Image

പെൺകുട്ടിക്ക് ഭക്ഷണത്തിൽ രാസലഹരി കലർത്തി നൽകി പീഡനം; 23 കാരൻ അറസ്റ്റിൽ

Published on 17 March, 2025
പെൺകുട്ടിക്ക് ഭക്ഷണത്തിൽ രാസലഹരി കലർത്തി നൽകി പീഡനം;  23 കാരൻ അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടിക്ക് രാസലഹരി ഭക്ഷണത്തിൽ കലർത്തി നൽകി ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച കേസിൽ 23 കാരൻ അറസ്റ്റിൽ. വേങ്ങര ചേറൂർ ആലുങ്ങൽ അബ്ദുൾ ഗഫൂർ ആണ് പൊലീസിന്റെ പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം കോട്ടക്കൽ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.  

പെൺകുട്ടി അറിയാതെ രാസലഹരി ഭക്ഷണത്തിൽ കലർത്തി നൽകി ലഹരിക്ക് അടിമയാക്കിയാണ് വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. പ്രണയം നടിച്ച് 2020 മുതൽ പലതവണയായി പീഡിപ്പിച്ചു. 2025 വരെ പീഡനം തുടർന്നുവെന്ന് പൊലീസ് പറഞ്ഞു.

പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും പെൺകുട്ടിയിൽ​ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും മാറ്റങ്ങൾ ശ്രദ്ധയിൽപെട്ട വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ലഹരിക്ക് അടിമയാണെന്ന് തിരിച്ചറിയുന്നത്. 

ലഹരിയിൽ നിന്ന് മുക്തി നേടിയ ശേഷമാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പെൺകുട്ടി പുറത്തു പറയുന്നത്. പെൺകുട്ടി പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് യുവാവ് ഇൻസ്റ്റഗ്രാമിലൂടെ അടുപ്പത്തിലാകുന്നത്. 2020 മുതൽ ശാരീരികമായി ഉപദ്രവിച്ചു വരികയായിരുന്നു. പ്രതി അബ്ദുൾ ഗഫൂർ മുൻപും ലഹരി കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക