നിൽക്കുന്നത്.കാണാതാകുന്നതിന് മുമ്പ് സുദിക്ഷയും 24 കാരനായ ജോഷ്വായും റിസോർട്ടിന്റെ നടപ്പാതയിലൂടെ കൈകോർത്ത് നടക്കുന്നതിന്റെ വീഡിയോ ആദ്യം പുറത്തുവന്നിരുന്നു. അതിനു ശേഷമാണ് ബാറിൽ അഞ്ചു സുഹൃത്തുക്കൾ എത്തിയതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബീച്ചിൽ അപ്രത്യക്ഷയാകുന്നതിന് മുൻപ് സുദിക്ഷ ധരിച്ച വസ്ത്രമാണ് ഈ വീഡിയോയിലുമുള്ളത്. സുദിക്ഷ ഛർദിക്കാനായി കുനിയുന്നത് വീഡിയോയിൽ കാണാം.
അതേസമയം, യുവതി സന്തോഷത്തോടെ ചാടുന്നതും വനിതാ സുഹൃത്തിനെ കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ സുദിക്ഷയും യുവാവും ഈ വീഡിയോയിൽ സംസാരിക്കുന്നില്ല. അതേസമയം, ജോഷ്വാ ബാറിന് പുറത്ത് നടക്കാൻ ബുദ്ധിമുട്ടുന്നത് വീഡിയോയിലുണ്ട്. ഒരു ഘട്ടത്തിൽ പിന്നിലേക്ക് ഇടറി വീഴുന്നതും കാണാം. ബാറിൽ നിന്ന് സംഘം നേരെ ബീച്ചിലേക്കാണ് പോയത്. അവിടെ വച്ചാണ് വിദ്യാർത്ഥിനിയെ കാണാതാകുന്നത്. ബിക്കിനിക്കു മുകളിൽ ധരിച്ചിരുന്ന നെറ്റിന്റെ വസ്ത്രമാണ് കഴിഞ്ഞ ദിവസം ബീച്ചിനു സമീപത്തു നിന്ന് ലഭിച്ചത്. അതിനാൽ ഈ വസ്ത്രം ഊരിയിട്ട ശേഷം സുദിക്ഷ കടലിലേക്ക് ഇറങ്ങി എന്നാണ് പൊലീസിന്റെ നിഗമനം.
ഇത്രയും നാളായിട്ടും കണ്ടെത്താത്തതിനാൽ സുദിക്ഷ മുങ്ങിമരിച്ചിരിക്കാമെന്നാണ് അധികൃതർ സംശയിക്കുന്നത്. എന്നാൽ സുദിക്ഷയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സുദിക്ഷയെ കാണാതായ ശേഷം ജോഷ്വാ സ്റ്റീവ് റൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അതേസമയം താൻ നിരപരാധിയാെണന്നാണ് ജോഷ്വയുടെ നിലപാട്. തെളിവുകൾ ഇല്ലാത്തതിനാൽ ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ല.
English summery:
Indian Student Seen at a Bar Before Disappearing; Male Friend Found Intoxicated and Unsteady